![DANAHA 6](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/DANAHA-6.jpg?resize=600%2C600&ssl=1)
മിശിഹായില്‍ സ്‌നേഹം നിറഞ്ഞവരെ,
കൂട്ടത്തില്‍നിന്നു പണി പഠിച്ച ഒരാള്‍ പോയി പുതിയ ബിസിനസ് തുടങ്ങിയ അവസ്ഥയാണ് സുവിശേഷത്തില്‍. സ്‌നാപകന്റെ പക്കല്‍നിന്നു സ്‌നാനം സ്വീകരിച്ചു. അതിന്റെ തണുപ്പ് മാറുംമുമ്പേ ഈശോ പോയി ഒറ്റയ്ക്ക് സ്‌നാനം കൊടുത്തുതുടങ്ങി. ഈശോ ചെയ്തത് ശരിയാണോയെന്നു ചോദിച്ചാല്‍ അല്ലെന്നാണ് യോഹന്നാന്റെ ശിഷ്യന്മാരുടെ അഭിപ്രായം. എന്നാല്‍, യോഹന്നാന്‍ അതിനെ നല്ല സെന്‍സോടുകൂടെ എടുക്കുന്നു. കൂടെനിന്നവന്‍ വളരുമ്പോള്‍ യോഹന്നാന്‍ സന്തോഷിക്കുന്നു.
വി. യോഹന്നാന്റെ സുവിശേഷത്തില്‍ അടയാളങ്ങളുടെ പുസ്തകം എന്നറിയപ്പെടുന്ന ആദ്യഭാഗത്ത് യേശുവിന്റെ ആദ്യത്തെ ജെറുസലേം യാത്രയ്ക്കിടയില്‍ സംഭവിച്ച കാര്യങ്ങളാണ് ഇന്നത്തെ വിചിന്തനവിഷയം. യേശുവിന്റെ പരസ്യജീവിതത്തോടും ദൈവരാജ്യത്തിന്റെ ശുശ്രൂഷകളോടുമുള്ള രണ്ടുതരം പ്രതികരണങ്ങളാണ് ഈ സുവിശേഷഭാഗത്തിന്റെ അന്തസത്ത.
ദനഹാക്കാലം യേശുവിന്റെ ദൈവികതയുടെ വെളിപ്പെടുത്തലിന്റെ കാലമാണല്ലോ. യേശുവില്‍ വെളിപ്പെടുത്തപ്പെട്ട ദൈവികശക്തിയോട് അനുകൂലവും പ്രതികൂലവുമായി പ്രതികരിക്കാനുള്ള രണ്ടു സാധ്യതകളാണ് ഓരോ വിശ്വാസിയുടെയും മുമ്പിലും ഇന്നത്തെ സുവിശേഷം തുറന്നുവയ്ക്കുന്നത്.
”ഭൂമിയില്‍ നിന്നുള്ളവന്‍ ഭൗമിക കാര്യങ്ങള്‍ സംസാരിക്കുന്നു. എന്നാല്‍ ഉന്നതത്തില്‍ നിന്നുള്ളവന്‍ എല്ലാവര്‍ക്കുമുപരിയാണ്” (3:31). യേശുവിനെപ്പറ്റിയാണ് യോഹന്നാന്‍ ഇത് പറഞ്ഞത്. അങ്ങനെയെങ്കില്‍ ഭൗമികമായവയില്‍ നിന്നുമാണ് നിന്നോടുള്ള ആഹ്വാനം. ഉന്നതങ്ങളില്‍നിന്ന് സ്വീകരിക്കുന്നവന് ക്രമേണ ഉയര്‍ന്നുചിന്തിക്കാനാകും, അവന്റെ കാഴ്ചപ്പാട് വിശാലമാക്കാനാകും, അവന്റെ ഹൃദയം കരുണാര്‍ദ്രമാക്കാനാകും. ഇതു തന്നെയാണ് യേശു മലയിലെ പ്രസംഗത്തില്‍ നിര്‍ദേശിച്ചത്. ”നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ്പ രിപൂര്‍ണ്ണനായിരിക്കുന്നതുപോലെ…” (മത്തായി 5:45).
ഇന്നത്തെ വചനഭാഗത്തില്‍ രണ്ടു പ്രതികരണങ്ങളാണ് നാം കാണുന്നത്. യേശുവിന്റെ സ്‌നാനത്തെയും അവനിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നതിനെക്കുറിച്ചും അറിയുന്ന സ്‌നാപകന്റെ ശിഷ്യരുടേതാണ് ആദ്യ പ്രതികരണം. അത് അസൂയയുടെ അസ്വസ്ഥത നിറഞ്ഞ പ്രതികരണമാണ്. തങ്ങളുടെ ഗുരുവിനെക്കാള്‍ യേശുവിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത് സ്‌നാപകന്റെ ശിഷ്യര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല.
വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യതാളുകള്‍ മുതല്‍ മനുഷ്യനില്‍ കാണുന്ന പാപമാണ് അസൂയ. കായേനില്‍ തുടങ്ങി യാക്കോബിന്റെ ഭാര്യമാരായ റാഹേലിലും ലെയായിലും ഇസ്രായേലിലെ ആദ്യത്തെ രാജാവായ സാവൂളിലും നാം അസൂയയുടെ നിഴല്‍ കാണുന്നുണ്ട്. എന്നാല്‍ സ്‌നാപകന്റെ ഭാവമാകട്ടെ നമ്മുടെ മാതൃക. അയാള്‍ക്ക് യേശുവിനെക്കുറിച്ചുള്ള വാര്‍ത്ത സുവിശേഷമാണ്. അത് അയാളില്‍ ആനന്ദമാണ് ഉളവാക്കുന്നത്. ”എന്റെ സന്തോഷം ഇപ്പോള്‍ പൂര്‍ണ്ണമായിരിക്കുന്നു” എന്നാണ് യോഹന്നാന്‍ പ്രതിവചിക്കുന്നത്. ആനന്ദത്തിന്റെ പൂര്‍ണ്ണത, നസ്രായനായ ആ 33 വയസ്സുകാരനില്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത് കാണുമ്പോഴാണ് എന്ന വലിയ യാഥാര്‍ഥ്യം ഈ വാചകത്തില്‍ അന്തര്‍ലീനമായിട്ടുണ്ട്. സ്‌നാപകയോഹന്നാനെപ്പോലെ സ്വര്‍ഗത്തില്‍ നല്‍കപ്പെടുന്ന കൃപകളെ തിരിച്ചറിയാനും സന്തോഷിക്കാനും നമുക്കു സാധിക്കട്ടെ.
സഹോദരന്റെ വളര്‍ച്ചയില്‍ അസ്വസ്ഥരാകുന്ന കായേന്റെയും സാവൂളിന്റെയും ദുരാത്മാക്കള്‍ ആത്മീയശുശ്രൂഷകരെ നിഴലായി പിന്തുടരുന്നു എന്നതാണ് സത്യം. എത്രയെത്ര കൃപയുള്ള, കഴിവുകളുള്ള മനുഷ്യരാണ് നമുക്കിടയില്‍ അരിഞ്ഞുവീഴ്ത്തപ്പെടുകയും നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്നും പല ഒതുക്കലുകളുടെയും തിരസ്‌കരണങ്ങളുടെയും പിറകില്‍ അസൂയ അല്ലാതെ മറ്റെന്താണ്? ഉന്നതത്തില്‍നിന്നുള്ള കൃപകള്‍ സ ഹോദരങ്ങളിലൂടെ വര്‍ഷിക്കപ്പെടുന്നത് കാണുമ്പോള്‍ അസൂയയ്ക്കുപകരം ആനന്ദം നിറയാന്‍ നമുക്ക് സാധിക്കട്ടെ. അപരന്റെ നന്മയും വളര്‍ച്ചയും എന്റേതുമാണ് എന്നു കരുതി നമുക്ക് ആനന്ദത്തില്‍ നിറയാം.
ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമേന്‍.
ബ്രദര്‍ എബിന്‍ പുത്തന്‍കളത്തില്‍ MCBS