ഞായർ പ്രസംഗം: ദനഹാക്കാലം അഞ്ചാം ഞായർ, ഫെബ്രുവരി 02, യോഹ. 3: 14-21 അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക്

വെളിച്ചമായി ലോകത്തിലേക്കു വന്ന മിശിഹാ താനാണെന്നും എന്തിനായിട്ടാണ് താന്‍ ലോകത്തിലേക്കു വന്നതെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന സുവിശേഷഭാഗമാണിത്. നിക്കോദേമോസുമായി വീണ്ടും ജനനത്തെക്കുറിച്ചു സംസാരിച്ച മിശിഹാ തുടര്‍ന്നുനടത്തുന്ന വെളിപ്പെടുത്തലായിട്ടാണ് യോഹന്നാന്‍ ഇത് നല്‍കുന്നത്. ദനഹാക്കാലത്ത് ഈശോ നമുക്കു നല്‍ കുന്ന ഈ സ്വയം വെളിപ്പെടുത്തലിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം.

മനുഷ്യചരിത്രം വര്‍ഗസംഘര്‍ഷത്തിന്റെ ചരിത്രമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള നിരന്തരമായ യുദ്ധത്തിന്റെ ചരിത്രമാണെന്നു പഠിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണിത്. വാസ്തവത്തില്‍, മൗലികവും യഥാര്‍ഥവുമായ സംഗതി മനുഷ്യജീവിതം സംഘര്‍ഷങ്ങളുടെ ഭൂമികയെന്നതാണ്. നന്മയും തിന്മയും തമ്മില്‍ സത്യവും അസത്യവും തമ്മില്‍ വെളിച്ചവും ഇരുട്ടും തമ്മിലുള്ള നിരന്തരമായ സംഘര്‍ഷത്തിന്റെ അനുഭവം നമ്മുടെ ജീവിതത്തിലുമുണ്ട്. നന്മയും തിന്മയും രണ്ട് തുല്യസാധ്യതകളായി നമ്മുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഏതാണ് നാം തിരഞ്ഞെടുക്കുന്നത് എന്നതാണ് പ്രധാനം. ഈ തിരഞ്ഞെടുപ്പാണ് ജീവിതത്തിന്റെ ആത്യന്തികലക്ഷ്യത്തെയും ഓരോ ദിവസത്തെ അനുഭവങ്ങളെയും നിയന്ത്രിക്കുന്നത്.

പ്രകാശം ലോകത്തില്‍ വന്നിട്ടും മനുഷ്യന്‍ അന്ധകാരത്തെ സ്‌നേഹിച്ചുവെന്ന് കര്‍ത്താവ് പറയുന്നു. മനഃപൂര്‍വം തിന്മയെ, അന്ധകാരത്തെ, മരണത്തെ, നാശത്തെ തിരഞ്ഞെടുക്കുന്ന മനുഷ്യരെക്കുറിച്ചാണ് കര്‍ത്താവ് സംസാരിക്കുന്നത്. മനുഷ്യന്‍ ദുര്‍ബലനാണ്. പാപത്തിലേക്കു ചാഞ്ഞിരിക്കുന്ന പ്രകൃതമാണ് അവന്റേത്. പിശാച് അവനില്‍ താല്‍പര്യം വച്ചിരിക്കുന്നു. പക്ഷേ, അവന്‍ നിസ്സഹായനല്ല. മനുഷ്യനെ സഹായിക്കാന്‍ മനസ്സുള്ള ദൈവം രക്ഷകനായി മനുഷ്യചരിത്രത്തിലേക്ക് ഇറങ്ങിവന്നു. ഈ രക്ഷാകരചരിത്രത്തിന്റെ ക്ലൈമാക്‌സ് എന്താണെന്ന് കര്‍ത്താവ് പറയുന്നത് ഇപ്രകാരമാണ്: “മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.”

ഇങ്ങനെ മനുഷ്യനെ സ്‌നേഹിച്ചും അവനുവേണ്ടി സഹിച്ചും മരിച്ചുമാണ് ദൈവം മനുഷ്യനെ രക്ഷിച്ചത്. എന്നാല്‍ മനഃപൂര്‍വം രക്ഷയെ അവഗണിക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കുമെന്നാണ് കര്‍ത്താവ് പറയുന്നത്. വിളമ്പിനല്‍കുന്ന ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതെ പഞ്ഞം കിടന്നു മരിക്കുന്നതുപോലെയാണിത്. ഉറവയുടെ സമീപത്ത് വാശിപൂര്‍വം ജലപാനം നടത്താതെ ദാഹിച്ചുവലയുന്നതുപോലെയാണിത്. ഇതിനെയാണ് പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിക്കുക എന്നു വിളിക്കേണ്ടത്; ജീവനെക്കാളധികമായി മരണത്തെ സ്‌നേഹിക്കുക എന്നുപറയേണ്ടത്.

അന്ധകാരത്തെ സ്‌നേഹിച്ചിരുന്ന നിക്കേദേമൂസ് സത്യപ്രകാശമായ ഈശോയുടെ പക്കലേക്കു വരുന്ന രംഗത്തിനുശേഷമാണ് കര്‍ത്താവ് ഇക്കാര്യം പ്രസ്താവിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ജീവിതം വെളിച്ചത്തിന്റെ സാക്ഷ്യമായിരുന്നല്ലോ. ഇരുട്ടിന്റെ പ്രവര്‍ത്തികളെ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിച്ച് പകലിനു യോജിച്ചവിധം പെരുമാറാന്‍ ആരംഭിച്ച അഗസ്തീനോസ് പുണ്യാളന്റെ ജീവിതം എന്തു വലിയ സാക്ഷ്യമാണ് നമ്മുടെ ജീവിതത്തിനു നല്‍കുന്നത്. ഈ മാറ്റവും വളര്‍ച്ചയും രക്ഷനേടലും നമ്മുടെ ആഗ്രഹത്തിന്റെയും തീരുമാനത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും ഫലമാണ്. ജീവിതത്തില്‍ നമുക്ക് രണ്ട് തിരഞ്ഞെടുപ്പുകളുണ്ട്. ഒന്ന്, ഇരുട്ടില്‍ കഴിയാം. രണ്ട്, വെളിച്ചത്തു വരാം. രക്ഷാകരചരിത്രത്തിലും സഭാചരിത്രത്തിലും വിശുദ്ധരുടെ ജീവിതത്തിലും മാത്രമല്ല, നമ്മുടെ ജീവിതത്തിലും തിന്മയെ വിട്ട് നന്മയെ സ്വീകരിക്കുമ്പോള്‍ നാം ദീപസ്തംഭങ്ങളായി മാറുന്നു. തിന്മയില്‍ ശീലിച്ച മനുഷ്യനില്‍പോലും നന്മയുടെ സംസ്‌കൃതി രചിക്കാന്‍ സാധിക്കുമെന്ന് ജര്‍മന്‍ തത്വചിന്തകന്‍ എമ്മാനുവേല്‍ കാന്റ് പറയുന്നുണ്ട്.

യേശുവില്‍ വിശ്വസിക്കുകയും അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് ജീവിതത്തെ നയിക്കുകയും ചെയ്യുന്നതിലൂടെ ദൈവഹിതമനുസരിച്ചുള്ള പ്രവര്‍ത്തിയില്‍ ജീവിക്കാന്‍ നമുക്ക് സാധിക്കും. അതുപോലെയാണ് ദൈവൈക്യത്തിലുള്ള ജീവിതവും.

ബ്രദര്‍ നിബിന്‍ കൊണ്ടാട്ടുപറമ്പില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.