ഞായർ പ്രസംഗം: ദനഹാക്കാലം നാലാം ഞായർ, ജനുവരി 26 യോഹ. 2: 1-11 കര്‍ത്താവിന്റെ സമയം മാറ്റുന്ന അമ്മ

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ പ്രിയ മാതാപിതാക്കളെ, സഹോദരീസഹോദരന്മാരെ, കുഞ്ഞുമക്കളെ,

ദനഹാക്കാലം നാലാം ആഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. ഇന്ന് തിരുസഭാമാതാവ് വിചിന്തനത്തിനായി നമുക്ക് നല്‍കിയിരിക്കുന്നത് വി. യോഹന്നാന്റെ സുവിശേഷം രണ്ടാം അധ്യായം ഒന്നുമുതല്‍ 11 വരെയുള്ള വാക്യങ്ങളാണ്. ഒരുപക്ഷേ, നമ്മുടെ കാതുകള്‍ കേട്ടുതഴമ്പിച്ച സുവിശേഷഭാഗമാണ് കാനായിലെ വിവാഹവിരുന്ന്. നമുക്ക് അറിയാവുന്നതുപോലെ, ഈ ദനഹാക്കാലത്തില്‍ യേശുക്രിസ്തുവിന്റെ പരസ്യജീവിതയാത്രാ സംഭവങ്ങളിലൂടെയാണ് സഭാമാതാവ് നമ്മെ ബോധവത്കരിക്കുന്നത്. പിതാവായ ദൈവം മനുഷ്യമക്കളോടുള്ള അതിയായ സ്‌നേഹത്തെപ്രതി തന്റെ സ്വപുത്രനെത്തന്നെ ലോകത്തിലേക്ക് അയയ്ക്കുന്നത് അവനിലൂടെ, അവന്റെ നാമത്തിലൂടെ സകലരും രക്ഷപ്രാപിക്കാനാണ്. നമ്മുടെ ഇടയിലേക്ക് ഇറങ്ങിവന്ന ക്രിസ്തുവിന്റെ ദൈവികത്വവും മനുഷ്യത്വവും അതിന്റെ പൂര്‍ണ്ണതയില്‍ നമുക്ക് മനസ്സിലാക്കി ത്തരുന്ന സുവിശേഷഭാഗമാണ് കാനായിലെ വിവാഹവിരുന്ന്.

ഇവിടെ നമ്മള്‍ കണ്ടുമുട്ടുന്ന പ്രധാനപ്പെ ട്ട വ്യക്തിയാണ് പരിശുദ്ധ അമ്മ. ആ ഭവനത്തില്‍ വിരുന്നില്‍ പങ്കുചേരാന്‍ വിളിക്കപ്പെട്ടവരായിരുന്നു ഈശോയും മാതാവും ശിഷ്യന്മാരും. പെട്ടെന്നാണ് അവിടെയൊരു പ്രതിസന്ധി ഉടലെടുക്കുന്നത്. മൂന്നാം വാക്യത്തില്‍ നാം വായിക്കും, അവിടെ വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു അവര്‍ക്ക് വീഞ്ഞില്ല. ഒരുപക്ഷേ നമ്മുടെയൊക്കെ ജീവിതത്തിലും ഇതുപോലെ ഒരു അവസ്ഥയില്‍ക്കൂടി നമ്മള്‍ കടന്നുപോയിട്ടുണ്ടാവും.

നമ്മുടെയൊക്കെ ഭവനങ്ങളിലും ആഘോഷങ്ങള്‍ നടത്താറുണ്ട്. അതില്‍ എന്തെങ്കിലും കുറവ് വന്നാല്‍ നമ്മുടെ അമ്മമാര്‍ പെട്ടെന്ന് അത് തിരിച്ചറിയും. ചിലപ്പോഴൊക്കെ ഇരുചെവി അറിയാതെ ആ പ്രശ്‌നം പരിഹരിക്കും. അല്ലെങ്കില്‍ നമ്മളെ വിളിച്ചിട്ടു പറയും ”മോനേ/ മോളേ, കടയില്‍ പോയി കുറച്ച് ഭക്ഷണം വാങ്ങി വാ. അല്ലെങ്കില്‍ അരി വാങ്ങിയിട്ടു വാ.” ആ ഒരു സമയത്ത് അമ്മ പറയുന്ന കാര്യങ്ങള്‍ നിരസിക്കാന്‍ നമുക്ക് സാധിക്കില്ല. അതുപോലെയൊരു സാഹചര്യമാണ് ഇന്ന് നാം സുവിശേഷത്തിലും കണ്ടുമുട്ടുന്നത്.

അവിടെയുണ്ടായ ആ പ്രതിസന്ധി വിവേകപൂര്‍വം അമ്മ തിരിച്ചറിഞ്ഞു. ആ കുടുംബത്തെ വലിയൊരു അപമാനത്തില്‍നിന്നും കരകയറ്റാന്‍ ഉടനടി പരിശുദ്ധ അമ്മ കര്‍ത്താവിനോടു പറയുകയാണ്, ”മകനേ, അവര്‍ക്കു വീഞ്ഞില്ല.” ഉടനെ ഈശോ അവരോടു പറഞ്ഞു: ”എന്റെ സമയം ആയിട്ടില്ല അമ്മേ. ഞാന്‍ ഇപ്പോള്‍ ഇത് ചെയ്യണോ.” അതിന് പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ അമ്മ പറഞ്ഞു: ”അവന്‍ നിങ്ങളോടു പറയുന്നതുപോലെ നിങ്ങള്‍ ചെയ്യുവിന്‍.” അതെ, ക്രിസ്തുവിന്റെ – ദൈവത്തിന്റെ സമയം മാറ്റിവയ്ക്കാന്‍ കഴിയുന്ന അമ്മ.

തന്റെ പുത്രനില്‍ ഒരമ്മയ്ക്കുണ്ടാകുന്ന ഒരു ആത്മവിശ്വാസം! തന്റെ മകനെ പൂര്‍ണ്ണമായും മനസ്സിലാക്കിയ അമ്മ അവന് ഒരു തുടക്കമിട്ടുകൊടുക്കുകയാണ്. ക്രിസ്തുവിന് ഭൂമിയില്‍ പിറന്നുവീഴാന്‍ തുടക്കമിട്ട അമ്മതന്നെ അവന്റെ ശുശ്രൂഷയ്ക്ക് തുടക്കമിട്ടുകൊടുക്കുകയാണ്. ഈ അമ്മ പറഞ്ഞാല്‍ ക്രിസ്തുവിന് സമയനോട്ടമില്ല എന്ന് സുവിശേഷം നമുക്ക് മനസ്സിലാക്കിത്തരുന്നു.

നമ്മുടെ ജീവിതയാത്രയില്‍ വീഞ്ഞ് തീര്‍ന്നുപോകുന്ന ഒത്തിരി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. വിശ്വാസത്തിന്റെ, സന്തോഷത്തിന്റെ, സമാധാനത്തിന്റെ, സ്‌നേഹത്തിന്റെ, കരുണയുടെ വീഞ്ഞ് നമ്മുടെ ജീവിതത്തില്‍ വറ്റിപ്പോയേക്കാം. സ്‌നേഹിതാ, നീ തളര്‍ന്നുപോകല്ലേ, നിരാശപ്പെടല്ലേ. നിന്റെ അരികില്‍ പരിശുദ്ധ അമ്മ നില്‍പ്പുണ്ട്. ഹൃദയം തുറന്ന് നിന്റെ ആവശ്യങ്ങള്‍ അമ്മയോടു പറയൂ; അമ്മ യേശുവിനോടു പറയും. നിന്റെ ആവശ്യങ്ങള്‍ എനിക്കായി കരുതുന്ന ഒരമ്മ സ്വര്‍ഗത്തിലുണ്ട്. കരഞ്ഞപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത അമ്മ നിനക്കായി ക്രിസ്തുവിനോട് പ്രാര്‍ഥിക്കും.

ദൈവത്തിന്റെ സമയം മാറ്റിമറിക്കാന്‍ കഴിയുന്ന അമ്മ. ആ അമ്മയുടെ വാക്കുകള്‍ക്ക് ക്രിസ്തുവിന് ‘നോ’ പറയാന്‍ സാധിക്കില്ല. കാരണം, ജീവിതത്തിന്റെ തുടക്കവും ഒടുക്കവും ദൈവഹിതത്തോട് ‘യെസ്’ എന്ന് പ്രത്യുത്തരിച്ച സ്ത്രീയാണ് പരിശുദ്ധ അമ്മ. ദുഃഖങ്ങളുടെ വലിയൊരു വേലിയേറ്റംതന്നെ ജീവിതത്തിലുണ്ടായിട്ടും അടിപതറാതെ ദൈവത്തില്‍ വിശ്വസിച്ചവള്‍ – ഭാഗ്യവതിയായ മറിയം. ആ മറിയത്തെപ്പോലെ അടിപതറാതെനിന്ന് ഉടയവനില്‍ വിശ്വസിക്കാന്‍ നമുക്കും സാധിക്കുമോ എന്ന് ചിന്തിച്ചുനോക്കാം. കര്‍ത്താവ് എന്റെ കൂടെയുണ്ട് എന്ന ഒറ്റ വിശ്വാസമാണ് മറിയത്തെ മുന്നോട്ടുനയിച്ചത്.

നമ്മുടെ ജീവിതത്തില്‍, കുടുംബത്തില്‍ എന്നും നമുക്ക് ആവശ്യമുള്ള ഒന്നാണ് പ്രാര്‍ഥന. നാം കൊന്ത ചൊല്ലി മാതാവിലൂടെ ക്രിസ്തുവിലേക്ക് നമ്മുടെ അപേക്ഷകള്‍ നല്‍കുമ്പോള്‍ അവിടുന്ന് കൃത്യസമയത്ത് ഇടപെടുമെന്ന് സഭ നമ്മെ ഓര്‍മപ്പെടുത്തുന്നു. മാതാവും ഈശോയും ന മ്മുടെ ഭവനത്തില്‍ നമ്മോടൊപ്പമുണ്ടെങ്കി ല്‍ നാം എന്തിന് ഭയപ്പെടണം.

പകര്‍ന്നുനല്‍കിയ മുന്തിരിച്ചാറിലൂടെ സ്വര്‍ഗീയസ്വാദ് നമുക്ക് പരിചയപ്പെടുത്തിയ ദൈവവും കര്‍ത്താവുമായ നാഥന്റെ സ്‌നേഹം നമുക്ക് തിരിച്ചറിയാം. മാതാവിനോടുള്ള ഭക്തിയും സ്‌നേഹവും നമുക്ക് ഇനിയും വളര്‍ത്തിയെടുക്കാം. സമയത്തിനുമുമ്പേ കര്‍ത്താവ് നമ്മുടെ ജീവിതത്തില്‍ ഇടപെടും. നമ്മുടെ കുറവുകളെ അവന്‍ മറയ്ക്കും. നിരാശരാകാതെ കര്‍ത്താവിലേക്കു തിരിയാന്‍ മാതാവ് നമുക്ക് മാതൃകയായതുപോലെ മറ്റുള്ളവരെ ക്രിസ്തുവിലേക്ക് അടുപ്പിക്കാന്‍ നമുക്കും സാധിക്കണം.

നല്ലവനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്രദര്‍ ഡോണല്‍ മുക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.