ഞായർ പ്രസംഗം: ദനഹാക്കാലം രണ്ടാം ഞായർ ജനുവരി 12, യോഹ. 1: 14-18 മഹത്തരമായ കൃപ

മിശിഹായില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരെ,

ഇത് ദനഹാക്കാലം. യേശു ആരെന്ന് നമുക്ക് വെളിപ്പെടുത്തിത്തരികയും യേശുവിനെ മറ്റുളളവരുടെ മുമ്പില്‍ വെളിപ്പെടുത്താന്‍ നാം കടപ്പെട്ടിരിക്കുന്നു എന്ന വസ്തുത നമ്മെ അനുസ്മരിപ്പിക്കുകയും ചെയ്യുന്ന കാലമാണ് ദനഹാക്കാലം.

ഇന്നത്തെ സുവിശേഷം നമ്മോടു പങ്കുവയ്ക്കുന്നത് ക്രിസ്തുവിലൂടെ സംലഭ്യമാകുന്ന കൃപയെക്കുറിച്ചാണ്. അവന്റെ പൂര്‍ണ്ണതയില്‍നിന്ന് നാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു. നിയമദാതാവായ ദൈവത്തെ മോശ നമുക്കു വെളിപ്പെടുത്തി. എന്നാല്‍ നിയമത്തിനതീതമായി കൃപ ചൊരിയുന്ന ദൈവത്തെയാണ് യേശു നമുക്കു വെളിപ്പെടുത്തിയത്. യേശുവിന്റെ വെളിപാടിനാണ് ആധികാരികത. കാരണം ദൈവത്തെ നേരില്‍ കാണാത്തവന്റെ വെളിപാടല്ലിത്. പ്രത്യുത പിതാവായ ദൈവവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതന്റെ വെളിപാടാണിത്.

കൃപ നിയമത്തെക്കാള്‍ മഹത്തരം. മോശയിലൂടെ ദൈവം നിയമം അഥവാ പ്രമാണങ്ങള്‍ നല്‍കി. പ്രമാണമനുസരിച്ച് നന്മ ചെയ്ത് ജീവന്‍ നേടുന്നതിനുപകരം പ്രമാണം ലംഘിച്ച് തിന്മ ചെയ്ത് മനുഷ്യന്‍ മരണം വരിച്ചു. പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ, നിയമത്തിന് പാപത്തെക്കുറിച്ചുള്ള അറിവ് മനുഷ്യനു നല്‍കാനായെങ്കിലും പാപത്തെ ഹനിക്കാനുള്ള ശക്തി നല്‍കാനായില്ല; തിന്മയിലേക്കുള്ള വശീകരണത്തെ അതിജീവിക്കാനുള്ള കരുത്ത് നല്‍കാനായില്ല. ചുരുക്കത്തില്‍ രക്ഷയ്ക്കുവേണ്ടി നല്‍കപ്പെട്ട നിയമത്തിന് മനുഷ്യനെ രക്ഷിക്കാനായില്ല. ഈ സാഹചര്യത്തിലാണ് കൃപ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നത്. കൃപയാല്‍ അവിടുന്ന് നമ്മെ രക്ഷിക്കാന്‍ തിരുമനസ്സായി. അനുപമവും അനന്തവുമായ ദൈവകൃപയുടെ അവതാരമായി ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചു. ആ പുത്രന്‍ തന്റെ മരണത്തിലൂടെയും ഉയിര്‍പ്പിലൂടെയും നമ്മെ ദൈവകൃപയില്‍ ഓഹരിക്കാരാക്കി. നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്‌നേഹത്താല്‍ ക്രിസ്തുവിനോടുകൂടെ നമ്മെ ഉയിര്‍പ്പിച്ചു. കൃപയാല്‍ നാം രക്ഷിക്കപ്പെട്ടു.

കൃപയെന്നത് അനര്‍ഹര്‍ക്ക് ലഭിക്കുന്ന ആനുകൂല്യമാണ്. നമ്മുടെ രക്ഷയുടെ ചരിത്രം കൃപയുടെ ചരിത്രമാണ്. അര്‍ഹരെന്നു കരുതി ഒരുങ്ങിയിരുന്നവര്‍ക്കല്ല രക്ഷകന്റെ അമ്മയാകാനുള്ള ഭാഗ്യം ലഭിച്ചത്, പ്രത്യുത ദൈവകൃപ നിറഞ്ഞ പാവപ്പെട്ട ഒരു ഗ്രാമീണകന്യകയ്ക്കാണ്. രക്ഷകന്റെ പിറവിയുടെ സന്ദേശം ആദ്യം കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചത് സമൂഹത്തിലെ നേതാക്കന്മാര്‍ക്കും മാന്യന്മാര്‍ക്കുമല്ല, സമൂഹത്തിന്റെ താഴെത്തട്ടില്‍ കഴിഞ്ഞ ആട്ടിടയര്‍ക്കാണ്.

കൃപയാലുള്ള രക്ഷ നമ്മില്‍നിന്ന് ആവശ്യപ്പെടുന്ന രണ്ടു കാര്യങ്ങള്‍. ഒന്ന് അനര്‍ഹവും സൗജന്യവുമായി നമുക്കു ലഭിക്കുന്ന കൃപ നാം ഒരിക്കലും പാഴാക്കരുത്, കൃപ സമൃദ്ധമാകാന്‍വേണ്ടി നാം പാപത്തില്‍ തുടരരുത്. യേശുവില്‍നിന്ന് കൃപ ലഭിച്ച വ്യഭിചാരിണിയോട് അവിടുന്ന് പറഞ്ഞത്, ഞാനും നിന്നെ വിധിക്കുന്നില്ല, പൊയ്‌ക്കൊള്ളുക. മേലില്‍ പാപം ചെയ്യരുത് എന്നാണല്ലോ. ബെത്സെയ്ദാ കുളക്കരയില്‍വച്ച് സുഖപ്പെട്ടവനോടു പറയുന്നത്, കൂടുതല്‍ മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ മേലില്‍ പാപം ചെയ്യരുത് എന്നാണ്. നമുക്ക് ലഭിച്ച കൃപയനുസരിച്ച് വിശുദ്ധിയില്‍ നാം വ്യാപരിക്കുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യുക.

കൃപയാലുള്ള രക്ഷ നമ്മില്‍നിന്ന് ആവശ്യപ്പെടുന്ന രണ്ടാമത്തെ കാര്യം നമുക്കു ലഭിച്ചിരിക്കുന്ന ദൈവകൃപയുടെ വലുപ്പമനുസരിച്ച് നാമും മറ്റുള്ളവരോട് അവര്‍ അര്‍ഹിക്കുന്നതിലുപരി കാരുണ്യം കാണിക്കണമെന്നാണ്. ആവശ്യനേരത്ത് അപരിചിതനെപ്പോലും സഹായിക്കുന്ന വിജാതീയന്‍ രക്ഷ കൈവശമാക്കുമ്പോള്‍, പരിചിതനായ അയല്‍ക്കാരന് കരുണ നിഷേധിക്കുന്നവന്‍, യഹൂദനായാലും എത്ര ധനികനായാലും നിത്യനാശത്തില്‍ നിപതിക്കുകയേയുള്ളൂ എന്ന യേശുവിന്റെ പഠനത്തിന്റെ പൊരുളും ഇതുതന്നെ.

പ്രിയപ്പെട്ടവരേ, ദൈവകൃപയുടെ മനുഷ്യാവതാരമാണ് യേശു. അവിടുത്തെ വീണ്ടെടുപ്പ് വഴി നമുക്ക് സമൃദ്ധമായ കൃപ ലഭിച്ചിരിക്കുന്നു. യേശുവില്‍നിന്ന് കൃപ സ്വീകരിച്ച് പാപരഹിതമായ ജീവിതം നമുക്കു നയിക്കാം, മറ്റുള്ളവരോട് കരുണ കാണിച്ചുകൊണ്ട് യേശുവിന്റെ കൃപയ്ക്കും കൃപാകരനായ യേശുവിനും നമുക്കു സാക്ഷ്യം നല്‍കാം.

ബ്രദര്‍ അലന്‍ കക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.