ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരെ,
ദനഹാക്കാലം ഒന്നാം ഞായറിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണല്ലോ. ദൈവം തന്റെ സ്വപുത്രനെ മാനവരാശിക്ക് വെളിപ്പെടുത്തിയതിനെ അനുസ്മരിക്കുന്ന ഈ കാലഘട്ടത്തില്‍ മാമ്മോദീസായിലൂടെയും പരസ്യജീവിതത്തിലൂടെയും ഈശോ തന്റെ ദാത്യം ആരംഭിക്കുന്നതിനെ നാം അനുസ്മരിക്കുന്നു.
ഇന്നത്തെ വചനഭാഗങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍ ഇത്തരം ദാത്യങ്ങള്‍ ഈശോ ചില വ്യക്തികളെ ഏല്‍പിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഒന്നാം വായനയായ പുറപ്പാട് പുസ്തകത്തില്‍ മോശയുടെ വിളിയെക്കുറിച്ച് നാം ധ്യാനിക്കുമ്പോള്‍ രണ്ടാം വായനയായ ഏശയ്യ പ്രവാചകന്റെ പുസ്തകത്തില്‍ സൈറസ് രാജാവിനെ ദൈവം നിയോഗിക്കുന്നതിനെപ്പറ്റി നാം വായിക്കുന്നു. ലേഖനഭാഗത്തിലേക്ക് നാം കടന്നുവരുമ്പോള്‍ പൗലോസ് ശ്ലീഹായുടെ വിശ്വാസതീക്ഷ്ണതയെയും വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് അദ്ദേഹം കടന്നുപോയ പീഡകളെക്കുറിച്ചും അനുസ്മരിക്കുന്നു. ഈശോ പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഇന്നത്തെ വചനം നമുക്ക് നല്‍കുക.
ഇന്നത്തെ സുവിശേഷഭാഗത്തേക്ക് നാം കടന്നുവരുമ്പോള്‍ നമുക്ക് കാണാന്‍ സാധിക്കും, ഈശോ താന്‍ വളര്‍ന്ന സ്ഥലമായ നസ്രത്തിലെ ജനങ്ങളെ സിനഗോഗില്‍വച്ച് പ്രബുദ്ധരാക്കുകയാണ്. യഹൂദരുടെ പ്രാര്‍ഥനാലയമാണ് സിനഗോഗ്. ബി. സി. 587 ല്‍ നാടുകടത്തപ്പെട്ട ഇസ്രായേല്‍ജനത്തിന് തങ്ങളുടെ ദൈവാലയം നഷ്ടമാവുകയും പിന്നീട് പ്രാര്‍ഥനയ്ക്കായും ദൈവത്തിന്റെ സ്വരം ശ്രവിക്കാനുമായി അവര്‍ സിനഗോഗുകളില്‍ സമ്മേളിക്കാന്‍ ആരംഭിക്കുകയായിരുന്നു. ദൈവത്തിന്റെ അരുളപ്പാടുകള്‍ മനസ്സിലാക്കി നിയമഗ്രന്ഥങ്ങളുടെയും പ്രവാചകഗ്രന്ഥങ്ങളുടെയും വ്യാഖ്യാനങ്ങള്‍ പണ്ഡിതരായ റബ്ബിമാര്‍ അവര്‍ക്ക് വ്യാഖ്യാനിച്ചുകൊടുത്തിരുന്നു. ബാബിലോണില്‍നിന്നു മോചിതരായ ഇസ്രായേല്‍ജനം തിരികെവന്നപ്പോഴും അവര്‍ ആ സമ്പ്രദായം തുടര്‍ന്നുപോരുകയും ഇന്നും അവര്‍ പ്രാര്‍ഥനയ്ക്കായി അവിടെ ഒന്നിച്ചുകൂടുകയും ചെയ്യുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ നമുക്ക് സുവിശേഷഭാഗത്തെ വിശകലനം ചെയ്യാം.
ഈശോ താന്‍ വളര്‍ന്ന സ്ഥലമായ നസ്രത്തിലേക്കാണ് വന്നത്. ഇതിനെ ഒരു പ്രതീകമായി നമുക്ക് കാണാന്‍ സാധിക്കും. ഞാന്‍ എവിടെയായിരിക്കുന്നുവോ അതാണ് എന്റെ നസ്രത്ത്. എന്റെ കുടുംബം, സുഹൃത്തുക്കള്‍, ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ ഇവയെല്ലാം നസ്രത്ത് എന്ന പ്രതീകമാണ്. ഇവിടെയെല്ലാം ഈശോയെപ്പോലെ ദൈവത്തിന് സ്വീകാര്യമായ പ്രവര്‍ത്തി ചെയ്യാന്‍ നമുക്ക് സാധിക്കും. അതിനുള്ള അവസരം അവിടുന്ന് നമുക്ക് നല്‍കുന്നുണ്ട്. ആത്മീയദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ക്കുവേണ്ടിയും പാപങ്ങളില്‍നിന്നുള്ള മോചനം നല്‍കാനും ക്ലേശിതരായവര്‍ക്ക് ആശ്വാസം പകരാനും അവിടുന്ന് അയയ്ക്കപ്പെട്ടതുപോലെ നാമും അയയ്ക്കപ്പെട്ടിരിക്കുന്നു.
‘അഗ്‌നിച്ചിറകുകള്‍’ എന്ന പുസ്തകത്തില്‍ എ. പി. ജെ. അബ്ദുള്‍ കലാം ഇപ്രകാരം പറഞ്ഞുവയ്ക്കുന്നുണ്ട്: ”മറ്റുള്ളവരെക്കുറിച്ച് അറിയുന്നവന്‍ പഠിപ്പുള്ളവനാണ്. എന്നാല്‍ തന്നെക്കുറിച്ചുതന്നെ അറിയുന്നവന്‍ ബുദ്ധിമാനാണ്.” ആത്മജ്ഞാനമാണ് ഏറ്റവും വലിയ അറിവ്. ഈശോ താന്‍ വളര്‍ന്നുവന്ന ആ ഗ്രാമത്തിലെ സിനഗോഗില്‍വച്ച് പഠിപ്പിക്കുന്നതുകൊണ്ടുതന്നെ എല്ലാവര്‍ക്കും അവിടുന്ന് സുപരിചിതനാണ്. ഈശോയ്ക് തന്നെക്കുറിച്ചു തന്നെയുള്ള അറിവ് നമ്മെ ശരിക്കും ആശ്ചര്യപ്പെടുത്തും. ഞാന്‍ പിതാവിനാല്‍ അയയ്ക്കപ്പെട്ടതാണെന്നും തന്റെയുള്ളില്‍ ശക്തി പകരാനായി ദൈവത്തിന്റെ ആത്മാവ് വസിക്കുന്നുവെന്നും ഈശോയ്ക്ക് അറിവുണ്ടായിരുന്നു. അതോടൊപ്പം തന്നെ താന്‍ ആരാണെന്നും താന്‍ എപ്രകാരം പ്രവര്‍ത്തിക്കണമെന്നും തന്റെ ദൗത്യം എപ്രകാരമുള്ളതാണെന്നുമെല്ലാം അവിടുന്ന് അറിഞ്ഞിരുന്നു.
സുവിശേഷഭാഗത്ത് നാം കാണുന്നതുപോലെ ഈശോ ഏശയ്യാ പ്രവാചകന്റെ പുസ്തകച്ചുരുളാണ് സിനഗോഗില്‍ വച്ച് വായിക്കുന്നത്. പിതാവിനാല്‍ അയയ്ക്കപ്പെട്ട ഈശോയുടെ ദാത്യത്തെക്കുറിച്ച് ഈ വചനഭാഗത്തില്‍ വായിക്കുന്നു. ഈശോയുടെ ദാത്യം വിജയിക്കാന്‍ രണ്ട് കാര്യങ്ങളുണ്ട്. ഒന്നാമതായി, വി. ലൂക്കായുടെ സുവിശേഷം നാലാം അധ്യായം 18 മുതല്‍ 19 വരെയുള്ള തിരുവചനത്തില്‍, ”കര്‍ത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്. ദരിദ്രരെ സുവിശേഷമറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.” ദൈവത്തിന്റെ ആത്മാവ് തന്റെ മേല്‍ വസിക്കുന്നു എന്ന് അവിടുന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈശോ പരസ്യജീവിതകാലത്ത് ദൈവത്തോട് നിരന്തരം ഏകാന്തതയില്‍ പ്രാര്‍ഥിക്കുകയും തന്റെ ഉള്ളിലുള്ള ദൈവികചൈതന്യം മറ്റുള്ളവരിലേക്ക് പകര്‍ന്നതായിട്ടും നമുക്ക് കാണാന്‍ സാധിക്കും.
”നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു.” ലൂക്കാ 4:21 ല്‍ പ്രസ്താവിക്കുന്നതു പോലെ, ഈശോ സിനഗോഗില്‍ അവിടെ കൂടിയിരുന്ന ജനത്തോടുപറയുന്ന ഈ വചനഭാഗത്തില്‍, താന്‍ തന്നെയാണ് ദൈവപുത്രനെന്നും വരാനിരിക്കുന്ന രക്ഷകനെന്നും വെളിപ്പെടുത്തുകയാണ്. ഈശോയില്‍ വസിച്ചിരുന്ന ആ ദൈവീക ആത്മാവിനെ, മാമ്മോദീസയിലൂടെയും സ്‌ഥൈര്യലേപനത്തിലൂടെയും നമ്മിലേക്ക് എഴുന്നള്ളിവന്ന ആ പരിശുദ്ധാത്മാവിനെ കണ്ടെത്താനുള്ള ഒരു ആഹ്വാനം കൂടിയാണ് ഈ വചനഭാഗം നമ്മോട് പറഞ്ഞുവയ്ക്കുക. ചെറുപ്പത്തില്‍ നമ്മുടെയുള്ളില്‍ വസിച്ച ആത്മാവിന്റെ ശക്തി ഇന്നും പ്രബലമാണോ, ക്ഷയിച്ചുകൊണ്ടിരിക്കുകയാണോ അതോ നഷ്ടപ്പെട്ടുപോയോ എന്ന് നമുക്ക് വിശകലനം ചെയ്തുനോക്കാം.
പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും നമ്മില്‍ വന്നുനിറയുമ്പോഴേ നാം ആരാണെന്നും നമ്മില്‍ എപ്രകാരമുള്ള കഴിവുകളുണ്ടെന്നും ദൈവിക ഇടപെടല്‍ എപ്രകാരം നമ്മില്‍ നടക്കുന്നു എന്നെല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. എന്നെക്കുറിച്ചുതന്നെ എനിക്ക് അറിവുണ്ടെങ്കില്‍, ഞാന്‍ ആരാണെന്നും എനിക്ക് എന്തൊക്കെ കഴിവുകളുണ്ടെന്നും മനസ്സിലാക്കിയെങ്കില്‍ മാത്രമേ, ദൈവഹിതം പൂര്‍ത്തിയാക്കാനും ആ ഹിതത്തിനൊത്തു പ്രവര്‍ത്തിക്കാനും അതോടൊപ്പംതന്നെ ദൈവത്തിലേക്കുള്ള നമ്മുടെ യാത്രയിലെ കുറവുകള്‍ നികത്തി കൂടുതല്‍ നന്മയിലേക്കു വളരാനും നമുക്ക് സാധിക്കുകയുള്ളൂ.
ഈശോയുടെ ദാത്യം വിജയിക്കാനുള്ള രണ്ടാമത്തെ കാരണമെന്നത്, ഈശോയ്ക്ക് സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവും അതിനായി തന്റെ ജനത്തെ ഒരുക്കാനുള്ള അവിടുത്തെ തീക്ഷ്ണതയുമാണ്. മനുഷ്യന്റെ കുറവുകളില്‍ നിറവായിത്തീരാന്‍ അവതരിച്ചവനാണ് ഈശോ. പാപികളെ പശ്ചാത്താപത്തിലേക്കു നയിക്കാനും രോഗികളെ സുഖപ്പെടുത്താനും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം നല്‍കാനുമെല്ലാം വന്നവനാണ് ഈശോ എന്ന് സുവിശേഷകന്‍ സൂചിപ്പിക്കുന്നു. ആത്മീയാന്ധകാരത്തില്‍ ജീവിച്ചിരുന്ന ജനത്തിന് പ്രകാശമായിത്തീര്‍ന്ന മിശിഹാ, ദൈവാലയത്തില്‍ കച്ചവടം നടത്തിയിരുന്നവരെ പുറത്താക്കുകയും അതുവഴി സ്വന്തം ശരീരമാകുന്ന ദൈവാലയത്തെ ശുദ്ധീകരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഈശോ, ലാസറിനെ ഉയര്‍പ്പിച്ചുകൊണ്ട് മരണത്തിന്മേലും തനിക്ക് അധികാരമുണ്ടെന്ന് അവിടുന്ന് സാക്ഷ്യപ്പെടുത്തുന്നു.
പ്രിയമുള്ള സഹോദരങ്ങളെ, ഈ ഈ ദനഹാകാലത്തില്‍ ഈശോയുടെ പരസ്യജീവിതത്തെക്കുറിച്ചു ധ്യാനിക്കുമ്പോള്‍ നമുക്കും അവിടുത്തോട് അനുരൂപരാകാന്‍ സാധിക്കുന്നുണ്ടോ എന്ന് ചിന്തിച്ചുനോക്കാം. നമ്മുടെ വിശ്വാസജീവിതത്തിന്റെ മുദ്രയായി നില്‍ക്കുന്നത് നമ്മുടെ പ്രേഷിതജീവിതമാണ്. മിശിഹായെ ഈ ലോകത്തിലേക്ക് ദൈവം അയച്ചതുപോലെ അവിടുന്ന് ക്രിസ്തുവിന്റെ ആ സുവിശേഷം പകര്‍ന്നു നല്‍കാനായി നമ്മെയും ചുമതലപ്പെടുത്തിയിരിക്കുന്നു. പിതാവിനാല്‍ അയയ്ക്കപ്പെട്ടവരെന്ന നിലയില്‍ അവിടുത്തെ ഹിതം നിറവേറ്റാന്‍ കടപ്പെട്ടവരാണ് നമ്മളും. എപ്പോള്‍ നാം ഈ ദാത്യം പൂര്‍ത്തിയാക്കുന്നുവോ അപ്പോള്‍ നാമും, ഇനിമേല്‍ ഞാനല്ല, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് പൗലോസ് ശ്ലീഹായെപ്പോലെ ഉത്തമശിഷ്യരായിത്തീരാന്‍ പരിശ്രമിക്കാം.
ദൈവഹിതം പൂര്‍ത്തിയാക്കാന്‍ പരിശ്രമിച്ച, അതുവഴി വിശുദ്ധരായിത്തീര്‍ന്ന അനേകം വിശുദ്ധാത്മാക്കള്‍ നമ്മുടെ കണ്‍മുമ്പിലുണ്ട്. വി. മദര്‍ തെരേസായും വി. മാക്‌സ്മില്യന്‍ കോള്‍ബെയുമെല്ലാം നമുക്ക് മാതൃകകളാണ്. ക്രിസ്തുവിനെപ്പോലെ നമുക്കും നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം മനസ്സിലാക്കിക്കൊണ്ട് അവിടുത്തെ ഹിതത്തിനൊത്ത് ജീവിക്കാന്‍ പരിശ്രമിക്കാം. നമ്മുടെ ജീവിതലക്ഷ്യം പൂര്‍ത്തിയാക്കാനും ദൈവത്തോടുചേര്‍ന്ന് ജീവിക്കാനുമുള്ള കൃപയ്ക്കായി നമുക്ക് ഈ വിശുദ്ധ ബലിയില്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം.
ബ്രദര്‍ ഡിജുമോന്‍ കരോട്ടുകോലമാക്കല്‍ MCBS