
ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരെ,
ഭൂമിയില്‍ സ്വര്‍ഗം രചിക്കുന്ന ഇടമാണ് കുടുംബം. സ്‌നേഹവും കരുതലും ആവോളം നുകരുന്ന, വേദനയുടെ വേളകളില്‍ ചേര്‍ത്തുനിര്‍ത്തുന്ന ഭൗമികസ്വര്‍ഗമാണ് കുടുംബം. ക്രിസ്തീയകുടുംബങ്ങള്‍ക്ക് വഴിവിളക്കും ദാമ്പത്യജീവിതത്തിന് മാതൃകയും കരുത്തുമായ തിരുക്കുടുംബത്തിന്റെ തിരുനാള്‍ മംഗളങ്ങള്‍ ഏവര്‍ക്കും നേരുന്നു.
കുടുംബം ഗാര്‍ഹികസഭയാണ്. ആദ്യവിദ്യാലയവും ധാര്‍മിക അടിത്തറയുടെ മൂലക്കല്ലും. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിന്റെ വാസഗേഹമാണ് സ്വര്‍ഗമെങ്കില്‍, ഈ ഭൂമിയില്‍ സ്വര്‍ഗം വിരാജിക്കുകയാണ്. ദൈവത്തോട് ചേര്‍ന്നുനിന്നുകൊണ്ട് അപ്പനും അമ്മയും മക്കളും ചേര്‍ന്ന കുടുംബാംഗങ്ങള്‍. കുടുംബങ്ങളുടെ മാതൃകയായ തിരുക്കുടുംബത്തെ ധ്യാനിക്കുമ്പോള്‍ തിരുസഭ വിചിന്തനത്തിനായി നല്‍കുന്നത് വി. മത്തായിയുടെ സുവിശേഷത്തിലെ തിരുക്കുടുംബത്തിന്റെ ഈജിപ്തിലേക്കുള്ള പലായനവും തിരിച്ചുവരവുമാണ്.
വി. യൗസേപ്പിതാവും പരിശുദ്ധ കന്യകാമറിയവും ഉണ്ണീശോയും ചേര്‍ന്ന നസ്രത്തിലെ കുടുംബമാണ് തിരുക്കുടുംബം. ദൈവപുത്രന്റെ സാന്നിധ്യമാണ് ആ ഭവനത്തെ തിരുക്കുടുംബമാക്കി മാറ്റിയത്. നമ്മുടെ കുടുംബങ്ങളും തിരുക്കുടുംബമാകണമെങ്കില്‍ ക്രിസ്തു നമ്മുടെ കുടുംബങ്ങളിലും വസിക്കണം. ദൈവികസാന്നിധ്യം നിറഞ്ഞതായിരിക്കണം നമ്മുടെ കുടുംബം. ജീവന്റെ ഉദ്ഭവവും പരിപോഷണവും നടക്കേണ്ടത് കുടുംബങ്ങളിലാണ്. ഇവിടെയാണ് മക്കള്‍ സ്‌നേഹവും സാഹോദര്യവും പഠിക്കേണ്ടത്. ഇവിടെ നിന്നുമാണ് ധാര്‍മിക അടിത്തറയില്‍ ഒരു വ്യക്തി ഊട്ടിയുറപ്പിക്കപ്പെടേണ്ടത്.
ധനസമ്പാദനത്തിനായി പിതാവ് ഓടുമ്പോള്‍, കണ്ണീര്‍സീരിയലുകള്‍ക്കായി അമ്മ സമയം മാറ്റിവയ്ക്കുമ്പോള്‍, ദൈവത്തെ മാറ്റിനിര്‍ത്തി എന്‍ട്രന്‍സിനായി മക്കള്‍ രാവും പകലും പഠനത്തെ ശരണം മന്ത്രമാക്കുമ്പോള്‍ ക്രിസ്തു പല കുടുംബങ്ങള്‍ക്കും ഇന്ന് അന്യനായി മാറുന്നു. ഓരോ ക്രിസ്തീയഭവനത്തിലും തിരുക്കുടുംബത്തിന്റെ ചിത്രം വച്ച് വണങ്ങുന്ന മഹത്തായ പാരമ്പര്യം നമുക്കുണ്ട്. വീടിന്റെ ഭിത്തികളില്‍മാത്രം ഒതുങ്ങിനില്‍ക്കാതെ നമ്മുടെ ഹൃദയഭിത്തികളിലും നാം ഉറപ്പിച്ചുനിര്‍ത്തേണ്ട ഒന്നാണ് തിരുക്കുടുംബത്തിന്റെ രൂപം; മാതൃക.
ഈ ദിനത്തില്‍ പ്രത്യേകം ധ്യാനവിഷയമാക്കപ്പെടേണ്ടവരാണ് വി. യൗസേപ്പിതാവും പരിശുദ്ധ കന്യകാമറിയവും. ദൈവഹിതത്തിന് പരിശുദ്ധ അമ്മ ‘ഫിയാത്ത്’ ചൊല്ലിയപ്പോള്‍ ദൈവസ്വരത്തിന് കാതു കൊടുത്തവനാണ് വി. യൗസേപ്പിതാവ്.
സഹനങ്ങളുടെയും സംഘര്‍ഷങ്ങളുടെയും മധ്യേ ഒരു കുടുംബനാഥന്‍ അനുഭവിക്കാനിടയുള്ള സകല വ്യാകുലതകളും ഏറ്റെടുക്കാന്‍ വിളിക്കപ്പെട്ട ജീവിതമായിരുന്നു വി. യൗസേപ്പിന്റേത്. വി. യൗസേപ്പിനെ സഭ പ്രത്യേകമായി ധ്യാനിച്ച വര്‍ഷത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച അപ്പസ്‌തോലിക ലേഖനമായ ‘Patris Cordiae’ (പിതൃഹൃദയത്തോടെ) ദൈവസ്വരത്തെ പൂര്‍ണ്ണമായി ശ്രവിച്ച, അത് പാലിച്ച, വി. യൗസേപ്പിതാവിനെ നമ്മുടെ വിശ്വാസത്തിന്റെ മാതൃകയായി ചിത്രീകരിച്ചിരിക്കുന്നു. ദൈവം അരുള്‍ചെയ്തവ തെറ്റില്ലെന്നും എല്ലാം ദൈവം നന്മയ്ക്കായി പരിണമിപ്പിക്കും എന്നുമുള്ള അചഞ്ചലമായ വിശ്വാസമാണ് അദ്ദേഹത്തെ നയിച്ചത്.
അവിഭക്ത തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി പിതാവ് വി. യൗസേപ്പിതാവ് പ്രതിസന്ധികളില്‍ തനിക്കെങ്ങനെ മാതൃകയായിരുന്നുവെന്ന് നിരന്തരം കുടിയേറ്റക്കാരായ തന്റെ വിശ്വാസ സമൂഹത്തോടു പറയുകയും വി. യൗസേപ്പിതാവിനെപ്പോലെ ഏതു പ്രതിസന്ധിയിലും ദൈവത്തില്‍ ആശ്രയിക്കാന്‍ അവരെ ഉദ്‌ബോദിപ്പിക്കുകയും ചെയ്തിരുന്നു.
പ്രിയ പിതാക്കന്മാരെ, വി. യൗസേപ്പിതാവിനെപ്പോലെ ദൈവസ്വരത്തില്‍ അടിയുറച്ചു വിശ്വസിക്കാം. അദ്ദേഹത്തിന്റെ കരം പിടിച്ച് നിങ്ങള്‍ ജീവിക്കുമ്പോള്‍ നിങ്ങളുടെ കുടുംബവും അനുഗ്രഹിക്കപ്പെടും.
തിരുക്കുടുംബത്തിന്റെ അമ്മ പരിശുദ്ധ കന്യകാമറിയമാണ്. ദൈവകുമാരന്റെ അമ്മയായിരുന്നെങ്കിലും അമ്മ ഒത്തിരി സഹനങ്ങളിലൂടെ കടന്നുപോയി. വി. യൗസേപ്പിതാവിനോടു ചേര്‍ന്നുനിന്നുകൊണ്ട് കുടുംബജീവിതം നയിച്ചു. പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ‘Spe Salvi’ എന്ന ചാക്രികലേഖനത്തില്‍ പരിശുദ്ധ അമ്മ പ്രത്യാശയുടെ താരകമാണെന്നും പരിശുദ്ധ അമ്മയോടു ചേര്‍ന്നുനിന്നാല്‍ ദൈവം കൈവിടുകയില്ലെന്നും പറഞ്ഞുവയ്ക്കുന്നുണ്ട്. പ്രിയപ്പെട്ട അമ്മമാരെ, ജീവിതം സംഘര്‍ഷപൂരിതമാകുമ്പോള്‍ നസ്രത്തിലെ അമ്മയുടെ കരം പിടിക്കാം, അമ്മ നിങ്ങളെ ആശ്വസിപ്പിക്കും.
സ്‌നേഹം നിറഞ്ഞവരെ, തിരുക്കുടുംബം നമ്മോട് പറയുന്നു: ”ദൈവഹിതം നിറവേറ്റുക എന്നതാണ് തിരുക്കുടുംബം ആകാനുള്ള വ്യവസ്ഥ” എന്ന്. സ്വാര്‍ഥതയ്ക്കും സമ്പത്തിനും ജോലിസാധ്യതകള്‍ക്കുമായി പലപ്പോഴും കുടുംബബന്ധങ്ങളെ ശിഥിലമാക്കാന്‍ ചിലരെങ്കിലും ശ്രമിക്കാറുണ്ട്. ജോലിസാധ്യതയ്ക്കായി മക്കള്‍ വേണ്ടെന്നുവയ്ക്കുന്നവരും ഉയര്‍ന്ന ഉദ്യോഗം നേടാന്‍ വിവാഹമോചനം നേടുന്നവരും മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കുന്നവരും ഇന്ന് ഏറിവരുന്നു. വിവാഹത്തെയും കുടുംബത്തെയും ബൈബിള്‍സത്യത്തിനും പരമ്പരാഗത സങ്കല്‍പങ്ങള്‍ക്കും പുറത്തുനിര്‍മിക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ന് ഒത്തിരിയുണ്ട്. സ്വവര്‍ഗവിവാഹവും വിവാഹേതരബന്ധങ്ങളും സമൂഹത്തിന്റെ ധാര്‍മിക അടിത്തറയെത്തന്നെ ചോദ്യമുനയില്‍ നിര്‍ത്തുന്നു.
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ കുടുംബങ്ങളെക്കുറിച്ചുള്ള തന്റെ അപ്പസ്‌തോലിക ആഹ്വാനമായ ‘Amoris Laetitia’ (സ്‌നേഹത്തിന്റെ ആനന്ദം) യില്‍ പറയുന്നു. കുടുംബമാണ് സാമൂഹികവല്‍ക്കരണത്തിന്റെ പ്രാഥമിക ക്രമീകരണം. കാരണം, മറ്റുള്ളവരുമായി ബന്ധപ്പെടാനും കേള്‍ക്കാനും ക്ഷമയും ബഹുമാനവും കാണിക്കാനും ഒന്നായി ജീവിക്കാനും ആദ്യം നാം പഠിക്കുന്നത് കുടുംബത്തില്‍ നിന്നാണ്. നസ്രത്തിലെ തിരുക്കുടുംബത്തില്‍ ഇപ്രകാരം ഈശോ ജ്ഞാനത്തിനും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നുവന്നു (ലൂക്കാ 2:52).
ജോലിത്തിരക്കും ടെലിവിഷന്‍ പരിപാടികളും കാരണങ്ങളാക്കി കുടുംബപ്രാര്‍ഥന മുടക്കുമ്പോള്‍ തിരുക്കുടുംബം നമ്മോട് പറഞ്ഞുതരുന്നു: പ്രാര്‍ഥനയില്‍നിന്ന് ശക്തിനേടി ദൈവത്തോട് ചേര്‍ന്നു നില്‍ക്കുക; ദൈവഹിതം നിറവേറ്റുന്നവരാകുക. തിരുക്കുടുംബം പോലെ നമ്മുടെ കുടുംബങ്ങളും ആയിത്തീരാന്‍ പാരമ്പര്യമായി നാം പിന്തുടരുന്ന ഒരുമിച്ചുള്ള കുടുംബപ്രാര്‍ഥനയ്ക്ക് പ്രാധാന്യം നല്‍കാം. ഒരുനേരമെങ്കിലും ഒരുമിച്ചിരുന്ന് ഭക്ഷിക്കുമ്പോള്‍, എന്നും കുറച്ചുനേരമെങ്കിലും സംസാരിക്കുമ്പോള്‍, ഒരുമിച്ചിരുന്ന് ശ്രവിക്കുമ്പോള്‍ കുടുംബബന്ധത്തിന്റെ ഇഴയടുപ്പം കൂടും.
പ്രിയമുള്ളവരെ, നമ്മുടെ ഭവനങ്ങള്‍ക്ക് ക്രിസ്തു നഷ്ടമാകാതിരിക്കട്ടെ. നമ്മുടെ കുടുംബങ്ങളെ തിരുക്കുടുംബ സംരക്ഷണയില്‍ വളര്‍ത്താം. ദാമ്പത്യജീവിതത്തിലെ പോരായ്മകളെ ക്ഷമിക്കാം, ദൈവസന്നിധിയില്‍ അര്‍പ്പിക്കാം. വി. യൗസേപ്പിതാവിന്റെ കരുതലും, പരിശുദ്ധ അമ്മയുടെ സ്‌നേഹവും ഉണ്ണീശോയുടെ സംരക്ഷണവും നമ്മുടെ ജീവിതങ്ങളിലുമുണ്ടാകട്ടെ. ആമേന്‍.
ബ്രദര്‍ അഗസ്റ്റിന്‍ ചെറുവേലില്‍ MCBS