ഞായർ പ്രസംഗം: മംഗളവാർത്താക്കാലം നാലാം ഞായർ ഡിസംബർ 22, മത്തായി 1: 18-24 നീതിമാന് എല്ലാം അതിജീവിക്കാം

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

മംഗളവാര്‍ത്താക്കാലത്തിന്റെ നാലാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ തിരുസഭ പുതിയ ആരംഭങ്ങളെക്കുറിച്ചാണ് നമ്മെ പഠിപ്പിക്കുന്നത്. ഇസഹാക്കും റബേക്കയും തങ്ങളുടെ വിവാഹത്തിലൂടെ പുതിയ ജീവിതത്തിലേക്കു പ്രവേശിക്കുന്നതും സാമുവേലിന്റെ ജനനത്തോടെ, നിരാശയുടെ ഇരുള്‍ മൂടിയിരുന്ന ഹന്നയുടെ ജീവിതത്തിലേക്ക് പ്രത്യാശയുടെ പുതുകിരണം കടന്നുവരുന്നതും നാം കാണുന്നു. ലേഖനഭാഗത്ത് വചനത്തിന്റെ നിദ്രാലസ്യത്തില്‍ നിന്നും നിത്യസത്യവും പ്രത്യാശയുമായ ക്രിസ്തുവിലേക്കുള്ള കടന്നുവരവിനെക്കുറിച്ചാണ് വി. പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നത്.

ഇന്നത്തെ സുവിശേഷത്തില്‍ നാം കണ്ടുമുട്ടുന്നത് ജീവിതത്തില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ നിസ്സഹായനായി നില്‍ക്കുന്ന യൗസേപ്പിതാവിനെ സഹായിക്കുന്ന ദൈവത്തെയാണ്. തച്ചനായ യൗസേപ്പില്‍നിന്ന് യൗസേപ്പിതാവിലേക്കുള്ള രൂപാന്തരീകരണമാണ് യൗസേപ്പിന്റെ ജീവിതത്തിലെ പുതിയ ആരംഭം എന്നു പറയുന്നത്. എങ്ങനെയാണ് ഈ മാറ്റം യൗസേപ്പിന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്നതാണ് ഇന്നത്തെ വചനഭാഗത്തിലെ ചോദ്യവും വെല്ലുവിളിയും.

യൗസേപ്പിന്റെ പുതിയ ആരംഭത്തെക്കുറി ച്ച് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. യൗസേപ്പ് പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു. മറിയവുമൊത്തുള്ള ഒരു കുടുംബജീവിതം സ്വപ്നം കണ്ടിരു ന്ന അദ്ദേഹത്തിന്റെ അരികിലേക്ക് വെല്ലുവിളി നിറഞ്ഞ ജീവിതദൗത്യം കടന്നുവന്നപ്പോള്‍ സ്വന്തം ബുദ്ധിയില്‍ ആശ്രയിക്കാതെ ദൈവത്തില്‍ ആശ്രയിക്കാന്‍തക്ക വിവേകവും ജ്ഞാനവും യൗസേപ്പിനുണ്ടായിരുന്നു. ഈ ജ്ഞാനവും വിവേകവും അദ്ദേഹത്തിനു ലഭിച്ചത് അദ്ദേഹത്തിന്റെ ആഴമേറിയ ആത്മീയതയില്‍നിന്നാണ്.

ദൈവവുമായി സഹകരിക്കുമ്പോള്‍ മനുഷ്യര്‍ക്ക് എന്തു സംഭവിക്കും എന്നതിന്റെ തെളിവാണ് യൗസേപ്പും മറിയവും. പാരമ്പര്യമുള്ള കുടുംബത്തില്‍ പിറന്ന, ദൈവപ്രമാണങ്ങളൊക്കെ അനുസരിച്ച് നീതിമാനായി ജീവിച്ചിരുന്ന യൗസേപ്പിന് അപ്രതീക്ഷിതാമായി ഒരു വലിയ പ്രതിസന്ധിയുണ്ടാകുന്നു. ദൈവത്തിന്റെ പദ്ധതികളില്‍ വിശ്വസിക്കുകയും അത് യാഥാര്‍ഥ്യമാകാന്‍ സഹകരിക്കുകയും ചെയ്യുന്ന യൗസേപ്പിന് പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിയുന്നു. ”നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക; അവിടുന്ന് നിന്നെ താങ്ങിക്കൊ ള്ളും. നീതിമാന്‍ കുലുങ്ങാന്‍ അവിടുന്ന് സമ്മതിക്കുകയില്ല” (സങ്കീ. 55:22) എന്ന സങ്കീര്‍ത്തനവചനം ഇവിടെ യാഥാര്‍ഥ്യമാകുന്നു.

പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കെല്ലാം മാതൃകയായി യൗസേപ്പിനെ കാണാം. നീതിമാന് എല്ലാം അതിജീവിക്കാമെന്നുള്ള പ്രതീക്ഷ യൗസേപ്പിന്റെ ജീവിതത്തില്‍ കാണുന്നു. ആരെയും കുറ്റപ്പെടുത്താതെ, അപമാനിക്കാതെ, വിധിക്കാതെ നീതിമാന്‍ പിടിച്ചുനില്‍ക്കുമ്പോള്‍ ദൈവത്തിന്റെ സന്ദേശം കേള്‍ക്കാനും തിരിച്ചറിയാനും കഴിയും.

യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു കഥ ഇപ്രകാരമാണ്: മറിയത്തിന്റെ നാവില്‍നിന്ന് അവിശ്വസനീയമായ ആ വാര്‍ത്ത കേട്ട് തരിച്ചുനിന്ന യൗസേപ്പ് അവളോട് യാതൊന്നും പറയാതെ ആ വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുകയാണ്. പകല്‍ മുഴുവന്‍ അയാള്‍ റബ്ബിമാരുടെ അടുത്തും ഗ്രന്ഥപുരകളിലുമായി ചെലഴിച്ചു. കിരാതമായ കല്ലേറില്‍നിന്നും മറിയത്തെ രക്ഷിക്കാന്‍ എന്തെങ്കിലും വഴികളുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു ആ നീതിമാന്‍. പക്ഷേ, നിയമവും ഗുരുക്കന്മാരും ഒരേ സ്വരത്തില്‍ അയാളോടു പറഞ്ഞു, ‘അവളെ കല്ലെറിയുക!’ ദൈവമേ, ഒരു വഴി കാണിക്കണേ എന്ന നെടുവീര്‍പ്പോടെ തിരികെ വീട്ടിലെത്തി ഉറങ്ങാന്‍കിടന്ന യൗസേപ്പിന് ഒരു ദര്‍ശനം ഉണ്ടാവുകയാണ്. കോമളനായ ഒരു ശിശു യൗസേപ്പിനെയും മറിയത്തെയും സ്വര്‍ഗത്തിന്റെ പടിക്കെട്ടുകള്‍ കൈപിടിച്ചുകയറ്റുന്നു. നിദ്രയില്‍ നിന്നും ചാടിയെഴുന്നേറ്റ യൗസേപ്പിനുമുന്നില്‍ രക്ഷാകര രഹസ്യങ്ങള്‍ ഒന്നൊന്നായി ചുരുളഴിഞ്ഞു. പിന്നീടൊരിക്കലും യൗസേപ്പ് ആകുലനായിട്ടില്ല. എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ചു ജീവിക്കാന്‍ ആ പിതാവ് പഠിച്ചുകഴിഞ്ഞിരുന്നു.

മറിയത്തെ ഭാര്യയായി സ്വീകരിക്കുക എ ന്നത് ദൈവികപദ്ധതിയാണ് എന്നു തിരിച്ചറിഞ്ഞ തച്ചനായ യൗസേപ്പ്, യൗസേപ്പിതാവായി മാറുകയാണ്. ”മറ്റൊരാളുടെ ഉത്തരവാദിത്വം എപ്പോള്‍ ഏറ്റെടുക്കുന്നുവോ, അപ്പോള്‍ ഒരു മനുഷ്യന്‍ പിതാവായി മാറുന്നു” എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിനെക്കുറിച്ചുള്ള പഠനത്തില്‍ പറയുന്നുണ്ട്. പിതാവായി മാറിയ യൗസേപ്പ് നമ്മോട് ആവശ്യപ്പെടുന്നത്, നമ്മുടെ ചുറ്റുമുള്ള വ്യക്തികളുടെയും വസ്തുക്കളുടെയും പ്രകൃതിയുടെയും ഉത്തരവാദിത്വമുള്ള കാര്യസ്ഥരായി നാം മാറണമെന്നാണ്.

ദൈവം ഏല്‍പിച്ച ഉത്തരവാദിത്വങ്ങളോട് അങ്ങേയറ്റം വിശ്വസ്തനായിരുന്നു യൗസേപ്പ് എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. യൗസേപ്പിതാവ് തന്റെ പ്രാര്‍ഥനയിലൂടെയും അനുസരണത്തിലൂടെയും ദൈവികപദ്ധതികളോടുള്ള സഹകരണത്തിലൂടെയും വിശ്വസ്തതയിലൂടെയും തന്റെ ജീവിതത്തില്‍ പുതിയ ആരംഭങ്ങള്‍ കുറിച്ചതുപോലെ ദൈവം നമുക്കായി ഒരുക്കിവച്ചിരിക്കുന്ന പുതിയ ആരംഭങ്ങളിലേക്ക് ദൈവത്തിന്റെ കരം പിടിച്ചുകൊണ്ട് നമുക്കും നടന്നടുക്കാം.
ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്രദര്‍ കെവിന്‍ ചേരുംതടത്തില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.