ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,
‘സുവിശേഷത്തിന്റെ സന്തോഷം’ എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സമര്‍ഥിക്കുന്ന ആശയം, യേശുവും അവന്റെ സുവിശേഷവും കടന്നുചെല്ലുന്ന വ്യക്തികള്‍ സന്തോഷം കൊണ്ടു നിറയുന്നു എന്നതാണ്. സുവിശേഷം, പ്രത്യേകിച്ചും ലൂക്കായുടെ സുവിശേഷം ആനന്ദത്തിന്റെ സുവിശേഷമാണ്. അത് ഒന്നാം അധ്യായത്തില്‍ സഖറിയായ്ക്ക് ലഭിക്കാനിരിക്കുന്ന ആനന്ദത്തെപ്പറ്റി പറഞ്ഞുകൊണ്ട് ആരംഭിക്കുന്നു. 24-ാം അധ്യായത്തില്‍ യേശുവിന്റെ സ്വര്‍ഗാരോഹണത്തിനുശേഷം വര്‍ധിച്ച ആനന്ദത്തോടെ ജെറുസലേമിലേക്കു പോകുന്ന അപ്പസ്‌തോലന്മാരെക്കുറിച്ച് പറഞ്ഞുകൊണ്ട് അവസാനിക്കുന്നു.
ഇത് മംഗളവാര്‍ത്താക്കാലമാണ്. പേര് സൂചിപ്പി ക്കുന്നതുപോലെ സന്തോഷവാര്‍ത്തയുടെ കാലം. വയോധികനായ സഖറിയായ്ക്ക് സന്തോഷം, വന്ധ്യയായ എലിസബത്തിന് സന്തോഷം, മംഗള വാര്‍ത്ത കേട്ട മറിയത്തിന് സന്തോഷം, മറിയത്തിന്റെ അഭിവാദനസ്വരം കേട്ട എലിസബത്തിന്റെ ഗര്‍ഭസ്ഥശിശുവിന് – നമ്മുടെ യോഹന്നാന് കുതിച്ചുചാടാന്‍ സന്തോഷം. യോഹന്നാന്റെ ജനനവാര്‍ത്ത കേട്ട് നാട്ടുകാര്‍ക്ക് മുഴുവന്‍ സന്തോഷം.
സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്തയുമായി ഒരുവന്‍ വരികയാണ്. അവന്റെ മുന്നോടിയായി യോഹന്നാന്റെ വരവിന്റെ വൃത്താന്തവും ആനന്ദദായകമാണ്. ഈ ആനന്ദത്തിന്റെ സുവിശേഷമാണ് ഇന്ന് മംഗളവാര്‍ത്താക്കാലം മൂന്നാം ഞായറില്‍ തിരുസഭ നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത്. വി. ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം 57 മുതല്‍ 66 വരെയുള്ള തിരുവചനങ്ങള്‍. കേവലം ഭൗതികസന്തോഷമല്ലിത്. ഭൗതികവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന സന്തോഷവമല്ല. സ്വര്‍ഗം/ ദൈവമാണ് ഈ ആനന്ദത്തിന്റെ ഉറവിടം. ആന്തരികവും ശാശ്വതവുമായ ആനന്ദമാണിത്.
വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവത്തിന്റെ ചിത്രമാണ് ലൂക്കാ സുവിശേഷകന്‍ നമുക്കു മുന്‍പില്‍ വരച്ചുകാണിക്കുന്നത്. ഇസ്രായേലിന്റെ രക്ഷയെക്കുറിച്ചുള്ള വാഗ്ദാനം, ദൈവരാജ്യം വരുന്നതിനെക്കുറിച്ച്, രക്ഷകന്‍ വരുന്നതിനെക്കുറിച്ചുള്ള വാഗ്ദാനം. എല്ലാം ക്രിസ്തുവിന്റെ ആഗമനത്തോടെ നിറവേറുകയാണ്. അതിന്റെ സൂചനയാണ് ക്രിസ്തുവിനു മുന്നോടിയായി വരുന്ന സ്‌നാപകയോഹന്നാന്റെ ജനനം. സ്‌നേഹമായതുകൊണ്ടാണ് ദൈവം വിശ്വസ്തനായിരിക്കുന്നത്. വാഗ്ദാനങ്ങളില്‍ വിശ്വസ്തന്‍. ആരെയും കൈവിടാത്തവന്‍, പ്രാര്‍ഥന കേള്‍ക്കുന്നവന്‍, ആവശ്യങ്ങള്‍ നിറവേറ്റുന്നവന്‍, സ്‌നേഹിക്കുന്നവരുടെ പക്കലേക്ക് ഇറങ്ങിവരുന്നവന്‍, സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി പദ്ധതിയുണ്ടാക്കുന്നവന്‍, അത് നിറവേറ്റുന്നവന്‍ എല്ലാം അവന്റെ സമയക്രമത്തിലാണെന്നുമാത്രം.
പ്രധാനമായും രണ്ട് സന്ദേശങ്ങളാണ് ഇന്നത്തെ സുവിശേഷഭാഗം നമുക്കായി സമ്മാനിക്കുക. കാത്തിരിക്കുക, ഒരുങ്ങുക. ഒന്നാമതായി മനസ്സ് മടുക്കാതെ കാത്തിരിക്കുക. ചോദിക്കുക, മുട്ടുക, അന്വേഷിക്കുക, അവസാനം വരെ വിശ്വസ്തരായിരിക്കുക ഇതൊക്കെയാണ് മനുഷ്യരില്‍നിന്നും ദൈവം പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള മനു ഷ്യരുടെ ഉത്തമ മാതൃകകളാണ് സഖറിയയും എലിസബത്തും. തനിക്ക് മക്കളെ തരാനാകാത്ത ഭാര്യയോടും ദീര്‍ഘനാളത്തെ പ്രാര്‍ഥന കേള്‍ക്കാത്ത ദൈവത്തോടും വിട്ടുവീഴ്ചയില്ലാത്തവിധം സഖറിയ വിശ്വസ്തനായിരുന്നു. തങ്ങള്‍ക്കും അനേകര്‍ക്കും ആനന്ദവും സന്തോഷവും തരുന്ന സദ്വാര്‍ത്ത കേള്‍ക്കാന്‍ ഭാഗ്യം നല്‍കി ദൈവം സഖറിയ – എലിസബത്ത് ദമ്പതിമാരെ അനുഗ്രഹിച്ചു. അതെ, പ്രത്യാശയോടെ കാത്തിരിക്കുക എന്നത് വിശ്വാസികളായ നാമോരോരുത്തരും വളര്‍ത്തിയെടുക്കേണ്ട മഹത്തായ പുണ്യമാണ്.
രണ്ടാമതായി ഒരുങ്ങുക. കാത്തിരിക്കുക എന്നതു പോലെതന്നെ ബൈബിളിലെ മറ്റൊരു പ്രധാന പ്രമേയമാണ് ഒരുങ്ങുക, ഒരുക്കുക എന്നത്. സഖറിയയ്ക്കു ലഭിച്ച ശിക്ഷയെ, ഒരു ശിക്ഷയായിട്ടല്ലാതെ ഒരുക്കത്തിനുള്ള നിര്‍ദേശമായും കാണാവുന്നതാണ്. നിന്റെ ജീവിതത്തില്‍ സംഭവിക്കാന്‍പോകുന്ന മഹത്കാര്യങ്ങള്‍ക്കുവേണ്ടി അത് സംഭവിക്കുന്നതുവരെ നീ മൗനിയായി ധ്യാനിച്ചും പ്രാര്‍ഥിച്ചൊരുങ്ങുക. ജീവിതത്തിന്റെ നല്ലൊരു ഭാഗവും സമയവും സ്വത്തും ഭൗതികകാര്യങ്ങള്‍ക്കായി ചെലവഴിക്കുന്ന നമ്മള്‍ ഇന്ന് വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു സ്വര്‍ഗീയസന്തോഷം എന്നില്‍ പിറവിയെടുക്കാന്‍, ദൈവം എന്നില്‍ അവതരിക്കാന്‍ എത്രത്തോളം ഒരുക്കമുള്ളവരാണ് നാം.
ഇന്നത്തെ പഴയനിയമ വായനകളും ലേഖനവും വിരല്‍ചൂണ്ടുന്നതും ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും അനിവാര്യതയിലേക്കു തന്നെയാണ്. ഉല്‍പത്തി പുസ്തകത്തിലെ വായനയിലൂടെ അബ്രാഹവും സാറായും എപ്രകാരമാണ് ഇസഹാക്കിന്റെ ജനനത്തിനായി ഒരുങ്ങിയതെന്ന് പറഞ്ഞുവയ്ക്കുമ്പോള്‍ ഏശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നത് അവന്റെ സമയത്തിനായി കാത്തിരിക്കുക എന്നാണ്. പൗലോസ് ശ്ലീഹാ കൊറിന്തോസുകാര്‍ക്കുള്ള തന്റെ ഒന്നാം ലേഖനത്തില്‍ ഉദ്ദേശിക്കുന്ന കാര്യവും തിരഞ്ഞെടുക്കപ്പെട്ടവര്‍ ഒരുക്കമുള്ളവരായിരിക്കണം എന്ന സന്ദേശം തന്നെയാണ്.
പ്രിയമുള്ളവരെ, ഒരുക്കത്തോടെ, മനസ്സ് മടുക്കാതെ കാത്തിരുന്നാല്‍ ദൈവം ഇടപെടും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് സ്‌നാപകന്റെ ജനനം. ജീവിതത്തില്‍ ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളും കാത്തുസൂക്ഷിക്കുന്നവരാണ് നാമെല്ലാം. നമ്മുടെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും തകര്‍ത്ത് വേദനയും ദുഃഖവും മറ്റ് ശാരീരിക-മാനസികനൊമ്പരങ്ങളും കടന്നുവരുമ്പോള്‍ നമുക്ക് ഓര്‍ക്കാം, നമുക്കുവേണ്ടി ക്ഷേമത്തിനുള്ള പദ്ധതി വിഭാവനം ചെയ്യുന്ന ഈശോ എപ്പോഴും നമ്മോടു കൂടെയുണ്ടെന്ന്. യുദ്ധവും ആക്രമണങ്ങളും അശാന്തി പരത്തുന്ന ഈ കാലത്ത് അസാധ്യതകളെ സാധ്യതകളാക്കാന്‍ കെല്‍പുള്ള ദൈവം, അവന്റെ സമയത്തില്‍ ഇടപെടുമെന്ന് നമുക്ക് പ്രത്യാശിക്കാം. അതെ, ഒരുക്കത്തോടെ മനസ്സു മടുക്കാതെ നമുക്ക് കാത്തിരിക്കാം. നമുക്ക് സുപരിചിതമായ ‘ഇലപൊഴിയും കാലങ്ങള്‍ക്കപ്പുറം’ എന്ന ഭക്തിഗാനത്തിലെ ഈരടികള്‍ ഇപ്രകാരമാണ്: ‘പ്രത്യാശയോടെ നീ ദൈവത്തെ നോക്കിയാല്‍ ഉത്തരം ദൈവം നല്‍കുമെന്ന് അറിഞ്ഞിടേണം.’
പ്രിയമുള്ളവരെ, ഇത് നമുക്കും ഒരു ക്ഷണമാണ്. ദൈവീകപദ്ധതികള്‍ക്കു മുന്‍പില്‍ സ്വയം സമര്‍പ്പിക്കാനും വിനയത്തോടെ ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാനും അതിനായി ഒരുങ്ങാനുമുള്ള ഒരു ക്ഷണം. ഓരോ വിശുദ്ധ കുര്‍ബാനയിലൂടെയും തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തിന്റെ സ്‌നേഹപദ്ധതിക്കു മുന്‍പില്‍ നമുക്ക് നമ്മെ പൂര്‍ണ്ണമായി സമര്‍പ്പിക്കാം. വി. തോമസ് അക്വിനാസ് ഇപ്രകാരം പറയുന്നു: ”ജനിച്ചുകൊണ്ട് അവന്‍ നമുക്ക് സഹയാത്രികനായി. നമ്മോടൊപ്പം ഭക്ഷിച്ചു കൊണ്ട് അവന്‍ നമുക്ക് ഭക്ഷണമായി. മരിച്ചുകൊണ്ട് അവന്‍ നമുക്ക് ജീവനായി. സ്‌നേഹത്തില്‍ വാണുകൊണ്ട് അവന്‍ നമുക്ക് സ്‌നേഹസമ്മാനമായി.” സ്‌നേഹസമ്മാനമായി, നമ്മുടെ ജീവിതയാത്രയില്‍ സഹയാത്രികനായി, ജീവന്റെ ഭക്ഷണമായി ഈശോ കടന്നുവരുന്ന ഈ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ നമുക്കും പ്രാര്‍ഥിക്കാം. ഈശോയേ, നിന്റെ സ്‌നേഹത്തില്‍ നിലനിന്ന്, നിന്റെ സമയത്തിനായി മനസ്സ് മടുക്കാതെ കാത്തി രിക്കാനുള്ള കൃപ എനിക്ക് തരണമേ.”
ദിവ്യകാരുണ്യ നാഥന്‍ നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമേന്‍.
ബ്രദര്‍ ആര്‍വിന്‍ റോയ് വള്ളോംകുന്നേല്‍ MCBS