ഞായർ പ്രസംഗം: മംഗളവർത്ത രണ്ടാം ഞായർ, ഡിസംബർ 08 ലൂക്കാ 1: 26-38, ധീരതയോടെയുള്ള പ്രത്യുത്തരം

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരെ,

മാനവകുലത്തിന് ഏറ്റവും വലിയ സന്തോഷവും രക്ഷാകരവുമായ സദ്‌വാര്‍ത്തയായിരുന്നു ദൈവം അവന്റെ കൂടെ വസിക്കാന്‍ വരുന്നു എന്നുള്ളത്. മനുഷ്യന് എന്നും മംഗളകരമായ ആ വാര്‍ത്ത, ദൈവവും മനുഷ്യനും ഒന്നുചേര്‍ന്ന് രക്ഷ സാധ്യമാണ് എന്ന് പ്രഖ്യാപിച്ച ഉടമ്പടിയുടെ ദിനം. രക്ഷാകരചരിത്രത്തില്‍ ദൈവഹിതത്തോട് മനുഷ്യന്‍ പ്രത്യുത്തരിച്ച ദിനം. ഈ ദിവസത്തെ പഴയനിയമ വായനകളില്‍ നിഴലിക്കുന്നതും രക്ഷയുടെ അറിയിപ്പുകളാണ്. ലേഖനഭാഗത്ത് മിശിഹാരഹസ്യം സ്വീകരിക്കുന്നതിനും പ്രഘോഷിക്കുന്നതിനും വേണ്ടിയുള്ള ശക്തിക്കായി പ്രാര്‍ഥിക്കാന്‍ പൗലോസ് ശ്ലീഹാ ആഹ്വാനം ചെയ്യുന്നു.

യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള മംഗളവാര്‍ത്തയുടെ പ്രത്യേകതകളെപ്പറ്റിയുള്ള ധ്യാനമാണ് തിരുസഭാമാതാവ് ഇന്ന് നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത്. ഭൂമിക്കു നല്‍കാനുള്ള സ്വര്‍ഗത്തിന്റെ സുപ്രധാനമായ ഒരു വാര്‍ത്തയായിരുന്നു മംഗളവാര്‍ത്ത എന്നതിനാലാണ് ദൈവം തന്റെ ദൂതരില്‍ മുഖ്യനായവനിലൂടെ ഈ വാര്‍ത്ത അറിയിച്ചത്. ദൈവശക്തിയുടെ ഇടപെടലും പ്രകടനവുമാണ് ഗബ്രിയേലിന്റെ ആഗമനം കൊണ്ട് നാം മനസ്സിലാക്കുന്നത്. ദൈവത്താല്‍ അയയ്ക്കപ്പെട്ടു എന്ന് പറയുമ്പോള്‍തന്നെ ഇത് ദൈവത്തിന്റെ തീരുമാനമായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. മനുഷ്യചരിത്രത്തില്‍ (ക്രോണോസ്) ദൈവം ഇടപെടുന്ന, വെളിപ്പെടുന്ന (കായ്റോസ്) സമയമായി ഈ സംഭവം മാറുകയാണ്. അനുസരണക്കേടും പാപവും വഴി മനുഷ്യനു നഷ്ടപ്പെട്ട ഛായയും സാദൃശ്യവും അവനില്‍ പുനരുദ്ധരിക്കാന്‍ ദൈവം തന്നെ തയ്യാറായ രക്ഷയുടെ നിമിഷങ്ങള്‍.

ദൂതനില്‍നിന്നു കേട്ട വാക്കുകള്‍ മറിയത്തെ സംബന്ധിച്ചിടത്തോളം ഒരു മംഗളവാര്‍ത്ത ആയിരുന്നു എന്ന് സുവിശേഷത്തിന്റെ ആദ്യഭാഗത്തുനിന്ന് നമുക്ക് തോന്നുകയില്ല. കാരണം, ഒരു യഹൂദ പെണ്‍കുട്ടി എന്ന നിലയില്‍ മറ്റ് യഹൂദരെപ്പോലെ യഹൂദനിയമങ്ങളില്‍ അറിവുള്ള ഒരു യുവതിയായിരുന്നു പരിശുദ്ധ മറിയം. അതിനാല്‍തന്നെ വിവാഹത്തിനുമുന്‍പ് താന്‍ ഗര്‍ഭവതിയാകും എന്നറിഞ്ഞ മറിയത്തിന്റെ മനസ്സിലൂടെ കടന്നുപോയിരുന്ന നിയമം, നിയമാ. 22:23 വാക്യമാകാം. ‘ഒരു വ്യഭിചാരിണിയെ കല്ലെറിഞ്ഞു കൊല്ലണം’ എന്ന നിയമം. ആ അറിവുള്ളതുകൊണ്ടാകാം മറിയം ദൂതനോട് ‘ഇതെങ്ങനെ സംഭവിക്കും’ എന്നു ചോദിക്കുന്നത്. എന്നാല്‍ ദൂതന്‍ നല്‍കുന്ന വിശദീകരണങ്ങള്‍ക്കുമുന്നില്‍ മറിയം ഈ ദുഃഖവാര്‍ത്തയെ മംഗളവാര്‍ത്തയാക്കി മാറ്റിക്കൊണ്ട് ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന് ധീരതയോടെ പ്രത്യുത്തരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. പരിശുദ്ധാത്മാവാല്‍ ദൈവശക്തി നിന്നില്‍ ആവസിക്കുമെന്നും ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്നൊക്കെയുള്ള ദൂതന്റെ വിശദീകരണങ്ങളായിരുന്നു ധീരതയോടെ ദൈവഹിതത്തോട് പ്രത്യുത്തരിക്കാന്‍ മറിയത്തിന് ബലം പകര്‍ ന്നത്.

പ്രിയമുള്ളവരേ, മനുഷ്യജീവിതം ഇന്ന് പലവിധത്തിലുള്ള പ്രശ്‌നങ്ങളാല്‍ കലുഷിതമാണ്. അത് ഓരോരുത്തരുടെയും ജീവിതത്തില്‍ വ്യത്യസ്ത രീതികളിലാണെന്നുമാത്രം. വി. അഗസ്തീനോസ് പറയുന്നതുപോലെ, ”വേദനകളില്ലാത്ത ഒരു ദൈവപൈതലും ഈ ഭൂമയിലില്ല” എന്നുള്ളതാണ് യാഥാര്‍ഥ്യം. മനുഷ്യജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരം കണ്ടെത്താനൊന്നും നമുക്ക് കഴിഞ്ഞെന്നുവരില്ല. അസ്വസ്ഥതയുടെ നെരിപ്പോടില്‍ പലപ്പോഴും നാം വെന്തുരുകിയേക്കാം. എന്നാല്‍, നമ്മെ സൃഷ്ടിച്ചവന്‍, തന്റെ ജീവന്‍ നല്‍കി നമ്മെ രക്ഷിച്ചവന്‍, നമ്മെ നിത്യം പരിപാലിക്കുന്നവന്‍, കുര്‍ബാനയായും പരിശുദ്ധാത്മാവ് വഴിയായും നമ്മോടൊത്തു വസിക്കുന്നവന്‍, അവനറിയാതെ എന്റെ ജീവിതത്തില്‍ ഒന്നും സംഭവിക്കില്ല എന്ന ഒരു ബോധ്യവും, അവിടുത്തേക്ക് അസാധ്യമായി ഒന്നുമില്ല എന്നുള്ള ഉറപ്പുമായിരിക്കണം ജീവിതപ്രതിസന്ധികളെ നേരിടുന്നതിനുവേണ്ടിയുള്ള നമ്മുടെ ബലം. എന്റെ ജീവിതത്തിന് നിയതമായ അര്‍ഥവും ലക്ഷ്യവും നല്‍കാന്‍, എന്റെ ജീവിതത്തെ ദൈവഹിതാനുസൃതം രൂപപ്പെടുത്താന്‍, പ്രലോഭനങ്ങളെ അതിജീവിച്ച് എന്റെ ആത്മീയജീവിതത്തിന് കരുത്തേകാന്‍ ദൈവം നയിക്കുന്ന വഴിത്താരകളാണ് എന്റെ ജീവിത ത്തിലെ പ്രതിസന്ധികള്‍ എന്ന് നാം ഓരോരുത്തരും മനസ്സിലാക്കണം.

ദൈവഹിതത്തിനു മുന്‍പില്‍ ‘യെസ്’ എന്നു പറയാനും പ്രലോഭനങ്ങളോട് ‘നോ’ എന്നുപറയാനും ഒരു ധീരത നമുക്ക് ആവശ്യമാണ്. ആഞ്ചെലോസ് മായ പറയുന്നു: ”ധീരതയാണ് എറ്റവും വലിയ പുണ്യം. അവ കൂടാതെ മറ്റു മൂല്യങ്ങളില്‍ മുന്നോറാന്‍ നമുക്ക് സാധിക്കുകയില്ല.” ഏദന്‍ തോട്ടത്തില്‍ ഹവ്വ കാണിക്കാതിരുന്ന ഈ ധീരത നസ്രത്തിലെ ഈ എളിയ കന്യക കാണിച്ചപ്പോള്‍ മാനവകുലം രക്ഷയിലേക്കു നയിക്കപ്പെട്ടു.
ദൈവഹിതത്തോട് പ്രത്യുത്തരിക്കുന്ന നമ്മുടെ ധീരതയാണ് നമ്മുടെ രക്ഷയായി പരിണമിക്കുന്നത്. പ്രത്യുത്തരിക്കുമ്പോഴുണ്ടായ അതേ ധൈര്യത്തോടുകൂടെ മറിയം മുന്നോട്ടുനീങ്ങുന്നു. പിന്നീടുള്ള അവളുടെ വഴികളിലൊന്നും ദൂതനെ നാം കാണുന്നില്ല. ദൈവഹിതത്തിനു സമര്‍പ്പിക്കപ്പെട്ടവരാണെന്ന ബോധ്യം തന്നെ നമ്മുടെ വിശ്വാസജീവിത്തിന് കരുത്ത് നല്‍കുന്നതാണ്.

അനുദിനം, അനുനിമിഷം ദൈവം തന്റെ മംഗളവാര്‍ത്തയുമായി നമ്മുടെ രക്ഷാസന്ദേശവുമായി നമ്മുടെ മുന്‍പില്‍ എത്തുന്നുണ്ട്. അവയൊന്നും നയനമനോഹരവും കാതിന് ഇമ്പകരവും ആയിരിക്കണമെന്നില്ല. എന്നാല്‍ അവയിലൂടെയുള്ള ദൈവസ്വരം തിരിച്ചറിയാനും അവയോട് പ്രത്യുത്തരിക്കാനും വേണ്ട ധീരത നമുക്കുണ്ടായിരിക്കണം.

പരിശുദ്ധ അമ്മയെപ്പോലെ ദൈവകൃപയാല്‍ നിറഞ്ഞെങ്കില്‍മാത്രമേ ഈ ധീരത നമുക്ക് ലഭിക്കുകയുള്ളൂ. രക്ഷാകര രഹസ്യങ്ങളെ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും സ്വീകരിക്കാന്‍വേണ്ട കൃപയ്ക്കായി നമുക്ക് പ്രാര്‍ഥിക്കാം. അങ്ങനെയുള്ള ഹൃദയത്തില്‍നിന്നും മാത്രമേ സ്‌തോത്രഗീതം നിര്‍ഗളിക്കുകയുള്ളൂ.

ബ്രദര്‍ അനീഷ് വെള്ളാംതടത്തില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.