ഞായർ പ്രസംഗം: മംഗളവാർത്താക്കാലം ഒന്നാം ഞായർ, ഡിസംബർ 01 ലൂക്കാ 1: 5-25 കാത്തിരിപ്പ്

ദിവ്യകാരുണ്യ ഈശോയില്‍ പ്രിയപ്പെട്ടവരേ,

മംഗളവാര്‍ത്താക്കാലത്തിലൂടെ പുതിയ ആരാധനാക്രമവത്സരത്തിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. ഈ കാലഘട്ടത്തിന്റെ ചൈതന്യം രക്ഷയുടെ സദ്വാര്‍ത്തയുടെ പ്രഘോഷണത്തിന്റേതാണ്. രക്ഷകന്റെ ജനനത്തിനായുള്ള കാത്തിരിപ്പാണ് മംഗളവാര്‍ത്താക്കാലം. രക്ഷകന്റെ വരവിനായി ഒരു ജനത കാത്തിരുന്നതുപോലെ നമുക്കും പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള ഓര്‍മപ്പെടുത്തലാണിത്.

കാത്തിരിക്കുന്നവനാണ് മനുഷ്യന്‍. ജീവിതത്തിന്റെ നല്ലൊരു ഭാഗം കാത്തിരിപ്പില്‍ ചിലവഴിക്കുന്നവരാണ് ഓരോ മനുഷ്യരും. കാത്തിരിക്കാനുള്ള കഴിവ് ദൈവദാനമാണ്. കാത്തിരിപ്പ് പ്രത്യാശയുടെ പ്രവര്‍ത്തിമാര്‍ഗമാണ്. കാത്തിരിപ്പ് ദൈവികമാണ്. ദൈവവും കാത്തിരിക്കുന്നവനാണ്. മനുഷ്യന്റെ ഓരോ കാത്തിരിപ്പും സഫലമാകുന്നത് ദൈവം കടന്നുവരുമ്പോഴാണ്.

ദൈവജനത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തുന്നതിന്റെ ആമുഖമായി ദൈവം ഒരു വൃദ്ധദാമ്പത്യത്തിന്റെ നീണ്ട കാത്തിരിപ്പിന് ഉത്തരം കൊടുക്കുന്നതാണ് ഇന്നത്തെ സുവിശേഷം. ഇന്നത്തെ സുവിശേഷത്തില്‍ ഒരു പുരോഹിതനെ നാം കാണുന്നു. അബിയായുടെ ദണത്തില്‍ സഖറിയ എന്ന പുരോഹിതന്‍. പൗരോഹിത്യവിധിപ്രകാരം കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച് ധൂപാര്‍പ്പണം നടത്താനുള്ള ശ്രേഷ്ഠമായ ശുശ്രൂഷയ്ക്ക് അദ്ദേഹം നിയുക്തനായി. സഖറിയായും എലിസബത്തും ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. അവര്‍ക്ക് മക്കളില്ലായിരുന്നു.

ധൂപം സമര്‍പ്പിക്കാന്‍ തനിക്ക് കുറി വീണപ്പോള്‍ സഖറിയ തിരിഞ്ഞുനടന്നില്ല. സന്തോഷത്തോടെ ദൈവശുശ്രൂഷയ്ക്ക് തയ്യാറായി. അവിടെ സന്ദേശവാഹകന്‍ സഖറിയായുടെ കാത്തിരിപ്പിനുള്ള ഉത്തരമായി കാത്തിരിപ്പുണ്ടായിരുന്നു. ക്രിസ്തുവിന്റെ വഴിയൊരുക്കുന്നവന്റെ ജനനം വിസ്മയകരമായിരിക്കണമെന്ന് ദൈവം തീരുമാനിച്ചതിന്റെ ഫലമാണ് സഖറിയായുടെയും എലിസബത്തിന്റെയും കാത്തിരിപ്പ്. ”ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്” (1 പത്രോസ് 5: 6-7). ഈ തക്ക സമയത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ് ഒരു വിശ്വാസിയുടെ പ്രാര്‍ഥന. നമ്മുടെ ജീവിതത്തിലും ദൈവിക ഇടപെടലിനായി പ്രത്യാശയോടെ കാത്തിരിക്കുക. വേദനകളിലും നിരാശകളിലും അസ്വസ്ഥതകളിലും നല്ലതിനായി കാത്തിരിക്കാനാണ് ഇന്നത്തെ വചനം പഠിപ്പിക്കുന്ന ആദ്യപാഠം.

രണ്ടാമതായി ദൈവത്തിന്റെ സന്ദേശം ലഭിക്കാനുള്ള തുറവി സഖറിയായ്ക്കുണ്ടായിരുന്നു. ‘വി. ജൊവാന്‍’ എന്ന ബര്‍ണാഡ്ഷായുടെ നാടകത്തിലെ ഒരു രംഗം ഇപ്രകാരമാണ്. ജൊവാനിക്ക് ദൈവത്തില്‍നിന്ന് എപ്പോഴും ദര്‍ശനങ്ങളുണ്ടാകുന്നു. ഇത് സഹിക്കാതെ ഡോഫിന്‍ ജൊവാനെ കുറ്റപ്പെടുത്തുന്നു. ”ഓ, നിന്റെ സ്വരം, നിന്റെ സ്വരം! ആ ദൈവസ്വരം ഞാന്‍ എന്നാണ് കേള്‍ക്കുന്നത്?” ജൊവാന്‍ പറഞ്ഞു: ”ആ സ്വരം നിന്നെയും തേടിവരുന്നുണ്ട്. പക്ഷേ, അത് കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ല നീ. ആ സ്വരം കേള്‍ ക്കാന്‍ നീ നിന്നെത്തന്നെ സമര്‍പ്പിക്കുന്നില്ല.” ദൈവത്തിന്റെ സ്വരം എല്ലാവരിലും എത്തുന്നുണ്ട്. പക്ഷേ, അത് സ്വീകരിക്കാന്‍ തക്കവിധം നമ്മുടെ കാതുകള്‍ തയ്യാറായിട്ടില്ല. ജീവിതത്തിന്റെ ഒരവസ്ഥ സൗഭാഗ്യമോ, ദൗര്‍ഭാഗ്യമോ എന്തുമാകട്ടെ, ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ തക്കവിധം ഒരുക്കമുള്ളവനായി സഖറിയ ധൂപാര്‍പ്പണത്തിനു പ്രവേശിച്ചതുപോലെ ഒരുക്കത്തോടും എളിമയോടും കൂടെ ഹൃദയങ്ങളെ ഒരുക്കാം.

ദൈവം അരുള്‍ചെയ്ത കാര്യങ്ങള്‍ എലിസബത്തില്‍ സംഭവിച്ചു. അവര്‍ പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തിന്റെ പ്രവര്‍ത്തികളെ സ്വീകരിച്ചു മഹത്വപ്പെടുത്തി.
ഈ മംഗളവാര്‍ത്താക്കാലത്തില്‍ രക്ഷകനെ സ്വീകരിക്കാന്‍ നമുക്ക് ഹൃദയമൊരുക്കാം. നമ്മുടെ ഭവനത്തിലേക്കും രക്ഷകന്‍ വരാന്‍ നമുക്ക് വഴിയൊരുക്കാം, ആമ്മേന്‍.

ബ്രദര്‍ ജോസഫ് ജെസ്റ്റി കണ്ണേലാത്ത് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.