ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരെ,
സഭ മാതാവും ഗുരുനാഥയുമാണ്; അവള്‍ കര്‍ത്താവിന്റെ മണവാട്ടിയുമാണ്. സ്വര്‍ഗം ലക്ഷ്യമാക്കിനീങ്ങുന്ന ക്രിസ്തുവിശ്വാസികളുടെ കൂട്ടായ്മയുമാണത്. വിജയകിരീടമണിഞ്ഞ് യുഗാന്ത്യത്തില്‍ സ്വര്‍ഗീയ ജെറുസലേമിലേക്ക് മണവാളന്‍ തന്റെ മണവാട്ടിയായ സഭയെ സ്വീകരിക്കുന്നതാണ് പള്ളിക്കൂദാശാക്കാലത്തിന്റെ പ്രമേയവും ധ്യാനവിഷവും. ആരാധനാക്രമവത്സരത്തിലെ അവസാന ആഴ്ചയില്‍ നമ്മുടെ വിശ്വാസയാത്ര എത്തിനില്‍ക്കുമ്പോള്‍ തിരുസഭ ഇന്ന് മിശിഹായുടെ രാജത്വത്തിരുനാള്‍ സാഘോഷം കൊണ്ടാടുകയാണ്. ഏവര്‍ക്കും ക്രിസ്തുവിന്റെ രാജത്വത്തിരുനാളിന്റെ മംഗളങ്ങള്‍ പ്രാര്‍ഥനാപൂര്‍വം ആശംസിക്കുകയാണ്.
കുഞ്ഞുനാള്‍ മുതല്‍ നമ്മുടെയൊക്കെ മനസ്സില്‍ പച്ചകടാതെ സൂക്ഷിച്ചുവച്ചിരിക്കുന്ന ഓര്‍മകളിലൊന്ന് ക്രിസ്തുരാജന്റെ തിരുനാള്‍ റാലികളായിരിക്കും. ആവേശത്തോടെ നേതാവ് ശബ്ദം ഉയര്‍ത്തി ‘ആരാ നമ്മുടെ രാജാവ്’ എന്ന് ചോദിക്കുമ്പോള്‍ അണികളായ കുഞ്ഞുങ്ങള്‍ ഉറക്കെ വിളിച്ചുപറയും ‘ക്രിസ്തു നമ്മുടെ രാജാവ്.’ ഈ ദിനം നമ്മളോട് ആവശ്യപ്പെടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്നാമതായി, രാജാവായ ക്രിസ്തുവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്‌നേഹിക്കണം. രണ്ടാമതായി രാജാവായ ക്രിസ്തുവിന്റെ ജീവിതശൈലിയും ദര്‍ശനങ്ങളും നാം ജീവിതത്തില്‍ വളര്‍ത്തണം.
1925 ല്‍ പതിനൊന്നാം പിയൂസ് മാര്‍പാപ്പയാണ് ഈശോയുടെ രാജത്വത്തിരുനാള്‍ സഭയില്‍ ഔദ്യോഗികമായി ആഘോഷിക്കാന്‍ തുടക്കമിട്ടത്. അന്ന് യൂറോപ്പില്‍ നിലനിന്നിരുന്ന മതേതരത്വം, ദേശീയത എന്നിങ്ങനെ രണ്ട് പ്രശ്‌നങ്ങള്‍ക്കുള്ള ഒരു മറുപടി എന്ന നിലയിലാണ് ഇപ്രകാരമൊരു പെരുനാള്‍ ആഘോഷിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്. പൗരസ്ത്യദേശത്തെ രാജസങ്കല്‍പത്തില്‍ രാജാവിന്റെ പ്രധാനദൗത്യം രാജ്യത്തെ ക്രമസമാധാനം സ്ഥാപിക്കാന്‍ യുദ്ധംവഴി ബാഹ്യശത്രുക്കളുടെ ആക്രമണത്തില്‍നിന്നും രാജ്യത്തെ രക്ഷിക്കുക എന്നതും നിയമംവഴി ആഭ്യന്തരക്രമരാഹിത്യത്തെ ഉന്മൂലനം ചെയ്ത് ക്രമം സംസ്ഥാപിക്കുക എന്നതുമായിരുന്നു. രാജത്വം നാടുനീങ്ങിയ ഇക്കാലത്ത് പക്ഷേ, രാജസങ്കല്‍പം പാടെ മനുഷ്യമനസ്സില്‍നിന്നും ഒഴിഞ്ഞുപോയിട്ടില്ല. ഒരു ഹീറോ ആയും സ്റ്റാറായും ലീഡറായും ക്യാപ്റ്റനായും പി. എം., സി. എം. ഒക്കെയായും രാജസങ്കല്‍പം ഇന്നും നമ്മുടെയൊക്കെ ചിന്തയിലും വാക്കിലും ചുറ്റിത്തിരിയുന്നു എന്നതാണ് സത്യം. ‘നീ രാജാവാണോ’ എന്ന പീലാത്തോസിന്റെ ചോദ്യത്തിന് യേശു പറയുന്ന മറുപടി, യോഹന്നാന്‍ സുവിശേഷകന്‍ മനസ്സില്‍ തട്ടുംപടി ചിത്രീകരിച്ചിരിക്കുന്ന വചനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. രാജാവാണോ എന്ന ചോദ്യത്തിന് ആണെന്ന് വ്യങ്ങ്യമായി മറുപടി നല്‍കിയിട്ട് യേശു പറയുകയാണ്, ”എന്റെ രാജ്യം ഐഹികമല്ല.” ക്രിസ്തുവിന്റെ രാജസങ്കല്‍പത്തിന്റെ വാതില്‍ തുറക്കാനുള്ള താക്കോല്‍ ഈ വാചകത്തിലുണ്ട് – എന്റെ രാജ്യം. അപ്പോള്‍ അവിടുത്തേക്ക് ഒരു രാജ്യമുണ്ട്. രാജ്യം ഉള്ളവന്‍ രാജാവാണ്. പക്ഷേ, ഈ രാജ്യം ഐഹികമല്ല. അതായത്, ഈ ലോകത്തിന്റേതല്ല. ഈ തിരുനാളില്‍ ഈ രാജാവിന്റെയും രാജ്യത്തിന്റെയും സവിശേഷതകള്‍ എന്തൊക്കെയാണെന്ന് ചിന്തിക്കുന്നത് ഉചിതമാണെന്ന് ഞാന്‍ കരുതുകയാണ്.
ക്രിസ്തുവിന്റെ ജനനം മുതല്‍ മരണം വരെ രാജത്വം അവന്റെ കൂടെയുണ്ട്. എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവന്‍ എന്ന ചോദ്യവുമായി പൂജരാജാക്കള്‍ പൗരസ്ത്യദേശത്തുനിന്നു വരുമ്പോള്‍ തന്റെ ജനനത്തില്‍ നക്ഷത്രങ്ങളെ ജനിപ്പിക്കുന്ന ഈ അപൂര്‍വ രാജാവിനെ അവര്‍ കണ്ടെത്തുന്നത് അരമനയിലായിരുന്നില്ല; കാലിത്തൊഴുത്തിലായിരുന്നു. ജനനം മുതലേ തുടങ്ങുകയാണ് നമ്മുടെ രാജാവിന്റെ വൈരുധ്യങ്ങള്‍. അധികാരം പിടിച്ചടക്കാനായി ഐഹികരാജാക്കന്മാര്‍ കരുക്കള്‍ നീക്കുമ്പോള്‍, ജനം രാജാവാക്കാനായി പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഒളിച്ചോടി മറഞ്ഞ ഒരു രാജാവാണ് ഈ രാജാവ്. രാജാവായാലും രക്ഷകനായാലും മിശിഹാ ആയാലും ഒരു കാര്യം അവിടുന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി, ‘ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്.’
ഒരേയൊരു തവണ അവിടുന്ന് രാജാവിനെപ്പോലെ പട്ടണപ്രവേശനം ചെയ്തു. അതും അശ്വത്തില്‍ എഴുന്നള്ളുന്ന രാജാവിനെപ്പോലെ. പ്രതാപവാനായല്ല, മറിച്ച് കഴുതക്കുട്ടിയുടെമേല്‍ അതീവ വിനയാന്വിതനായി ആബാലവൃദ്ധം ജനങ്ങളുടെ ഓശാനവിളികളോടു ചേര്‍ന്ന്. പീലാത്തോസിന്റെ മുന്‍പില്‍ രാജാവാണെന്ന് ഏറ്റുപറയുന്ന നേരം, ശിരസ്സില്‍ കിരീടം വച്ചല്ല, മുള്‍മുടി ധരിച്ച് തളര്‍ന്ന്, സ്വന്തം രക്തം ചവിട്ടിച്ച വസ്ത്രം ധരിച്ച്, എങ്കിലും ശിരസ്സുയര്‍ത്തി അവിടുന്ന് പറഞ്ഞു: ”ഞാന്‍ രാജാവാണ്.” സ്വന്തം ജനത്തെയും ശത്രുക്കളെയും വാളിലും തോക്കിനും ഇരയാക്കുന്നതിന്റെ എണ്ണത്തില്‍ റെക്കോര്‍ഡ് ഉണ്ടാക്കിയതില്‍ അഭിമാനിച്ചിരുന്ന പഴയ കാലത്തെയും പുതിയ കാലത്തെയും രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും മുന്നില്‍ ഈ രാജാവ് കൊല്ലപ്പെടുന്നവനായല്ല, കൊല്ലപ്പെട്ട കുഞ്ഞാടായി നില്‍ക്കുന്നു. സ്‌നേഹത്തിന്റെ നിയമംകൊണ്ട് ജനഹൃദയങ്ങളില്‍ ഭരണം നടത്തുന്ന ഒരു രാജാവ്. വി. മദര്‍ തെരേസയുടെ വാക്കുകളില്‍ പറഞ്ഞാല്‍, സ്‌നേഹിച്ച് ലോകം കീഴ ടക്കിയ ഒരു രാജാവ്.
ചരിത്രത്തിലിന്നോളം കണ്ടിട്ടുള്ള ഭരണസംവിധാനങ്ങള്‍ അത് ജനാധിപത്യമോ, കമ്മ്യൂണിസമോ, പട്ടാളഭരണമോ എന്തുമാകട്ടെ, അടിച്ചമര്‍ത്തിയും പിടിച്ചടക്കിയും കീഴ്‌പ്പെടുത്തിയുമാണ് തങ്ങളുടെ അധികാരം സ്ഥാപിക്കാന്‍ അവര്‍ ശ്രമിച്ചത്. അധികാരം പിടിച്ചടക്കാനുള്ള ഐക്യദാര്‍ഢ്യ സദസ്സുകളും പിടിച്ചടക്കിയ അധികാരം നിലനിര്‍ത്താനുള്ള നവകേരളസദസ്സുകളും കണ്‍മുമ്പില്‍ വിസ്മയം തീര്‍ക്കുമ്പോള്‍ സ്‌നേഹിച്ചുകൊണ്ടുതന്നെ രാജ്യം സ്ഥാപിച്ച ക്രിസ്തുരാജന്റെ ചിത്രമാണ് ഈ തിരുനാള്‍ നമുക്ക് സമ്മാനിക്കുക. കുടുംബത്തിലാണെങ്കില്‍ മീശപിരിച്ചും കണ്ണുരുട്ടിയും, സ്‌കൂളിലാണെങ്കില്‍ വടിയെടുത്തും ചീത്തപറഞ്ഞും, ഓഫീസിലാണെങ്കില്‍ ഓര്‍ഡര്‍ നല്‍കിയും താക്കീതുകള്‍ കൊടുത്തുമൊക്കെ അധികാരമുറപ്പിക്കാനും പിടിച്ചടക്കാനും നമ്മള്‍ ശ്രമിക്കുമ്പോള്‍ സ്‌നേഹിച്ചു കൊണ്ട്, പുഞ്ചിരിച്ചുകൊണ്ട്, സ്വയം താഴ്ന്നുനിന്നുകൊണ്ട് മറ്റുള്ളവരുടെ ജീവിതവും ഹൃദയവും കീഴടക്കാന്‍ ഈശോ എന്ന ഈ രാജാവ് ഇന്ന് നമ്മെ പഠിപ്പിക്കുകയാണ്. അനുസരണക്കേടിന്റെ മുറിവുകള്‍ നമ്മുടെ സഭാകൂട്ടായ്മയെ ഇന്ന് നൊമ്പരപ്പെടുത്തുമ്പോള്‍ സ്‌നേഹം കൊണ്ട്, എളിമ കൊണ്ട് ലോകം കീഴടക്കാന്‍ നമുക്കാകട്ടെ.
മകനെ കുത്താന്‍ തേനീച്ചകള്‍ വട്ടമിട്ടുപറക്കുമ്പോള്‍ അപ്പന്‍ കുഞ്ഞിനെ കെട്ടിപ്പിടിച്ച് നിലത്തുകിടന്നു. പറന്നെത്തിയ തേനീച്ചകളുടെ കുത്തൊക്കെ ആ അപ്പനേറ്റു. എന്നെ രക്ഷിക്കാന്‍ എത്ര മാത്രം കുത്താണ് അപ്പന്‍ ഏറ്റുതെന്നുംപറഞ്ഞ് മകന്‍ വിതുമ്പിയപ്പോള്‍ അപ്പന്‍ മറുപടി നല്‍കി: ”ഞാന്‍ കുത്തേറ്റത് നിന്നെ രക്ഷിക്കാന്‍ മാത്രമല്ല, നിന്നെ സ്‌നേഹിക്കാനുമാണ്. വേണമെങ്കില്‍ വേലക്കാരനെ അയച്ച് നിന്നെ എനിക്ക് രക്ഷിക്കാമായിരുന്നു. അവനും നിന്നെ കെട്ടിപ്പിടിച്ച് നിലത്തുകിടന്നേനെ. പക്ഷേ, അപ്പോള്‍ അപ്പന്റെ സ്‌നേഹം നീ എങ്ങനെ അറിയും.” പകരക്കാരനില്ലാത്ത രക്ഷകനാണ് രാജാവായ ക്രിസ്തു. വേലക്കാരെ അയച്ചും ദൈവത്തിന് ലോകത്തെ രക്ഷിക്കാമായിരുന്നു. പക്ഷേ, അപ്പോള്‍ ക്രിസ്തുവിന്റെ സ്‌നേഹം ആര് അനുഭവിക്കും.
ഇന്ന് ഈ തിരുനാള്‍ദിനത്തിലും ദിവ്യകാരുണ്യ അനുഭവമായി നമ്മില്‍ അലിഞ്ഞില്ലാതാകുന്ന രാജാവായി ഇതാ ക്രിസ്തു നമ്മുടെ നാവിന്‍തുമ്പില്‍. ഹൃദയത്തിന്റെ രാജാവായി നമുക്കവനെ സ്വീകരിക്കാം.
ദിവ്യകാരുണ്യരാജാവ് നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.
ബ്രദര്‍ ആര്‍വിന്‍ വള്ളോംകുന്നേല്‍ MCBS