ഞായർ പ്രസംഗം: പള്ളിക്കൂദാശ രണ്ടാം ഞായർ നവംബർ 10, മത്തായി 19: 23-30 പങ്കുവയ്ക്കല്‍

നിത്യജീവിതത്തെപ്പറ്റി ധ്യാനിക്കുന്ന പള്ളിക്കൂദാശാക്കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഈ ലോകജീവിതത്തിന്റെ താല്‍ക്കാലിക സുഖങ്ങളെയും സുരക്ഷിതത്വങ്ങളെയുമൊക്കെ വെടിഞ്ഞ് നിത്യസൗഭാഗ്യത്തിലേക്കു കണ്ണുയര്‍ത്താനാണ് വചനം നമ്മെ ക്ഷണിക്കുക.

തന്റെ ഭാരിച്ച സമ്പത്തിനെപ്രതി ശിഷ്യനാകാന്‍ വൈമുഖ്യം കാണിച്ച യുവാവിനെക്കുറിച്ചുള്ള പ്രസ്താവനയോടെയാണ് വചനഭാഗം ആരംഭിക്കുക. ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് ദുഷ്‌കരമാണെന്ന് ഉപമയിലൂടെ ക്രിസ്തു വ്യക്തമാക്കുന്നു. ആധുനികലോകം ഒരാളുടെ ജീവിതവിജയത്തെ വിലയിരുത്തുന്നത് അയാളുടെ സാമ്പത്തികസ്ഥിതിയെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ സമ്പത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ പലപ്പോഴും ദൈവവുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു. സമ്പത്ത് നല്‍കുന്ന സുരക്ഷിതത്വത്തിലൂടെ ക്രമേണ അതിന്റെ അടിമയായിത്തീരുന്നു. ഈ അപകടത്തെക്കുറിച്ചാണ് സുവിശേഷം വാചാലമാകുന്നത്. വി. ബര്‍നാദ് ഇങ്ങനെ പറയുന്നു: ”അവന്‍ സമ്പത്തിന്റെ ഉടമയായിരുന്നില്ല. സമ്പത്ത് അവനെയാണ് ഉടമപ്പെടുത്തിയത്. അവനായിരുന്നു ഉടമയെങ്കില്‍ അവന്‍ അവയില്‍നിന്ന് സ്വതന്ത്രമായിരുന്നേനെ.”

ഭൗതികസമ്പത്ത് നമുക്കും ഇന്ന് സ്വര്‍ഗരാജ്യപ്രവേശനത്തിനു തടസ്സമായി മാറിയേക്കാം. കാരണം, സാമ്പത്തികമായ വളര്‍ച്ച പലപ്പോഴും നമ്മെ ദൈവത്തില്‍നിന്ന് അകറ്റിക്കളയുന്നു. ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന നാളുകളില്‍ ഉണ്ടായിരുന്ന വിശ്വാസവും ആത്മീയതയും സഹായമനഃസ്ഥിതിയുമൊക്കെ സാമ്പത്തികവളര്‍ച്ചയില്‍ കൈമോശം വന്നിട്ടുണ്ടോ എന്ന് ആത്മശോധന ചെയ്യേണ്ടതുണ്ട്.

ഇന്ത്യന്‍ റെയില്‍വേയുടെ വളരെ പ്രശസ്തമായ ഒരു ടാഗ് ലൈന്‍ ഉണ്ട്. ‘Less Luggage More Comfort’ കുറഞ്ഞ സഞ്ചികളും ഭാണ്ഡങ്ങളും യാത്ര എളുപ്പമാക്കുന്നു. ജീവിതമാകുന്ന യാത്രയില്‍ ഹൃദയഭാരമില്ലാതെ ജീവിക്കാനാണ് വചനം ഇന്ന് നമ്മെ ക്ഷണിക്കുന്നത്. അതിന് പങ്കുവയ്പ്പിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. നേടിയെടുക്കാനും വെട്ടിപ്പിടിക്കാനും സമ്പത്ത് ശേഖരിക്കാനും മാത്രമായി ഈ ജീവിതത്തെ മാറ്റിവയ്ക്കുമ്പോള്‍ സ്വര്‍ഗരാജ്യ പ്രവേശനം അസാധ്യമായി മാറും. കാരണം, എല്ലാ പാപങ്ങളുടെയും മൂലകാരണം ദ്രവ്യാഗ്രഹമാണ് (1 തിമോ 6:10). അതിനാല്‍ പങ്കുവയ്ക്കലുകളിലൂടെ ‘ഭാരത്തെ’ ലഘൂകരിച്ച് സ്വര്‍ഗരാജ്യം ലക്ഷ്യമാക്കി യാത്രചെ യ്യാന്‍ വചനം നമ്മെ ഓര്‍മിപ്പിക്കുന്നു.

ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെ നാം കടന്നുപോകുമ്പോള്‍ അയാള്‍ ലാസറിനെ ഉപദ്രവിച്ചതായോ, വീട്ടുപടിക്കല്‍ നിന്ന് ഓടിച്ചതായോ പറയുന്നില്ല. പക്ഷെ, ധനവാന്‍ തിരസ്‌കൃതനായെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. കാരണം അയാള്‍ ലാസറിനെ അവഗണിച്ചുകളഞ്ഞു. താന്‍ ചെയ്യാന്‍ കടപ്പെട്ടിരുന്ന നന്മയെ അയാള്‍ മറന്നുകളഞ്ഞു. നമ്മെ ഭരമേല്‍പിച്ചതൊക്കെ നമ്മുടെ മാത്രം ക്ഷേമത്തിനും സുഖത്തിനും വേണ്ടിയാണ് എന്ന് കരുതിന്നിടത്താണ് അപകടം. ചിലവഴിക്കാതെ സൂക്ഷിക്കുന്ന പണവും അറപ്പുരയിലെ ധാന്യവുമൊക്കെ അപരര്‍ക്കുകൂടി അവകാശപ്പെട്ടതാണ് എന്ന് സുവിശേഷം നമ്മെ ഇന്ന് ഓര്‍മപ്പെടുത്തുന്നു.

അപരനുവേണ്ടി ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ മാറ്റിവയ്ക്കാന്‍ ഉണ്ടാകണം. ജീവിതത്തിലെ നല്ല നിക്ഷേപങ്ങളെ പങ്കുവച്ചു നല്‍കാന്‍ സാധിക്കണം. അപ്പോള്‍ ഭാണ്ഡങ്ങളുടെ ഭാരം കുറച്ചുകൊണ്ട് ഹൃദയഭാരമില്ലാതെ ജീവിക്കാന്‍ സാധിക്കും. എലിസബത്ത് റാണിയുടെ സംസ്‌കാരച്ചടങ്ങില്‍ ആര്‍ച്ച്ബിഷപ്പ് അവസാനമായി പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു: ‘Now let us remove all symbols of power from the coffin, so that our sister Elizabeth can be committed to grave as a simple christian.’

ജീവിതാന്ത്യത്തില്‍ എല്ലാം ഉപേക്ഷിച്ച് വെറുംകൈയോടെ മടങ്ങിപ്പോകേണ്ടവകാണ് നാം എന്ന ചിന്തയോടെ ജീവിക്കാന്‍ പങ്കു വയ്ക്കലുകളിലൂടെ ഭാണ്ഡത്തിന്റെ ഭാരം കുറയ്ക്കാന്‍ അതുവഴി സ്വര്‍ഗരാജ്യം സ്വന്തമാക്കാന്‍ വചനം ഇന്ന് നമ്മെയും ക്ഷണിക്കുന്നു.

ബ്രദര്‍ ആല്‍വിന്‍ കുളംപള്ളില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.