ദിവ്യകാരുണ്യനാഥനായ ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞവരെ,
ഈശോമിശിഹായുടെ രണ്ടാം വരവിനെക്കുറിച്ചും രണ്ടാംവരവില്‍ നടക്കാനിരിക്കുന്ന നമ്മുടെ അന്ത്യവിധിയെക്കുറിച്ചും വിശുദ്ധ കുരിശിന്റെ മഹത്വത്തെക്കുറിച്ചും വളരെ ഗൗരവമായി ധ്യാനിച്ച ഏലിയാ സ്ലീവാ മൂശാക്കാലങ്ങള്‍ക്കുശേഷം നാം ഇന്ന് നമ്മുടെ ആരാധനാക്രമവത്സരത്തിലെ അവസാനകാലത്തിലേക്ക് – പള്ളിക്കൂദാശക്കാലത്തിലേക്കു പ്രവേശിക്കുകയാണ്. അന്ത്യവിധിക്കുശേഷം താന്‍ ഒരുമിച്ചുകൂട്ടിയ, വിശുദ്ധി മുഖമുദ്രയാക്കിയ തിരുസഭയെ ഈശോ പിതാവായ ദൈവത്തിന് ഒരു കൂദാശയെന്നവണ്ണം സമര്‍പ്പിക്കുന്ന രക്ഷാകരസംഭവങ്ങളെപ്പറ്റി ധ്യാനിക്കുന്ന വളരെ മനോഹരവും ഏറ്റവും ചെറുതുമായ കാലമാണ് പള്ളിക്കൂദാശാക്കാലം.
ഇന്ന് നമ്മുടെ വിശ്വാസജീവിതം പള്ളിക്കൂദാശക്കാലം ഒന്നാം ഞായറാഴ്ച എത്തിനില്‍ക്കുമ്പോള്‍ ഇന്നത്തെ വായനകളെല്ലാംതന്നെ നമ്മോടു സംസാരിക്കുക വിശുദ്ധിയെപ്പറ്റിയാണ്.
ഇന്നത്തെ ആദ്യവായനയില്‍ പുറപ്പാടു പുസ്തകം 33-ാം അധ്യായം ഒന്നു മുതല്‍ 11 വരെയുള്ള വാക്യങ്ങളില്‍, മോശ ദൈവത്തോട് മുഖാമുഖം സമാഗമകൂടാരത്തില്‍ സംസാരിച്ച ആ വലിയ സംഭവത്തെപ്പറ്റി വായിച്ചുകേട്ടു. ലേഖനഭാഗത്തേക്കു കടന്നുവരുമ്പോള്‍ ഹെബ്രായര്‍ ക്കെഴുതപ്പെട്ട ലേഖനം ഒന്‍പതാം അധ്യായം ഒന്നു മുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍, ദൈവാലയത്തെപ്പറ്റിയും അതിന്റെ വിവിധങ്ങളായ ക്രമീകരണങ്ങളെപ്പറ്റിയും നാം വായിച്ചുകേട്ടു. ഇതിന്റെയെല്ലാം പൂര്‍ത്തീകരണമെന്ന നിലയില്‍ വി. മത്തായിയുടെ സുവിശേഷം 25-ാം അധ്യായം ഒന്നു മുതല്‍ 13 വരെയുള്ള വാക്യങ്ങളില്‍ ഈശോ പത്തു കന്യകമാരുടെ ഉപമ പറഞ്ഞുവയ്ക്കുന്നു.
പത്തു കന്യകമാരുടെ ഉപമയും നമ്മോടു പറഞ്ഞുവയ്ക്കുന്ന സന്ദേശവും ഇതുതന്നെയാണ്. ഈശോയോടൊപ്പം മണവറയിലേക്ക്, കൂടാരത്തിലേക്കു പ്രവേശിക്കണമെങ്കില്‍ അതിനുതക്ക ഒരുക്കം നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരിക്കണം.
പത്തു കന്യകമാരുടെ ഉപമയില്‍ – അഞ്ച് വിവേകമതികള്‍ – ഒരുക്കമുള്ള മനുഷ്യരെ സൂചിപ്പിക്കുമ്പോള്‍ വിവേകശൂന്യകളായ അഞ്ചു കന്യകമാര്‍ ഒരുക്കമില്ലാത്ത മനുഷ്യനെ സൂചിപ്പിക്കുന്നു. മണവാളന്‍, ഈശോമിശിഹായും, അവന്റെ വരവ് ഈശോയുടെ രണ്ടാം വരവിനെയും സൂചിപ്പിക്കുന്നു.
ഇന്നത്തെ സുവിശേഷം ആദ്യമായി നമുക്ക് തരുന്ന സന്ദേശം എന്നുപറയുക ജാഗരൂകരായി ഇരിക്കുക എന്നതാണ്. നമ്മുടെ ജീവിതത്തില്‍ ഏതു പ്രവര്‍ത്തിയില്‍ നാം ഏര്‍പ്പെട്ടാലും വളരെ ശ്രദ്ധാപൂര്‍വം ചെയ്യുക. വചനം ഇപ്രകാരം നമ്മെ ഓര്‍മിപ്പിക്കുന്നു ഓരോ പ്രവര്‍ത്തിയും ചെയ്യുന്നതിനുമുന്‍പേ ജീവിതന്ത്യത്തെപ്പറ്റി ചിന്തിക്കുക, അപ്പോള്‍ നീ പാപം ചെയ്യുകയില്ല.
രണ്ടാമതായി, ഒരുക്കമുള്ളവരായിരിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. നമ്മള്‍ ഏതു പ്രവര്‍ത്തികള്‍ ചെയ്യുന്നതിനു മുന്‍പെയും ഒരുങ്ങുന്നവരാണ്. ഒരു പ്രസംഗം പറയുന്നതിനുമുന്‍പേ ഒരുങ്ങും, ഒരു ജീവിതാന്തസ്സിലേക്കു പ്രവേശിക്കുന്നതിനുമുന്‍പേ ഒരുങ്ങും, എന്തിനേറെ പറയുന്നു ഒരു യാത്ര പോകുന്നതിനുമുന്‍പ് നമ്മള്‍ എത്രമാത്രം ഒരുങ്ങുന്നു. അപ്പോള്‍ നിത്യജീവിതത്തിനായി നാം എത്രമാത്രം ഒരുങ്ങണം?
ഒരു കുളത്തില്‍ രണ്ട് മീനുകള്‍ ജീവിച്ചിരുന്നു. ഒന്നാമത്തെ മീന്‍ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി ചെയ്യുന്ന സ്വഭാവപ്രകൃതിയുള്ള ഒരു മീനായിരുന്നു. എന്നാല്‍ രണ്ടാമത്തെ മത്സ്യമാകട്ടെ എല്ലാം പതിയെപ്പതിയെ ചെയ്യുന്ന രീതിയുള്ളവനും. അങ്ങനെയിരിക്കെ, അവര്‍ രണ്ടുപേരും ഒരു വാര്‍ത്ത കേള്‍ക്കാനിടയായി. ഒരു മീന്‍പിടുത്തക്കാരന്‍ വലയുമായി തങ്ങളുടെ കുളത്തിന്റെ അടുത്തേക്കു വരുന്നു. ഒന്നാമത്തെ മീന്‍ പെട്ടെന്നുതന്നെ ഒരു തീരുമാനമെടുത്തു. കുളത്തിന്റെ ആഴങ്ങളിലേക്കു നീന്തിത്താഴാം. എന്നാല്‍, രണ്ടാമത്തെ മീന്‍ ആ മീന്‍പിടുത്തക്കാരന്‍ വരുന്നതുവരെ വെറുതെയിരുന്നു. മീന്‍പിടുത്തക്കാരന്‍ കുളത്തിലേക്ക് വലയിട്ടപ്പോള്‍ ആദ്യത്തെ മീന്‍ നീന്തിരക്ഷപെട്ടു. എന്നാല്‍, രണ്ടാമത്തെ മീന്‍ വലയില്‍ അകപ്പെടുകയാണ് ഉണ്ടായത്.
വളരെ നിസ്സാരമായ ഒരു കഥയാണിത്. എന്നാല്‍ ഇത് പങ്കുവയ്ക്കുന്ന സന്ദേശം വളരെ വലുതാണ്. ഇപ്പോള്‍ വേണ്ട, ഒരുക്കം പിന്നെയാകാം എന്ന് മാറ്റിവച്ചാല്‍ എന്നാണ് മണവാളന്‍ കടന്നുവരുന്നതെന്ന് നമുക്ക് ആര്‍ക്കും അറിഞ്ഞുകൂടാ. അതുകൊണ്ട് നിത്യജിവിതത്തിനായി ഓരോ നിമിഷവും നിക്ഷേപങ്ങള്‍ കൂട്ടിവയ്ക്കാന്‍ നമുക്കു സാധിക്കട്ടെ.
ബ്രദര്‍ ഡെന്നീസ് പുതിയാപറമ്പില്‍ MCBS