ഈശോമിശിഹായില്‍ സ്‌നേഹം നിറഞ്ഞവരെ,
മിശിഹായുടെ പുനരാഗമനത്തെയും അന്ത്യവിധിയെയും ധ്യാനിച്ചുകൊണ്ട് ജീവിതത്തെ പ്രത്യാശാപൂര്‍വം കരുപ്പിടിപ്പിക്കാന്‍ സഭാമാതാവ് തന്റെ തനയരെ ആഹ്വാനം ചെയ്യുന്ന ഏലിയാ സ്ലീവാ മൂശാക്കാലത്തിന്റെ അവസാന ആഴ്ചകളില്‍ നാം ആയിരിക്കുമ്പോള്‍ തിരുസഭാമാതാവ് നമുക്ക് വചന വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. മത്തായിയുടെ സുവിശേഷം 12-ാം അധ്യായം 22 മുതല്‍ 32 വരെയുള്ള തിരുവചനഭാഗങ്ങളാണ് – ‘അന്തശ്ഛിദ്രമുള്ള ഭവനവും രാജ്യവും നിലനില്‍ക്കുകയില്ല.’
ഈജിപ്തില്‍നിന്ന് ഇസ്രയേലിനെ മോചിപ്പിച്ച് മോവാബ് താഴ്‌വാരം വരെ എത്തിക്കുന്നിടംവരെയുള്ള ദൈവപരിപാലന മോശ ഇസ്രായേല്‍ജനത്തെ ഓര്‍മിപ്പിക്കുകയും ദൈവത്തോടു ചേര്‍ന്നുനില്‍ക്കാനും അങ്ങനെ അനുഗ്രഹം പ്രാപിക്കാനും അവരെ പ്രചോദിപ്പിക്കാനും തിന്മയും ശാപവും ഉപേക്ഷിക്കാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യുന്ന ഭാഗമാണ് നാം ഒന്നാം വായനയില്‍ കാണുക. വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ വീക്ഷിക്കാനും ദൈവികജ്ഞാനം ഉള്‍ക്കൊണ്ട് തീരുമാനങ്ങളെടുക്കാനും, എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചു ചിന്തിക്കാനും ഈജിപ്തിലെ വിശ്വാസസമൂഹത്തെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഭരണാധികാരികളെ ഗ്രന്ഥകാരന്‍ ഉദ്ബോധിപ്പിക്കുന്നതാണ് രണ്ടാം വായന. ദൈവം ദാനമായി നല്‍കിയ ആത്മാവിനെ നിര്‍വീര്യമാക്കാതെയും പ്രവചനങ്ങളെ നിന്ദിക്കാതെയും എല്ലാം പരിശോധിച്ചുനോക്കിയശേഷം നന്മയെ മുറുകെപ്പിടിച്ചുകൊണ്ട് തിന്മയില്‍നിന്ന് അകന്നുനില്‍ക്കാന്‍ പൗലോസ് ശ്ലീഹ തെസലോനിക്കക്കാരെ ഉപദേശിക്കുന്നതുമാണ് ലേഖനഭാഗം.
ഇന്നത്തെ ഈ മൂന്നു വായനകളും ദൈവം നമുക്ക് നല്‍കിയിട്ടുള്ളതും നല്‍കിക്കൊണ്ടിരിക്കുന്നതുമായ അനുഗ്രഹങ്ങളെക്കുറിച്ച് നമ്മുടെ ജീവിതത്തില്‍ നന്ദിയുള്ളവരായിരിക്കാനുള്ള ആഹ്വാനമാണ്.
ഇന്നത്തെ തിരുവചനഭാഗം നമ്മോടു പങ്കുവയ്ക്കുന്നത് രണ്ടു ചിന്തകളാണ്. അന്തശ്ഛിദ്രമുള്ള ഭവനവും രാജ്യവും നിലനില്‍ക്കുകയില്ല. രണ്ടാമതായി, പരിശുദ്ധാത്മാവിനെതിരായ പാപം ക്ഷമിക്കുകയില്ല എന്നതാണ്. അന്തശ്ഛിദ്രം എന്ന തിന്റെ ഗ്രീക്ക് വാക്ക് Diamerizo എന്നതാണ്. To divided into എന്നാണ് അതിന്റെ അര്‍ഥം.
നൂറ്റാണ്ടുകള്‍ നമ്മുടെ ഇന്ത്യയെ അടിമത്തത്തിലാഴ്ത്തിയ ബ്രിട്ടീഷുകാരും divided and rule എന്ന രീതി തന്നെ ആയിരുന്നു നമ്മെ തകര്‍ക്കാനും ഭരിക്കാനും നടപ്പാക്കിയിരുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ അന്തശ്ഛിദ്രം ഉണ്ടാകാതിരിക്കാന്‍ സൂക്ഷിക്കുക എന്നതാണ് ഇന്നേ ദിവസം ഈശോമിശിഹാ, നാം ഓരോരുത്തരോടുമായി ആഹ്വാനം ചെയ്യുന്നത്. അങ്ങനെ ഒരു രാജ്യത്തിന് നിലനില്‍ക്കാന്‍ കഴിയില്ല എന്നാണ് കര്‍ത്താവ് പറയുന്നത്. മനുഷ്യന്റെ എല്ലാ പാപങ്ങളും ക്ഷമിക്കപ്പെടുമെന്നു കര്‍ത്താവ് പറഞ്ഞു. എന്നാല്‍, പരിശുദ്ധാത്മാവിനെതിരെയുള്ള പാപങ്ങള്‍ ക്ഷമിക്കപ്പെടുകയില്ല. സഭാപിതാവായ ഹിലരി പറയുന്നതുപോലെ, ‘ദൈവപുത്രന്റെ മനുഷ്യാവതാരത്തെ നിഷേധിക്കുന്നതാണ് പരിശുദ്ധാത്മാവിനെതിരായ പാപം’ എന്ന്. മനുഷ്യനെ മാനസാന്തരത്തിലേക്കു നയിക്കുന്നത് പരിശുദ്ധാത്മാവാണ്. ‘മാനസാന്തരത്തിനു വിസമ്മതിക്കുന്നതാണ് പരിശുദ്ധാത്മാവിനെതിരെയുള്ള പാപം’ എന്ന് വി. അഗസ്തീനോസ് പറയുന്നു.
മനുഷ്യരുടെ പാപമോചനത്തിനായി ജീവന്‍ സമര്‍പ്പിക്കാനാണ് കര്‍ത്താവ് മനുഷ്യാവതാരം ചെയ്തത്. പാപമോചനത്തിനാണ് അവിടുന്ന് സഭ സ്ഥാപിച്ചതും. അതുകൊണ്ടുതന്നെ സഭയില്‍ ഒരുവന്റെ പാപം ക്ഷമിക്കപ്പെട്ടാല്‍ അവനോട് സ്വര്‍ഗത്തിലും ക്ഷമിക്കപ്പെടും. സഭയോടു ചേര്‍ന്നുനിന്ന് മാനസാന്തരത്തിന്റെ ജീവിതം നയിക്കേണ്ടത് രക്ഷിക്കപ്പെടാന്‍ അനിവാര്യമാണ്. ദൈവാത്മാവിന്റെ ശക്തിയാല്‍ പിശാചുക്കളെ പുറത്താക്കിയിരുന്ന കര്‍ത്താവിനെ നോക്കിയാണ്, അവന്‍ പിശാചുക്കളുടെ തലവനെക്കൊണ്ടാണ് പിശാചുക്കളെ പുറത്താക്കുന്നതെന്നു പറഞ്ഞിരുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെ നോക്കി അത് അശുദ്ധാത്മാവിന്റേതാണെന്നു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടുകയില്ല എന്നര്‍ഥം.
ദിവ്യകാരുണ്യത്താല്‍ സ്‌നേഹിക്കപ്പെടുന്നവരെ, ഇന്ന് നാം ഓരോരുത്തരും വിശുദ്ധ ബലിക്കായി ഒരുമിച്ചുകൂടുമ്പോള്‍ നമ്മുടെ ഇടയില്‍നിന്നും അന്തശ്ഛിദ്രത്തിന്റെയും പരിശുദ്ധാത്മാവിനെതിരായ പാപങ്ങളുടെ ഘടകങ്ങളുടെയും മാറ്റിക്കളയുന്നതിനായുള്ള അനുഗ്രഹത്തിനും കൃപാവരത്തിനുമായി നമുക്ക് പ്രാര്‍ഥിക്കാം. അങ്ങനെ പരിശുദ്ധാത്മാവിന്റെ വരങ്ങളും ദാനങ്ങളും വഹിക്കുന്ന വരാകാനുള്ള ശക്തി നല്‍കി അവിടുന്ന് നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.
ബ്രദര്‍ ജെറിന്‍ വട്ടക്കുടിയില്‍ MSJ