ഞായര്‍ പ്രസംഗം: ഏലിയാ സ്ലീവാ മൂശാക്കാലം ഒന്‍പതാം ഞായര്‍, ഒക്ടോബര്‍ 20 ലൂക്ക 21: 20-28 മിഷന്‍ ഞായര്‍

”ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം” (1 കൊ റി 9:16). സുവിശേഷം പ്രസംഗിക്കുന്ന സംതൃപ്തിയാണ് മിഷനറി ചൈതന്യത്തിന്റെ അന്തഃസത്ത.

ഇന്ന് മിഷന്‍ ഞായര്‍. ലോകമാസകലമുള്ള മിഷനറിമാരെയും മിഷന്‍പ്രവര്‍ത്തനങ്ങളെയും മിഷന്‍ മേഖലകളെയും ഓര്‍ക്കാനും പ്രാര്‍ഥിക്കാനുമുള്ള ദിവസം. വി. ഫ്രാന്‍സിസ് അസീസി ഇപ്രകാരം പറയുന്നു: ”സദാസമയവും സുവിശേഷം പ്രസംഗിക്കുവിന്‍. എന്നാല്‍, ആവശ്യമെങ്കില്‍മാത്രം വാക്കുകള്‍ ഉപയോഗിക്കുവിന്‍.”

ഇന്നത്തെ വചനഭാഗത്തില്‍ ശിഷ്യരെ അയയ്ക്കുന്ന മിശിഹായുടെ ചിത്രമാണ് കാണുക. നഷ്ടപ്പെട്ടുപോയ ആടുകളെ ഒരുമിച്ചുചേര്‍ക്കുന്ന ഇടയന്റെ ചൈതന്യത്തിലേക്കു വളരാനാണ് ശിഷ്യരോട് ഈശോ നിര്‍ദേശിക്കുന്നത്.

ഒരു കഥയുണ്ട്. രണ്ടുപേര്‍ രാജകൊട്ടാരം സന്ദര്‍ശിക്കാന്‍ പോയി. ആദ്യത്തെയാള്‍ മനോഹരമായ ഉദ്യാനങ്ങളും കമാനങ്ങളും കൊത്തുപണികളും ആസ്വദിച്ചുനടക്കാന്‍ തുടങ്ങി. രാജകൊട്ടാരത്തിന്റെ പ്രൗഢിയും ഭംഗിയും വേണ്ടുവോളം ആസ്വദിച്ച് അയാള്‍ നടന്നു. കൊട്ടാരത്തിന്റെ അന്തഃപുരങ്ങളിലേക്ക് അയാള്‍ നടന്നു. എന്നാല്‍, രണ്ടാമന്‍ തിടുക്കത്തില്‍ കൊട്ടാരത്തിനകത്തേക്ക് ഓടിക്കയറി പെട്ടെന്നുതന്നെ രാജാവിനെ മുഖം കാണിച്ചു. കുറച്ചു സമയം കഴിഞ്ഞ് രണ്ടുപേരും കണ്ടുമുട്ടി. ഒന്നാമന്‍ രണ്ടാമനോടു ചോദിച്ചു: ‘ചങ്ങാതി എവിടെയായിരുന്നു.’ രണ്ടാമന്‍ പറഞ്ഞു: ‘എനിക്ക് ഒരു സന്ദേശം കൊടുക്കാനുണ്ടായിരുന്നു.’ ലക്ഷ്യമില്ലാത്തവര്‍ക്ക് ജീവിതം ഒരു ആലസ്യമാണ്. എന്നാല്‍, ലക്ഷ്യമുള്ളവര്‍ക്ക് ഓരോ നിമിഷവും വിലപ്പെട്ടതാണ്.

ഇന്നത്തെ വചനഭാഗങ്ങളില്‍, ഈശോ ചെയ്തതും അതു തന്നെയാണ്. മഹത്തായ ലക്ഷ്യത്തിലേക്ക്, ദൈവരാജ്യത്തിന്റെ സ്ഥാപനത്തിലേക്ക്, സുവിശേഷത്തിന്റെ ചൈതന്യത്തിലേക്ക് അവന്‍ ശിഷ്യരെ നയിച്ചു. അന്ധകാരത്തിലിരിക്കുന്നവര്‍ക്ക് വെളിച്ചം ലഭിച്ചതുപോലെ ആ ശിഷ്യര്‍ സുവിശേഷത്തിന്റെ പാതയില്‍ നടന്നു. ആ പാതയില്‍ അവരോടൊപ്പം നടക്കാന്‍ നാം കടപ്പെട്ടവരാണ്.

മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ന മുക്ക് എന്തൊക്കെ ചെയ്യാനാകും. ഒന്നാമതായി, ആഗോള മിഷന്‍ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നമ്മുടെ ആരോഗ്യവും ജീവതവും സുവിശേഷപ്രചാരണത്തിനു സമര്‍പ്പിക്കാം. മഹത്തായ ഒരു മറുപടിയായി മാറുമത്.

രണ്ടാമതായി, നമ്മുടെ വിലയേറിയ പ്രാര്‍ഥനകള്‍ നമ്മുടെ മിഷനറിമാരുടെ ജീവിതത്തില്‍ ഏറെ ആവശ്യമുണ്ട്. അത്ര എളുപ്പമൊന്നുമല്ല അവരുടെ ജീവിതം. എത്തിപ്പെടുന്ന സ്ഥലത്തെ കാലാവസ്ഥയും യാത്രാദുരിതവും ദാരിദ്ര്യാവസ്ഥയും മാത്രമല്ല, ഇപ്പോള്‍ അവര്‍ക്കുള്ള ദുരിതങ്ങള്‍ ഇന്ത്യയുടെ പലയിടത്തും അരങ്ങേറുന്ന പീഡനങ്ങളുമൊക്കെ പത്രങ്ങളില്‍ വായിച്ചറിഞ്ഞവരാണ് നാം.

മൂന്നമാതായി, ഭൗതികസഹായമെന്നോണം ആവുന്നത്ര വിധത്തില്‍ പണവും വസ്തുക്കളും നല്‍കി നമ്മുടെതന്നെ സഹോദരങ്ങളെ സഹായിക്കേണ്ട കടമ നമുക്കുണ്ട്. അത് ഔദാര്യമല്ല, കടമയായിത്തന്നെ കാണണം.

അവസാനമായി, ദൈവവിളി പ്രോത്സാഹനം – നമ്മുടെയൊക്കെ കുടുംബങ്ങളില്‍ അംഗങ്ങള്‍ ആധുനികതയ്ക്ക് ഒരുപാട് വിധേയപ്പെട്ടു കഴിഞ്ഞപ്പോഴുണ്ടായ ഒരു പ്രതിഭാസം. സന്യാസ- പൗരോഹിത്യങ്ങളോടുള്ള വിമുഖത. മക്കള്‍ പഠിച്ച് നല്ല ജോലി വാങ്ങി കുടുംബം നോക്കിയാല്‍ മതി, ദൈവത്തിനു കൊടുക്കാന്‍ മനസ്സില്ല എന്നുള്ള നമ്മുടെ പുതിയ നിലപാടുകള്‍. ഇവ എങ്ങനെ ദൈവതിരുമുമ്പില്‍ നീതീകരിക്കത്തക്കതാകും.

മാമോദീസ സ്വീകരിച്ച ഓരോ വ്യക്തിയും മിഷനറിയാണ്. അവനില്‍/ അവളില്‍ നിക്ഷിപ്തമായിരിക്കുന്ന ചൈതന്യവും കടമയുമാണത്. ഞാനായിരിക്കുന്ന ഇടങ്ങളില്‍ ഭവനത്തില്‍, സമൂഹത്തില്‍ ഉത്തമ ക്രിസ്ത്യാനിയായി ജീവിക്കുക. ജീവിതസാക്ഷ്യം തന്നെയാണ് ഏറ്റവും വലിയ മിഷന്‍ പ്രവര്‍ത്തനം. ദിവ്യകാരുണ്യനാഥന്‍ നമ്മെ നിരന്തരം അനുഗ്രഹിക്കട്ടെ, ആമേന്‍.

ബ്രദര്‍ ഡെറിന്‍ തോമസ് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.