ഞായർ പ്രസംഗം: ഏലിയാ ശ്ലീവാ മൂശാക്കാലം എട്ടാം ഞായർ, ഒക്ടോബർ 13 മത്തായി 25: 31-46 വിശക്കുന്നവനും ദാഹിക്കുന്നവനുമായ ദൈവം

ദലൈലാമയുടെ ആത്മകഥയിലുള്ള ഒരു സംഭവമാണ്. ദേശം ടിബറ്റാണ്. മിക്കവാറും മഞ്ഞു മൂടിക്കിടക്കുന്നിടം. പുലരിയില്‍ ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ട് അമ്മ ചെറിയ ബാലനെയും പിടിച്ച് ഉമ്മറത്തെത്തി. പുറത്ത് ഒരു സ്ത്രീയും പുരുഷനുമുണ്ട്. കൈത്തണ്ടയില്‍ ജീവനറ്റ ഒരു കുഞ്ഞും.

കുഞ്ഞിനെ സംസ്‌കരിക്കാന്‍ ഒരിടം തേടി ആ അച്ഛനും അമ്മയും നടക്കുകയാണെന്ന് ആ അമ്മ കരുതി. ”വെയിലൊന്നു കടുത്തോട്ടെ. നമുക്ക് ഈ മഞ്ഞുപാളി വെട്ടിമാറ്റി കുഞ്ഞിനെ അടക്കാന്‍ ഒരിടം കണ്ടുപിടിക്കാം.”

പെട്ടെന്ന് ആ സ്ത്രീ വലിയവായില്‍ നിലവിളിച്ചു പറഞ്ഞു: ”അടക്കാനല്ല, മറിച്ച് വിശപ്പും തണുപ്പും ഇനിയും കഠിനമാവുകയാണെങ്കില്‍ എവിടെയെങ്കിലും മറഞ്ഞിരുന്ന് ഈ കുഞ്ഞിനെ ഭക്ഷിക്കാമെന്നാണു കരുതിയത്.”

വചനം പറഞ്ഞുവയ്ക്കും, “എന്തെന്നാല്‍ എനിക്ക് വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്ക് ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു.” ദൈവത്തിന്റെ അന്ത്യവിധിയിലെ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളാണ് വി. മത്തായിയുടെ സുവിശേഷം 25-ാം അധ്യായം 31 മുതല്‍ 46 വരെയുള്ള വചനഭാഗങ്ങള്‍. ഈ വചനഭാഗത്തിലൂടെ നാം ഇന്ന് കടന്നുപോകുമ്പോള്‍ വചനമാകുന്ന ക്രിസ്തു നമ്മോടു പറയുന്നത്, സ്‌നേഹത്തിന്റെയും കരുണയുടെയും ഓര്‍മ്മപ്പെടുത്തലുകളാണ്.

അപരനെ സ്‌നേഹിക്കുക, അതിലൂടെ നിത്യജീവന്‍ സ്വന്തമാക്കുക. ഇതാണ് ഇന്നത്തെ വചനത്തിന്റെ കാതല്‍. ജീവിതത്തില്‍ കൂടെജീവിക്കുന്നവരെ കണ്ടില്ലെന്നുനടിച്ച് കടന്നുപോകേണ്ടവരല്ല നമ്മള്‍, മറിച്ച് കൂടെജീവിക്കുന്നവരെ ചേര്‍ത്തുപിടിക്കേണ്ടവരാണ് നമ്മളെന്ന് ഇന്നത്തെ വചനം നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്. കണ്ടതെല്ലാം വെട്ടിപ്പിടിച്ചും തട്ടിയെടുത്തും ജീവിതത്തെ കൂടുതല്‍ സൗകര്യമുള്ളതാക്കാന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ കൂടെജീവിക്കുന്നവരെ മറന്നുപോകരുതെന്നു സാരം. നമ്മുടെ കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കുമ്പോള്‍ ദൈവം നമ്മോടു പറയും, ”ഈ ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണ് ചെയ്യാതിരുന്നത്.”

അതുകൊണ്ട് പ്രിയമുള്ളവരെ, നമ്മുടെ ഇടയിലും വേദനയിലും പ്രതിസന്ധിയിലും ആരെങ്കിലുമൊക്കെ ജീവിക്കുന്നുണ്ടെങ്കില്‍ അവരെയും ചേര്‍ത്തുപിടിക്കാന്‍ ഒരു യഥാര്‍ഥ ക്രിസ്തുശിഷ്യനെന്ന നിലയില്‍ നമുക്ക് കടമയുണ്ടെന്ന് വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

തന്നെക്കാളധികം മറ്റുള്ളവരെ സ്‌നേഹിച്ച അനവധി വിശുദ്ധര്‍ ജീവിച്ചു കടന്നുപോയ സഭയിലാണ് നമ്മളും ജീവിക്കുന്നത്. വി. ഫ്രാന്‍സിസും വി. ഡാമിയനും വി. മാക്‌സ്മില്യന്‍ കോള്‍ബെയുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. അതുകൊണ്ട് നിത്യജീവനിലേക്കുള്ള എളുപ്പമാര്‍ഗമാണ് പരസ്‌നേഹം. വചനം നമുക്ക് അത് വ്യക്തമാക്കിത്തരികയാണ്. ചിലപ്പോഴൊക്കെ വിശക്കുന്നവനായും ദാഹിക്കുന്നവനായും നമ്മെ തേടിവരുന്നത് ക്രിസ്തു തന്നെ ആയിരിക്കാം. അതുകൊണ്ട് മറ്റുള്ളവരെ സ്‌നേഹിക്കുമ്പോള്‍ അവരെ ചേര്‍ത്തുപിടിക്കുമ്പോള്‍ ക്രിസ്തുവിനെത്തന്നെയാണ് സ്‌നേഹിക്കുന്നത്.

ഓരോ വിശുദ്ധ കുര്‍ബാനയും ക്രിസ്തുവിന് നമ്മോടുള്ള സ്‌നേഹത്തിന്റെ ഓര്‍മ്മയാണ്. ആ ഓര്‍മ്മയില്‍ പങ്കുപറ്റുമ്പോള്‍ നമുക്കും മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള ഉത്തരവാദിത്വം ലഭിക്കുകയാണ്. അതുകൊണ്ട് കൂടെജീവിക്കുന്നവരെ സ്‌നേഹിക്കാന്‍ വേണ്ട വലിയ കൃപയ്ക്കായി നമുക്കു പ്രാര്‍ഥിക്കാം.

ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ അഖില്‍ ആലപ്പാട്ടുകുന്നേല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.