ഞായർ പ്രസംഗം: ഏലിയാ സ്ലീവാ മൂശാക്കാലം ഏഴാം ഞായർ, ഒക്ടോബർ 06 മത്തായി 11: 25-30 വരിക, പഠിക്കുക

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹമുള്ള മാതാപിതാക്കളെ, പ്രിയ സഹോദരങ്ങളെ,

ഇന്ന് ലോകം കൂടുതല്‍ ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും വ്യത്യസ്തതതകളാണ് (variety). 145 കോടിയില്‍പ്പരം ജനങ്ങള്‍ ഒരുമിച്ചുവസിക്കുന്ന ഭാരതവും വ്യത്യസ്തതകളുടെ കലവറയാണ്. വ്യത്യസ്ത ഭാഷകള്‍, സംസ്‌കാരങ്ങള്‍, മതങ്ങള്‍ എല്ലാം നമ്മുടെ പൈതൃകസ്വത്താണ് എന്ന് അഭിമാനത്തോടെ പറയാന്‍ നമുക്കു കഴിയും. നമ്മുടെ അനുദിനജീവിതത്തിലെ പ്രധാനപ്പെട്ട ഓരോ അവസരങ്ങള്‍ – കല്യാണം, മാമ്മോദിസ, ആദ്യകുര്‍ബാന – എല്ലാം വ്യത്യസ്തമായി ചെയ്യാന്‍ തിടുക്കം കൂട്ടുന്നവരുമാണ് നാമെല്ലാം. ഇന്നത്തെ വചനഭാഗവും വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാടാണ് നമുക്കു നല്‍കുന്നത്.

ആദ്യവായനയില്‍ മോശയെയാണ് നാം കണ്ടുമുട്ടുക. ഈ വായനയില്‍ നിന്നും നമുക്കു മനസ്സിലാക്കാം ദൈവത്തോടൊത്തു നടക്കുന്ന ഒരു വ്യക്തി അല്ലെങ്കില്‍ ജനത അവര്‍ വ്യത്യസ്തരാകും. രണ്ടാം വായനയില്‍ ജറെമിയാ പ്രവാചകന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ നാം രക്ഷിക്കപ്പെടുകയും വ്യത്യസ്തരായിത്തീരുകയും ചെയ്യുമെന്ന്. ലേഖനഭാഗത്ത് പൗലോസ് ശ്ലീഹാ ദൈവജനത്തെ ഇപ്രകാരം ഓര്‍മ്മപ്പെടുത്തും, ദൈവികകൃപകളും ദാനങ്ങളുംകൊണ്ട് നമുക്ക് വിശുദ്ധരാകാമെന്ന്.

മനുഷ്യനായി അവതരിച്ച ദൈവം തന്റെ ജീവനും ജീവിതവും വാക്കുകളും വീക്ഷണങ്ങളുംവഴി വ്യത്യസ്തനായി പിതാവിന്റെ ഹിതത്തിനനുസരിച്ചു ജീവിച്ചു. ആ യേശുവിനെ വ്യത്യസ്തമായ ദാനങ്ങളിലും കൃപകളിലും സ്വീകരിച്ച് അനേകര്‍ക്ക് പങ്കുവയ്ക്കാന്‍ നമുക്കും കടമയുണ്ട് എന്ന് വചനം ഓര്‍മ്മപ്പെടുത്തുന്നു.

ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മെ ക്ഷണിക്കുന്നത് രണ്ടു കാര്യങ്ങള്‍ക്കാണ്. ഒന്നാമതായി അവന്‍ നമ്മോട് ആവശ്യപ്പെടുക തന്റെ അടുക്കല്‍ വരാന്‍ വേണ്ടിയാണ്. കുട്ടികളെ ഒന്നു ശ്രദ്ധിക്കുകയാണെങ്കില്‍ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും, എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ ആദ്യം ഓടിയെത്തുക അമ്മമാരുടെ അടുക്കലാണ്. കാരണം, ഓടിയെത്തുന്ന കുഞ്ഞിനറിയാം, അവന് ആശ്വാസം നല്‍കാന്‍ കഴിയുന്ന ഇടം അമ്മയുടെ ചാരെയാണെന്ന്. ഇന്നത്തെ വചനത്തിലൂടെ ഈശോ നമ്മെയും ക്ഷണിക്കുക അവന്റെ അടുക്കല്‍ വരാനാണ്. ദൈവികസാന്നിധ്യത്തില്‍ ഒരു വ്യക്തിയായിരിക്കുന്നതും തന്നെത്തന്നെ മറക്കുന്നതുമാണ് യഥാര്‍ഥമായ അടുത്തുവരല്‍. ഈ കടന്നുവരവിനെയും അവനോടൊപ്പം ആയിരിക്കുന്ന സമയത്തെയും പ്രാര്‍ഥന എന്ന് നമുക്കു വിളിക്കാം. ഉല്‍പത്തി പുസ്തകത്തില്‍ അബ്രാഹത്തിന്റെ ദൈവവുമായുള്ള ബന്ധം ഒരു ഉറ്റചങ്ങാതിയോടുള്ളതുപോലെയാണ്. പുറപ്പാട് പുസ്തകത്തില്‍, മോശയ്ക്കുള്ളതും ഇതേ ബന്ധം തന്നെയാണ്. അവന്റെ പക്കല്‍ ആയിരിക്കാന്‍ അന്നക്കുട്ടി തയ്യാറായപ്പോള്‍ വി. അല്‍ഫോന്‍സയായി അവള്‍ മാറി. നമുക്കും അവനോടൊത്തായിരിക്കാന്‍ പരിശ്രമിക്കാം.

രണ്ടാമതായി, സുവിശേഷം ആവശ്യപ്പെടുക, അവനില്‍നിന്നു പഠിക്കാനാണ്. എന്താണ് നാം അവനില്‍നിന്നും പഠിക്കേണ്ടത്? ഇതൊരു ചോദ്യമാണ്. ‘Rainbow of Sorrow’  എന്ന ഗ്രന്ഥത്തില്‍ ഫുള്‍ ട്ടണ്‍ ജെ. ഷീന്‍ ഇപ്രകാരം കുറിക്കുന്നു: Love is a Mystery – സ്‌നേഹം ഒരു രഹസ്യമാണ്. അതുകൊണ്ടു തന്നെയായിരിക്കണം വചനത്തില്‍ ഇപ്രകാരം കാണുക, ”ദൈവം സ്‌നേഹമാണ്. സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല” എന്ന്.

അമേരിക്കയിലെ ഏറ്റവും വലിയ ഹൃദയമാറ്റ ശസ്ത്രക്രിയാവിദഗ്ദ്ധനായ ഡോ. മൈക്കിളിനോട് വിന്‍ഡ എന്ന പെണ്‍കുട്ടി എഴുതിച്ചോദിച്ചു: ”ഒരു പ്ലാസ്റ്റിക് ഹൃദയത്തില്‍ സ്‌നേഹമുണ്ടോ?” മൈക്കിള്‍ ഉടനടി ഉത്തരം കൊടുത്തു: ”ഉണ്ട് മോളെ, ഒത്തിരിപ്പേരുടെ സ്‌നേഹം – മറ്റുള്ളവരെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവരുടെ, അവര്‍ മരിക്കാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ സ്‌നേഹം. അതാണ് ആ സ്‌നേഹം ഉണ്ടാകാന്‍ പ്രേരണയായത്.”

കൈവെള്ളയില്‍ അപ്പമായി കടന്നുവരുന്നത് ആ ഹൃദയം തന്നെയാണ്. ഓരോ കുര്‍ബാനയിലും യേശു നമ്മെ അവസാനം വരെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയാണ്. ആ സ്‌നേഹത്തെ അറിയാനും അനുഭവിക്കാനും നമുക്കു പരിശ്രമിക്കാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ ജോബി ജോസഫ് തെക്കേടത്ത് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.