ഞായർ പ്രസംഗം: ഏലിയാ ശ്ലീവാ മൂശാക്കാലം അഞ്ചാം ഞായർ, സെപ്റ്റംബർ 22 മത്തായി 24: 29-36 രക്ഷയുടെ ശബ്ദം (Voice of Salvation)

മിശിഹായില്‍ ഏറെ സ്‌നേഹം നിറഞ്ഞവരെ,

ഏലിയാ ശ്ലീവാ മൂശാക്കാലത്തിന്റെ അഞ്ചാമത്തെയും സ്ലീവായുടെ രണ്ടാമത്തെയും കാലത്തിലേക്കു നാം പ്രവേശിക്കുമ്പോള്‍ ഈശോയുടെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചാണ് ഇന്ന് മത്തായി സുവിശേഷകന്‍ വിവരിക്കുന്നതും സഭ ധ്യാനവിചിന്തനത്തിനായി നല്‍കുന്നതും. സ്വര്‍ഗരാജ്യം പ്രാപ്തമാക്കണമെങ്കില്‍ നാം എത്രമാത്രം ജാഗരൂകതയോടെ ഈ ഭൂമിയില്‍ ജീവിക്കണമെന്ന് വചനം വളരെ കൃത്യമായി നമ്മെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്.

ഈശോയുടെ യുഗാന്തോന്മുഖ പ്രഭാഷണം പഴയനിയമ പശ്ചാത്തലത്തിലാണ് നാം മനസ്സിലാക്കേണ്ടത്. ഉല്‍പത്തിയുടെ പുസ്തകത്തില്‍നിന്നുള്ള ഒന്നാം വായനയില്‍ നോഹ വഴി സകല ജനപദങ്ങള്‍ക്കുമുള്ള ഉടമ്പടി ഉറപ്പിക്കുന്നു. ഒരിക്കലും ഈ ഉടമ്പടി ഇല്ലാതാകുന്നില്ല. രണ്ടാം വായനയായ ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ മനുഷ്യപുത്രന്റെ രണ്ടാമത്തെ ആഗമനം വിവരിക്കുന്നു. ”നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ വാനമേഘങ്ങളിലൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു” (ദാനി. 7:13). വി. പൗലോസ് കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍, നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശ് ഭോഷത്തമാണെങ്കില്‍ രക്ഷയിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശ് എന്നും ദൈവത്തിന്റെ ശക്തിയാണ്. അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ പ്രസംഗിക്കാന്‍ നമുക്കു കഴിയണം.

ഇന്നത്തെ സുവിശേഷം നമ്മുടെ മുമ്പില്‍ മൂന്നു കാര്യങ്ങള്‍ വിചിന്തനത്തിനായി നല്‍കുന്നു. ഒന്നാമതായി, രണ്ടാമത്തെ ആഗമനം. ഈശോ രണ്ടാമത് വരും എന്നുള്ള സൂചന സുവിശേഷം വിവരിക്കുന്നുണ്ട്. പക്ഷെ, വരുമോ എന്നുള്ളതാണ് നമുക്ക് സംശയം. ആദ്യകാലത്ത് സഭ വിശ്വസിച്ചിരുന്നത് കര്‍ത്താവ് താമസിയാതെ തിരിച്ചുവരുമെന്നാണ്. അവര്‍ അതിനുള്ള കാത്തിരിപ്പിലായിരുന്നു, പ്രാര്‍ഥനയിലായിരുന്നു. അവരുടെ പ്രധാനപ്പെട്ട പ്രാര്‍ഥന അത് സൂചിപ്പിക്കുന്നു. ‘മാറാനാത്ത’ – കര്‍ത്താവേ, വേഗം വരണമെ. അതുകൊണ്ട് കര്‍ത്താവ് വീണ്ടും വരുമെന്നുള്ളതില്‍ തര്‍ക്കമില്ല.

ഒരു കഥ ഇപ്രകാരമാണ്. ഒരു മോഷ്ടാവ് എവിടെയോ മോഷണം നടത്തി രക്ഷപെട്ട് ഓടിവന്ന് ഒരു ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്നു. അവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഈ മനുഷ്യനെ കണ്ടെത്തി ചോദിക്കുന്നു, താങ്കള്‍ ആരാണ്. ഒരു രസത്തിന് ആ മനുഷ്യന്‍ ഇങ്ങനെ മറുപടി നല്‍കി, ഞാന്‍ ജീസസ് (ഈശോ) ആണ്. പാവം കുട്ടികള്‍ അത് വിശ്വസിച്ചു. അവര്‍ ആ മനുഷ്യന് ഭക്ഷണവും വസ്ത്രവും കൊടുക്കാനും ഇടയ്ക്ക് അവിടെപ്പോയി ക്ഷേമം അന്വേഷിക്കാനും തുടങ്ങി. അങ്ങനെ കുട്ടികളുടെ പെരുമാറ്റം ആ മനുഷ്യനെ വ്യത്യസ്തനാക്കി. തങ്ങളുടെ നഗരത്തില്‍ ഈശോ വന്നിട്ടുണ്ട് എന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അവര്‍ ഈശോയെ കാണാന്‍ വന്നു; അതിനിടയില്‍ പൊലീസും. അങ്ങനെ ആ മനുഷ്യനെ പൊലീസുകാര്‍ വിലങ്ങുവച്ച് കൊണ്ടുപോകുന്നതുകണ്ട കുട്ടികള്‍ വലിയ വായില്‍ നിലവിളിക്കുകയാണ്. പക്ഷെ, കൂട്ടത്തിലെ ഒരു കുട്ടി മറ്റു കുട്ടികളോടു പറയുകയാണ്, ഈശോയെ അവര്‍ കൊണ്ടുപോയി അടിക്കും, കൊല്ലും. പക്ഷെ, അവന്‍ തിരിച്ചുവരും. അതുകൊണ്ട് നമുക്ക് കാത്തിരിക്കാം (He will come back). എന്നുപറഞ്ഞാല്‍ ഈശോ തിരിച്ചുവരും എന്നുള്ള പ്രതീക്ഷ നഷ്ടപ്പെടാതെ കാത്തിരിക്കുക എന്നുള്ളതാണ് ഒരു ക്രിസ്ത്യാനിയുടെ ഉത്തരവാദിത്വം.

രണ്ടാമതായി, ദൈവത്തിന്റെ വചനത്തിന് ഒരിക്കലും മാറ്റമില്ല. അവിടുന്ന് പറയുന്നുണ്ടല്ലോ, ആകാശവും ഭൂമിയും കടന്നുപോകും. പക്ഷെ, എന്റെ വാക്കുകള്‍ ഒരിക്കലും അവസാനിക്കുകയില്ല. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ ബൈബിളിലെ വാക്കുകളും വചനങ്ങളും ഇന്നും പ്രസക്തിയുള്ളതാണെങ്കില്‍ ദൈവത്തിന്റെ വചനത്തിന് ഒരിക്കലും മാറ്റമില്ല. വചനം എന്നും നിലനില്‍ക്കും (ഹെബ്രാ. 13:8). ”യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരാള്‍ത്തന്നെ” എന്നാണര്‍ഥം.

ലോകാവസാന കഥകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടെ കൊച്ചുകേരളം. ലോകം 2000-ല്‍ അവസാനിക്കാം, 2012-ല്‍ അവസാനിക്കാം, 2041-ല്‍ അവസാനിക്കാം എന്നൊക്കെ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു. ലോകാവസാനം കാത്ത് ഉള്ളതെല്ലാം വിറ്റുപെറുക്കി കൂടാരത്തില്‍ താമസിക്കുന്ന ഒരു കഥ നമ്മുടെ ഇടയിലുമുണ്ട്. ഇത് ഒരിക്കലും ആദ്യത്തെ സംഭവമല്ല. അങ്ങ് അമേരിക്കയിലും മറ്റു പല രാജ്യങ്ങളിലുമുണ്ട് ഇങ്ങനെ. എന്തായാലും പ്രിയപ്പെട്ടവരെ, സുവിശേഷം പറയുന്ന സമയത്തെക്കുറിച്ച് പിതാവിനല്ലാതെ മറ്റാര്‍ക്കും, പുത്രനുപോലും അറിഞ്ഞുകൂടാ (മത്തായി 24:36).

അതുകൊണ്ട് പ്രിയപ്പെട്ടവരെ, എപ്പോള്‍ അവന്‍ വന്നാലും അവനോടു കൂടെ ഒരുങ്ങിപ്പോകാന്‍ ഒരുക്കത്തില്‍ ജീവിക്കുക എന്നുള്ളതാണ് പ്രധാനകാര്യം. അതിനായി നമുക്കു പ്രാര്‍ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ബ്രദര്‍ ജോബിന്‍ വലിയപ്ലാക്കല്‍ MSJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.