ഞായർ പ്രസംഗം: ഏലിയാ ശ്ലീവാ മൂശാക്കാലം നാലാം ഞായർ; സെപ്റ്റംബർ 15, മത്തായി 10: 34-42, കുരിശ് – Maximum Love

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

”ക്രൂശിതനെ പ്രണയിക്കുന്നവര്‍ക്ക്
കൂട്ടായി കുരിശുണ്ട്.
കുരിശുള്ളിടങ്ങളില്‍ ആശ്വാസത്തിന്റെ
മഴവില്ലായി ക്രൂശിതനുമുണ്ട്.”

മനുജനായ ദൈവം മനുജകുലത്തിനു നല്‍കിയ സ്‌നേഹത്തിന്റെ സമ്മാനമാണ് കുരിശ്. ഇന്നത്തെ പഴയനിയമവായനകളും പുതിയനിയമവായനകളും ചെന്നെത്തിനില്‍ക്കുന്നത് കുരിശിന്റെ സ്‌നേഹത്തിലാണ്. സംഖ്യയുടെ പുസ്തകത്തില്‍ നമ്മള്‍ വായിക്കും, ദൈവത്തെ വെല്ലുവിളിക്കുന്ന ഇസ്രായേല്‍ജനത്തിന്റെ ഇടയിലേക്ക് കര്‍ത്താവ് ആഗ്നേയസര്‍പ്പങ്ങളെ അയയ്ക്കുന്നത്. അവയുടെ ദംശനമേറ്റ് ഇസ്രായേലിലെ വളരെപ്പേര്‍ മരിച്ചുവീഴുമ്പോള്‍ ദൈവം മോശയോട് അരുള്‍ച്ചെയ്യും, ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തിനിര്‍ത്താന്‍. തുടര്‍ന്ന് നമ്മള്‍ വായിക്കും, ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കിയപ്പോള്‍ അവര്‍ ജീവിച്ചുവെന്ന്. മരുഭൂമിയിലുയര്‍ത്തപ്പെട്ട പിച്ചളസര്‍പ്പം കാല്‍വരിയിലുയര്‍ത്തപ്പെട്ട കുരിശിന്റെ പ്രതിരൂപമാണ്. പിച്ചളസര്‍പ്പത്തെ നോക്കിയവര്‍ ജീവന്‍ പ്രാപിച്ചതുപോലെ പാപത്തിന്റെ ദംശനമേറ്റവര്‍ക്ക് ദൈവീകജീവനിലേക്കു ള്ള ഒരു ക്ഷണമാണ് ക്രിസ്തുവിന്റെ കുരിശ്.

വി. മത്തായിയുടെ സുവിശേഷം പത്താം അധ്യായം 34 മുതല്‍ 42 വരെയുള്ള വചനഭാഗങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍ 38-ാം വാക്യം നമ്മെ ഓര്‍മ്മപ്പെടുത്തും, ”സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്ക് യോഗ്യനല്ല” എന്ന്. കുരിശുകളെ സന്തോഷത്തോടെ സ്വീകരിക്കണമെന്ന ക്രിസ്തുവിന്റെ സ്‌നേഹത്തോടെയുള്ള ആഹ്വാനമാണ് ഇത്.

കുരിശിനെ ആഴത്തില്‍ മനസ്സിലാക്കുമ്പോള്‍ ക്രിസ്തുസ്‌നേഹത്തിന്റെ നാലു തലങ്ങള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. കുരിശിന് നാലുവശങ്ങളെന്നതുപോലെ ക്രിസ്തുവിന്റെ സ്‌നേഹബന്ധങ്ങള്‍ക്കും നാലുതലങ്ങളാണുള്ളത്. കുരിശിലേക്കു നോക്കുമ്പോള്‍ അതിന്റെ ഒരു ഭാഗം മുകളിലേക്കാണ് നില്‍ക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് ക്രിസ്തുവിന്റെ പിതാവുമായുള്ള സ്‌നേഹബന്ധത്തെയാണ്. പിതാവിന്റെ സ്വപ്നങ്ങള്‍ക്ക് കരുതലോടെ ജന്മം മുഴുവന്‍ കാവല്‍നിന്നപ്പോള്‍, ജീവിതത്തിന്റെ പന്ത്രണ്ടാം വയസ്സില്‍ പിതൃകാര്യത്തിനായി വാദപ്രതിവാദത്തിലേര്‍പ്പെട്ടപ്പോള്‍, മുപ്പതാം വയസ്സുവരെ മരക്കഷണങ്ങളെ കടഞ്ഞെടുത്തശേഷം പിതാവിനായി മനുഷ്യമനസ്സുകള്‍ കടഞ്ഞെടുത്തപ്പോഴെല്ലാം വിരിഞ്ഞുനിന്നത് പിതാവുമായുള്ള ഒരു സ്‌നേഹബന്ധമാണ്.

കുരിശ് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ആദ്യത്തെ കാര്യമിതാണ്, ഇതാ, എന്റെ പ്രിയപുത്രന്‍ അല്ലെങ്കില്‍ പ്രിയപുത്രി എന്ന് സ്വര്‍ഗം നമ്മെ നോക്കി പറയണമെങ്കില്‍ പിതാവായ ദൈവവുമായി നമുക്കൊരു സ്‌നേഹബന്ധം വേണം. ക്രിസ്തുവിലെന്നപോലെ പിതാവായ ദൈവവുമായി ഒരു സ്‌നേഹബന്ധം നമുക്കും വളര്‍ത്തിയെടുക്കേണ്ടതായിട്ടുണ്ട്.

കുരിശിന്റെ ഇടതുഭാഗം ഓര്‍മ്മിപ്പിക്കുന്നത് ക്രിസ്തുവിന്റെ പ്രപഞ്ചവുമായിട്ടുള്ള സ്‌നേഹബന്ധത്തെയാണ്. നിരവധി പ്രകൃതിദുരന്തങ്ങളിലൂടെ ഈ നാളുകളില്‍ നാം കടന്നുപോയപ്പോള്‍ ഓര്‍മ്മിക്കുക, ക്രിസ്തു സ്‌നേഹിച്ചതുപോലെയാണോ ഈ പ്രപഞ്ചത്തെ ഞാന്‍ സ്‌നേഹിക്കുന്നതെന്ന്. കുരുവികളെ സ്‌നേഹിച്ചവന്‍, ഗോതമ്പുമണികള്‍ കരങ്ങളിലെടുത്തവന്‍, വഞ്ചിയുടെ അമരങ്ങളില്‍ ഉറങ്ങിയവന്‍, വിത്തും കടുകുമണിയും ഉപമകളാക്കിയവന്‍, വിതക്കാരനെയും കൃഷിക്കാരനെയും ദര്‍ശനങ്ങള്‍കൊണ്ടു നിറച്ചവന്‍, കടലിനെയും തിരമാലകളെയും ശാന്തമാക്കിയവന്‍, ആട്ടിന്‍കുട്ടികളെ മാറോടുചേര്‍ത്തവന്‍, ഒടുവില്‍ മരക്കുരിശ് മരണക്കിടക്കയാക്കിയവന്‍… ജീവിതത്തിലുടനീളം പ്രകൃതിയോടും പ്രപഞ്ചത്തോടും ഇങ്ങനെ ചേര്‍ന്നുനിന്നതുകൊണ്ടാവണം ക്രിസ്തുവിന്റെ മരണസമയം പ്രപഞ്ചത്തിലും പ്രത്യേകതകള്‍ ദര്‍ശിച്ചത്. പ്രപഞ്ചസ്‌നേഹി മിഴികള്‍ പൂട്ടിയപ്പോള്‍ പ്രപഞ്ചവും മിഴികള്‍ പൂട്ടുകയാണ്. കുരിശ് നമുക്കു നല്‍കുന്ന അടുത്ത ഓര്‍മ്മപ്പെടുത്തലാണ്, ക്രിസ്തുവിനെപ്പോലെ പ്രപഞ്ചത്തെ സ്‌നേഹിക്കണമെന്നത്.

കുരിശിന്റെ വലതുഭാഗം സൂചിപ്പിക്കുന്നത് തന്നോടുതന്നെയുള്ള ക്രിസ്തുവിന്റെ ബന്ധത്തെയാണ്. ‘സ്വയം അറിയുക എന്നതാണ് ഏറ്റവും വലിയ അറിവ്’ എന്നാണ് സോക്രട്ടീസ് പറഞ്ഞുവയ്ക്കുന്നത്. ജീവിതത്തില്‍ തന്റെ ഹിതത്തിനപ്പുറം പിതൃഹിതം നിറവേറ്റാന്‍ ക്രിസ്തു സ്വയം വിട്ടുകൊടുക്കുന്നത് ഈയൊരു ബോധ്യത്തില്‍നിന്നാണ്. ക്രിസ്തുവിനെപ്പോലെ തന്നോടുതന്നെയുള്ള ബന്ധം നമ്മെയും പിതൃഹിതത്തിലേക്കു നയിക്കണമെന്നതാണ് കുരിശ് നല്‍കുന്ന മൂന്നാമത്തെ പാഠം.

ഒടുവിലായി കുരിശിന്റെ താഴ്ഭാഗം വിരല്‍ചൂണ്ടുന്നത്, അപരനോടുള്ള ക്രിസ്തുവിന്റെ സ്‌നേഹബന്ധത്തിലേക്കാണ്. സുവിശേഷങ്ങള്‍ യേശുവിന്റെ സഹോദരസ്‌നേഹത്തിന്റെ ആകെത്തുകയാണ്. ആരെയും മാറ്റിനിര്‍ത്താത്തവനാണ് ക്രിസ്തു. സുഖപ്പെടുത്തലുകളുടെ ആഘോഷമായിരുന്നു ക്രിസ്തുജീവിതം. ഒടുവില്‍ കുരിശിലായിരിക്കുമ്പോള്‍ നല്ല കള്ളനുപോലും ആ സ്‌നേഹം അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. അത്ഭുതങ്ങളും രോഗസൗഖ്യങ്ങളുമൊക്കെ വിളിച്ചോതുന്നത് ഒന്നുമാത്രം – ചുറ്റുമുള്ളവരോടുള്ള ക്രിസ്തുബന്ധത്തിന്റെ സ്‌നേഹകഥകള്‍. കുരിശ് നമുക്കു നല്‍കുന്ന അവസാനത്തെ പാഠം അതാണ്. ക്രിസ്തു സ്‌നേഹിച്ചതുപോലെ കൂടെയുള്ളവരെ സ്‌നേ ഹിക്കുക.

രാത്രി ടെറസ്സില്‍നിന്നു ഫോണ്‍ വിളിക്കുമ്പോഴാണ് ഭര്‍ത്താവ് കയറിവരുന്നത്. പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ക്ഷുഭിതനായ് അയാള്‍ ചോദിച്ചു: ”ആരാ ഈ അസമയത്ത് വിളിക്കുന്നത്?” അവള്‍ സൗമ്യമായി പറഞ്ഞു: ”അമ്മയാണ്.” ”പകലെങ്ങാനും വിളിച്ചാല്‍പ്പോരേ. ഈ പാതിരാത്രിക്കു വിളിക്കാന്‍ എന്താ കാര്യം?” നിറമിഴികളോടെയാണ് അവള്‍ മറുപടി പറഞ്ഞത്: ”ഇന്ന് എന്റെ പിറന്നാളാണ്. അമ്മ രാവാകുമ്പോഴെങ്കിലും മകളെ ഓര്‍ത്തു. കൂടെ ജീവിക്കുന്നവന്‍ അത് മറന്നുപോയി.”

നമ്മുടെ കൂടെയുള്ളവരെ ചേര്‍ത്തുപിടിക്കാനും അവരുടെ വേദനകളില്‍ പങ്കുചേരാനും അവരുടെ സന്തോഷങ്ങളില്‍ അവരോടൊപ്പം ആഹ്ലാദിക്കാനുമുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് കുരിശ്. ആരെയും മാറ്റിനിര്‍ത്താതെ കൂടെയുള്ളവരെ ക്രിസ്തു സ്‌നേഹിച്ചതുപോലെ നമുക്കും സ്‌നേഹിച്ചുതുടങ്ങാം.

കുരിശ് ഒരു ഓര്‍മ്മപ്പെടുത്തലാണ്. ക്രിസ്തുവിന്റേതുപോലുള്ള സ്‌നേഹബന്ധങ്ങള്‍ നമ്മിലും വളര്‍ത്താനുള്ള ഓര്‍മ്മപ്പെടുത്തല്‍. പിതാവിലേക്കും പ്രപഞ്ചത്തിലേക്കും തന്നിലേക്കും അപരനിലേക്കും നമ്മുടെ സ്‌നേഹബന്ധങ്ങള്‍ വളരാന്‍വേണ്ട കൃപയ്ക്കായി ഈ ബലിയില്‍ നമുക്ക് പ്രാര്‍ഥിക്കാം.

ദൈവംനമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ അഖില്‍ ആലപ്പാട്ടുകുന്നേല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.