ഞായർ പ്രസംഗം: ഏലിയാ ശ്ലീവാ മൂശാക്കാലം മൂന്നാം ഞായർ, സെപ്റ്റംബർ 08, മത്തായി 1: 1-16 ഹാപ്പി ബര്‍ത്‌ഡേ അമ്മ

ബ്രദര്‍ ജോബിറ്റ് കാവാലം പുതുപ്പറമ്പില്‍ MCBS

”അമ്മ മരിച്ചപ്പോള്‍ ആശ്വാസമായി.” ഒരു എഴുത്തുകാരനും ഇന്നേവരെ കുറിക്കാത്ത വരികളിലൂടെ അമ്മയുടെ മരണത്തെ കുറിക്കുന്നത് കല്‍പറ്റ നാരായണനാണ്. എന്നാല്‍ അത് അമ്മയ്ക്ക് സ്‌നേഹമില്ലാത്തതുകൊണ്ടോ, അമ്മയോടു സ്‌നേഹമില്ലാത്തതുകൊണ്ടോ അല്ല, മറിച്ച് അമ്മയുടെ സ്‌നേഹം ആവോളമറിഞ്ഞ ഒരു മകന്റെ നിലയ്ക്കാത്ത വേദനയാണ് ആശ്വാസമെന്ന് പിന്നീടുള്ള വരികള്‍ വ്യക്തമാക്കുന്നുണ്ട്. ”അമ്മ മരിച്ചപ്പോള്‍ ആശ്വാസമായി. ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം. ആരും സ്വൈര്യം കെടുത്തില്ല. ഇനിയെനിക്ക് ഉണങ്ങിപ്പാടുന്നതുവരെ തലതുവര്‍ത്തണ്ട. ആരും ഇഴവിടര്‍ത്തി നോക്കാനില്ല. ഇനിയെനിക്ക് എത്തിയിടത്ത് ഉറങ്ങാം. ഞാന്‍ എത്തിയാല്‍മാത്രം കെടുന്ന വിളക്ക് ഇന്നലെ കെട്ടു. ആരും ഒരിക്കലും നഷ്ടമാകാനാഗ്രഹിക്കാത്ത സ്‌നേഹഭാവമാണ് അമ്മ എന്നത്.”

കല്‍പറ്റയുടെ വരികളില്‍ നിഴലിക്കുന്നത് നഷ്ടമായിത്തീര്‍ന്ന അമ്മസ്‌നേഹത്തിന്റെ നിലയ്ക്കാത്ത വേദനയാണ്.

ക്രിസ്തുവിന്റെ പ്രിയപ്പെട്ടവര്‍ ഒരിക്കലും ഈ വേദന അനുഭവിക്കാതിരിക്കാന്‍വേണ്ടി എനിക്കും നിനക്കുംവേണ്ടി സ്വര്‍ഗം തീര്‍ത്തുതന്ന നിത്യസമ്മാനമാണ് പരിശുദ്ധ കന്യകാമറിയം. ഒരിക്കലും അവസാനിക്കാത്ത മാതൃസ്‌നേഹം ഹൃദയത്തിന്റെ ഉള്ളറകളിലേക്കു പകര്‍ന്നുനല്‍കുന്നതിനായി ദൈവം തെരഞ്ഞെടുത്ത ആ അമ്മയുടെ ജനനത്തിരുനാളിന്റെ മംഗളങ്ങളും പ്രാര്‍ഥനകളും എല്ലാവര്‍ക്കും സ്‌നേഹത്തോടെ നേരുന്നു.

തിരുസഭയുടെ ദിനസൂചികയില്‍ ആഘോഷിക്കപ്പെടുന്ന മൂന്ന് ജന്മദിനങ്ങളിലൊന്നാണ് പരിശുദ്ധ മാതാവിന്റെ ജനനം. അനേകായിരം വിശുദ്ധാത്മാക്കളുള്ള കത്തോലിക്കാ സഭയില്‍ എന്തുകൊണ്ട് ഈശോയുടെയും സ്‌നാപകയോഹന്നാന്റെയും ജനനം പോലെതന്നെ പരിശുദ്ധ അമ്മയുടെ ജനനവും പ്രാധാന്യമര്‍ഹിക്കുന്നു എന്ന ചോദ്യത്തിന് ചരിത്രത്താളുകള്‍ത്തന്നെ ഉത്തരം നല്‍കും. യാക്കോബിന്റെ ലേഖനം എന്ന അപ്രമാണികഗ്രന്ഥത്തില്‍നിന്നാണ് പരിശുദ്ധ അമ്മയുടെ ജനനത്തെക്കുറിച്ച് നാം വായിച്ചറിയുക. കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കുന്നത് ദൈവശാപമാണെന്നു കരുതിയിരുന്ന ഇസ്രായേലിന്റെ പശ്ചാത്തലത്തില്‍ പ്രായം ഏറെയായിട്ടും കുഞ്ഞുങ്ങള്‍ ഉണ്ടാകാതിരുന്ന യൊവാക്കിം – അന്ന ദമ്പതികള്‍ ഏറെ ദുഃഖമനുഭവിച്ചിരുന്നു. പുരോഹിതനായിരുന്നെങ്കിലും ഇക്കാരണത്താല്‍ ദൈവാലയത്തില്‍ ബലിയര്‍പ്പണത്തില്‍നിന്നുപോലും അവന്‍ തഴയപ്പെട്ടിരുന്നു.

യൊവാക്കിം ദുഃഖത്തോടെ മരുഭൂമിയിലേക്കു പോവുകയും 40 ദിവസം തപസനുഷ്ഠിക്കുകയും ചെയ്തു. ഭര്‍ത്താവ് പോയതിന്റെ ഭാരവും വന്ധ്യതയുടെ നിരാശയും അന്നയുടെ ജീവിതത്തെ കൂടുതല്‍ ദുഃഖത്തിലാഴ്ത്തി. അവര്‍ നെടുവീര്‍പ്പോടെ ദൈവതിരുമുമ്പില്‍ പ്രാര്‍ഥിച്ചപ്പോള്‍ ദൈവദൂതന്‍ സ്വര്‍ഗത്തില്‍നിന്ന് പ്രത്യക്ഷപ്പെട്ട് ഒരു കുഞ്ഞ് ജനിക്കുമെന്ന് വാഗ്ദാനം ചെയ്തു. വാഗ്ദാനംപോലെ അന്ന ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മൂന്നുവയസ്സുവരെ മാതാപിതാക്കള്‍ ക്കൊപ്പവും പിന്നീട് 12 വയസ്സുവരെ ദൈവാലയത്തിലുമായി ശിശു വളര്‍ന്നു. ജറുസലേം ദൈവാലയത്തിലെ ദൈവസാന്നിധ്യത്തിന്റെ തണലില്‍ വളര്‍ന്നുവന്ന അവളെ ദൈവമാതാവാകാന്‍, രക്ഷകന്റെ അമ്മയാകാന്‍ അങ്ങനെ സര്‍വജനപദങ്ങളുടെയും അമ്മയാകാന്‍ ദൈവം തെരഞ്ഞെടുത്തു എന്ന ഒറ്റക്കാരണത്താല്‍ത്തന്നെ പരിശുദ്ധ അമ്മയുടെ ജനനം നമുക്കും അത്രമേല്‍ പ്രധാനപ്പെട്ടതാണ്.

ഉല്‍പത്തി പുസ്തകത്തില്‍നിന്നുള്ള ആദ്യവായനയില്‍ ജനതകളുടെ മാതാവിനെക്കുറിച്ചുള്ള സൂചനയാണ് നാം കാണുക. രണ്ടാം വായനയായ ഏശയ്യാ പ്രവാചകനില്‍ ഒരു ജനതയുടെ തിരിച്ചുവരവിന്റെ പ്രവചനവും അവതരിപ്പിച്ചിരിക്കുന്നു. സൂര്യനെ ഉടയാടയാക്കിയ സ്ത്രീയെക്കുറിച്ച് വെളിപാട് പുസ്തകവും പറഞ്ഞുവയ്ക്കുമ്പോള്‍ ഇന്നത്തെ വചനഭാഗം ഒരു കാര്യം വ്യക്തമാക്കുന്നു. ജീവിതവീഥികളില്‍ നാം ഇടറി വീണുപോകുമ്പോള്‍ കൂടെനില്‍ക്കാനും കൈത്താങ്ങാകാനും എനിക്കും നിനക്കും ഒരു അമ്മയുണ്ട്. സൂര്യനെ ഉടയാടയാക്കിയ അവള്‍ സ്വര്‍ഗത്തിലിരുന്ന് നമുക്കായി നിരന്തരം പ്രാര്‍ഥിക്കുന്നു.

വി. അല്‍ഫോന്‍സ് ലിഗോരി സ്വര്‍ഗത്തിലെ ഈ അമ്മയെക്കുറിച്ച് ഇപ്രകാരം പറയുന്നു: ”ശാരീരികജനനത്തിന് മാതാപിതാക്കളുണ്ടാവുക എന്നത് പ്രകൃതിയുടെ അലംഘനീയമായ നിയമമാണ്. അതുപോലെതന്നെയാണ് അതിസ്വാഭാവിക ജനനവും. അവിടെ ദൈവം പിതാവും മറിയം മകളുമാണ്. മറിയം മാതാവല്ലാത്തവന് ദൈവം പിതാവുമല്ല.” ചോര പൊടിയുന്ന ഗാഗുല്‍ത്തായുടെ യാമങ്ങളില്‍ ജീവിതത്തിന്റെയും ആത്മീയ അമ്മയായിട്ട് സ്വന്തം അമ്മയെ നല്‍കി ദൈവഹിതം പൂര്‍ത്തിയാക്കുന്ന യേശുവിന്റെ ചിത്രമാണ് നാം കാണുന്നത്.

മത്തായി സുവിശേഷകന്‍ ഇന്ന് നമ്മുടെ മുമ്പില്‍ എടുത്തുവയ്ക്കുന്നത് ഈശോയുടെ വംശാവലിയാണ്. പരിശുദ്ധ അമ്മയുടെ ജനനവുമായി ഒരു ബന്ധവുമില്ലായെന്നു തോന്നാമെങ്കിലും ഒത്തിരി അര്‍ഥതലങ്ങള്‍ ഇതില്‍ ഇഴചേര്‍ത്തിരിക്കുന്നു. പരിശുദ്ധ അമ്മയെക്കൂടാതെ നാല് സ്ത്രീസാന്നിധ്യംകൂടി ഈ വംശാവലിയില്‍ നാം കാണുന്നു. എന്നാല്‍ ഈ നാലു പേരുടെയും ജീവിതം വിശുദ്ധഗ്രന്ഥത്താളുകളില്‍നിന്ന് നാം വായിച്ചെടുക്കുമ്പോള്‍ ജീവിതവഴികളില്‍ വീഴ്ച സംഭവിച്ച വ്യക്തിത്വങ്ങളായി അവര്‍ നില്‍ക്കുന്നു. താമാറും റാഹാനും റൂത്തും ബത്‌ഷെബായുമൊക്കെ അശുദ്ധിയുടെ വഴികളില്‍ വീണവരായിരുന്നെങ്കില്‍ അവര്‍ക്കുശേഷം വംശാവലിയില്‍ കാണുന്ന പരിശുദ്ധ മറിയം എല്ലാ മാതൃത്വങ്ങളെയും വിശുദ്ധീകരിക്കുന്ന ദൈവമാതൃത്വത്തിന്റെ ഉടമയായി നില്‍ക്കുന്നു. അങ്ങനെ അശുദ്ധമായതിനെയെല്ലാം വിശുദ്ധീകരിക്കുന്ന ആത്മീയസാന്നിധ്യമായി പരിശുദ്ധ അമ്മയെ വചനം കാട്ടിത്തരുമ്പോള്‍ വിശു ദ്ധിയിലേക്കുള്ള നമ്മുടെ യാത്രയില്‍ ഒരു സഹകാരിണിയായ, ആത്മീയ അമ്മയായി പരിശുദ്ധ അമ്മയെ സ്വീകരിക്കണമെന്ന് വചനം ആവശ്യപ്പെടുന്നു.

നോമ്പുനോക്കിയും ജപമാലകളെത്തിച്ചും പ്രാര്‍ഥനകള്‍ ഉരുവിട്ടുമൊക്കെ പരിശുദ്ധ അമ്മയുടെ ജനനത്തിനായി നാം ഒരുങ്ങിയെന്നു വിശ്വസിക്കുമ്പോള്‍ ഈ ദിനം നമ്മുടെ മുമ്പില്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. കാല്‍വരിയില്‍ സ്വപുത്രന്‍ തന്നെ നമുക്കായി സമ്മാനിച്ച അമ്മ ഇനിയും എന്റെ ജീവിതത്തിന്റെ അമ്മയായി മാറിയിട്ടുണ്ടോ? യഥാര്‍ഥ മരിയഭക്തി എ ന്നത് മറിയത്തെക്കുറിച്ച് ഏറെ അപദാനങ്ങള്‍ കീര്‍ത്തിക്കുന്നതോ, നൊവേന ചൊല്ലുന്നതോ, ഏതെങ്കിലും പ്രാര്‍ഥനകള്‍ ഉരുവിടുന്നതോ എന്നതിലുപരി അവളെ യഥാര്‍ഥ അമ്മയായി സ്വീകരിക്കുന്നതും നമ്മെത്തന്നെ മക്കളായി സമര്‍പ്പിക്കുന്നതുമാണ് എന്ന തിരിച്ചറിയാം. ആ തിരിച്ചറിവിന്റെ നിറവില്‍ വി. ചെറുപുഷ്പത്തെപ്പോലെ നാമും പറയണം, ”അമ്മേ, ഞാന്‍ അമ്മയെക്കാള്‍ ഭാഗ്യവതിയാണ്. എന്തെന്നാല്‍ എനിക്ക് ഇത്ര ഭാഗ്യവതിയായ ഒരു അമ്മയുണ്ടല്ലേ, നിനക്കില്ലല്ലോ.”

അങ്ങനെ പരിശുദ്ധ അമ്മ നമ്മുടെ ആത്മീയ അമ്മയായി മാറുമ്പോള്‍ കാല്‍വരിയില്‍ സംഭവിച്ചതിന്റെ മറ്റൊരു ധ്യാനം കൂടി നാം അനുസ്മരിക്കണം. കാല്‍വരിയില്‍ കുരിശില്‍ കിടന്നുകൊണ്ട് യേഹന്നാനെ നല്‍കി ‘ഇതാ നിന്റെ മകന്‍’ എന്ന് മറിയത്തോടു പറഞ്ഞ ഈശോ എന്താണ് ആവശ്യപ്പെടുക. ഓ മറിയമേ, എന്റെ അമ്മേ, നീ എന്നെ സ്‌നേഹിച്ചതുപോലെ ഇനിമുതല്‍ ഇവനെ സ്‌നേഹിക്കണം. നീ എന്നെ വളര്‍ത്തിയതുപോലെ ഇവനെ വളര്‍ത്തണം. എന്നെ പരിശീലിപ്പിച്ചതുപോലെ ഇവനെ പരിശീലിപ്പിക്കണം. ഞാന്‍ ദൈവപുത്രനായിരുന്നു; ഇവനോ മനുഷ്യനും. ആയതിനാല്‍ എനിക്കു നല്‍കിയതിലും കൂടുതല്‍ സ്‌നേഹവും ശ്രദ്ധയും പരിഗണനയും നീ ഇവനു കൊടുക്കണം. എന്റെ ദൗത്യം ഇവിടെ പൂര്‍ത്തിയാവുകയാണ്. നിന്റെ ദൗത്യം അവസാനിക്കുന്നില്ല.

കാല്‍വരിയില്‍ അമ്മ ഏറ്റെടുത്ത ദൗത്യം ഇന്നും വിശ്വസ്തതയോടെ തുടരുകയാണ്. മാനദണ്ഡം ഒന്നുമാത്രം, പരിശുദ്ധ കന്യകയെ സ്വന്തം അമ്മയായി നാം തെരഞ്ഞെടുക്കുക. അങ്ങനെ ഒരു തെരഞ്ഞെടുപ്പ് നാം നടത്തുമ്പോള്‍ കാല്‍വരിയില്‍ മറിയത്തെ യോഹന്നാനു നല്‍കി, ‘ഇതാ നിന്റെ അമ്മ’ എന്നുപറഞ്ഞ ആ തിരുമൊഴിയുടെ അര്‍ഥം ആഴത്തില്‍ നാം മനസ്സിലാക്കണം. ഞാന്‍ എന്റെ അമ്മയെ സ്‌നേഹിച്ചതുപോലെ നീയും അനുസരിക്കണം. മനസ്സു തളരുമ്പോള്‍ നീ അവളുടെ പക്കല്‍ അഭയം തേടണം. മറ്റുള്ളവര്‍ നിന്നെ ഒറ്റപ്പെടുത്തുമ്പോഴും നിന്നെ തെറ്റിധരിക്കുമ്പോഴും നീ അവളുടെ അടുത്തുചെല്ലണം. നീ കുരിശിലായിരിക്കുമ്പോഴും നിന്റെ മരണവേളയിലും ഒപ്പമുണ്ടാകാന്‍ അവളോടു നീ യാചിക്കണം. അപ്പോള്‍ നീ എന്നെപ്പോലെയാകും. മറിയത്തെക്കൂടാതെ നമുക്ക് ഈശോയെപ്പൊലെ ആകാന്‍ സാധിക്കില്ല.

കാല്‍വരിയിലെ തന്റെ ബലിയര്‍പ്പണവേളയില്‍ ഈശോയുടെ ഓരോ നിശ്വാസവും അത്രമേല്‍ വിലപ്പെട്ടതാണെങ്കില്‍ നമ്മുടെയൊക്കെ അമ്മയായി മറിയത്തെ സ്വീകരിക്കണമെന്നുള്ള ഈശോയുടെ അന്ത്യമൊഴി ഓരോ ക്രിസ്ത്യാനിയുടെയും മനോമുകുരങ്ങളില്‍ ശിലമേല്‍ കൊത്തിവയ്ക്കുന്ന തിരുവാക്യംപോലെ കൊത്തിവയ്ക്കപ്പെടേണ്ടതാണ്.

പരിശുദ്ധ അമ്മയുടെ ഈ ജനനത്തിരുനാള്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഇനിയും പരിശുദ്ധ അമ്മ എന്റെ അമ്മയായിട്ടില്ലെങ്കില്‍ അമ്മയാക്കി മാറ്റണമെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍. ഞാന്‍ അമ്മയുടെ മകനായി/ മകളായിത്തീരണമെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍. പരിശുദ്ധ അമ്മ നമ്മുടെ സ്വന്തം അമ്മയായി മാറുമ്പോള്‍ ആ ഹൃദയാനന്ദത്തില്‍ നമുക്കും അമ്മയോടു പറയാന്‍ സാധിക്കും, Happy Birthday അമ്മ എന്ന്.

ദൈവം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്താല്‍ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ബ്രദര്‍ ജോബിറ്റ് കാവാലം പുതുപ്പറമ്പില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.