ഞായർ പ്രസംഗം: ഏലിയാ ശ്ലീവാ മൂശാക്കാലം രണ്ടാം ഞായർ, സെപ്റ്റംബർ 01 മത്തായി 17: 9-13 വഴിയൊരുക്കല്‍

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരെ,

യുഗാന്ത്യത്തെയും അന്ത്യവിധിയെയും ധ്യാനവിഷയമാകുന്ന, ഏലിയാ ശ്ലീവ മൂശാക്കാലത്തിലെ രണ്ടാം ആഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. തന്റെ രൂപാന്തരീകരണത്തിനുശേഷം ഏലിയായുടെ ആഗമനത്തെക്കുറിച്ച്, ‘ഈശോ’ ശിഷ്യരോടു പറയുന്ന, വി. മത്തായിയുടെ സുവിശേഷം 17-ാം അധ്യായം ഒന്‍പതു മുതല്‍ 13 വരെയുള്ള വചനഭാഗമാണ് തിരുസഭ ഇന്ന്, നമ്മുടെ വിചിന്തനത്തിനായി തന്നിരിക്കുന്നത്.

കര്‍ത്താവിനു വഴിയൊരുക്കിയ സത്യപ്രവാചകന്മാരുടെ സന്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് മാനസാന്തരപ്പെട്ടവരായി ജീവിക്കണമെന്ന് ആദ്യവായന പറഞ്ഞുവയ്ക്കുന്നു. യഹൂദാജനത്തിന്റെ പ്രത്യാശയുടെ നങ്കൂരങ്ങളായിരുന്നു മോശയും ഏലിയായും മിശിഹായും. മലാക്കിയുടെ പുസ്തകം നാലാം അധ്യായം 5, 6 വാക്യങ്ങളില്‍, കര്‍ത്താവിന്റെ വരവിനുമുമ്പ് ഏലിയാ പ്രവാചകനെ ദൈവം അയയ്ക്കുമെന്ന പ്രവചനം നാം കാണുന്നുണ്ട്. എന്നാല്‍, സ്‌നാപകനില്‍ ഏലിയായെ കാണാന്‍ യഹൂദാസമൂഹത്തിനു കഴിയാതെപോകുന്നു. വരാനിരിക്കുന്ന രക്ഷകനെ സ്വീകരിക്കാന്‍ മാനസാന്തരപ്പെട്ട് ഹൃദയങ്ങളെ ഒരുക്കണമെന്നായിരുന്നു യോഹന്നാന്റെ പ്രഘോഷണം. അത് ഗ്രഹിക്കാനോ, സ്വീകരിക്കാനോ അവര്‍ക്കു സാധിക്കുന്നില്ല. സ്‌നാപകയോഹന്നാനാണ് ജനം കാത്തിരുന്ന പ്രവാചകനെന്നും മിശിഹായുടെ വരവോടെ ആ പ്രവചനം പൂര്‍ത്തിയാക്കപ്പെട്ടു എന്നുമുള്ള ഓര്‍മ്മപ്പെടുത്തലാണ് ക്രിസ്തു ഈ വചനഭാഗത്ത് തന്റെ ശിഷ്യന്മാര്‍ക്കു നല്‍കുന്നത്.

ദൈവത്തിന്റെ അടയാളങ്ങളും ഇടപെടലുകളുമായി കടന്നുവരുന്ന വ്യക്തികളെയും സാഹചര്യങ്ങളെയും കൃത്യമായി വിവേചിച്ചറിയേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ് എന്ന സൂചന ഇന്നത്തെ വചനം നമുക്കു നല്‍കുന്നു. ക്രിസ്തു വന്നതും അവനുവേണ്ടി സ്‌നാപകന്‍ വഴിയൊരുക്കിയതുമൊന്നും മനസ്സിലാക്കാനോ, ഗ്രഹിക്കാനോ സാധിക്കാത്തത് യഹൂദാജനത്തിന്റെ വലിയ വീഴ്ചയായി നമുക്കു കാണാം.

ഓരോ ക്രൈസ്തവന്റെയും സ്വര്‍ഗം ലക്ഷ്യമാക്കിയുള്ള ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട മൂന്ന് വഴിയൊരുക്കലുകളെ, ഈ വചനഭാഗത്തുനിന്ന് നമുക്കു മനസ്സിലാക്കാം.

ഒന്നാമതായി, ക്രിസ്തുവിലേക്ക് ഒരുക്കപ്പെട്ടിരിക്കുന്ന വഴികളെ തിരിച്ചറിയുക. ജീവിതയാഥാര്‍ഥ്യങ്ങള്‍, അത് വേദനയുടെയോ, ദുഃഖത്തിന്റെയോ, തകര്‍ച്ചയുടെയോ അതുപോലെ സന്തോഷത്തിന്റെയോ, ആനന്ദത്തിന്റെയോ ആകട്ടെ, അവ ദൈവഹിതത്തെയും ദൈവസാന്നിധ്യത്തെയും കാണിച്ചുതരുന്ന അനിവാര്യമായ യാഥാര്‍ഥ്യങ്ങളെന്നു മനസ്സിലാക്കാന്‍ ശ്രമിക്കാം. ഇവയിലെ ദൈവിക ഇടപെടലുകളെ, ദൈവം അനുവദിക്കുന്ന കുരിശുകളെ നമുക്കു തിരിച്ചറിയാം. മരുഭൂമിയില്‍ വിളിച്ചുപറഞ്ഞവന്റെ ശബ്ദംപോലെ, ചിലപ്പോള്‍ നമ്മുടെ ജീവിതത്തില്‍ ഒരു warning light ആയി, ഒരു മുന്നറിയിപ്പായി, മിന്നിനില്‍ക്കുന്നത് നമ്മുടെ അപ്പനോ, അമ്മയോ, വൈദികരോ, അധ്യാപകരോ, സഹോദരങ്ങളോ, സുഹൃത്തുക്കളോ ആകാം. മിശിഹായെ മനസ്സിലാക്കാനുള്ള ജീവിതത്തിലെ ഒരു turning point. അതെ, ക്രിസ്തുവിന്റെ വഴിയില്‍ അനിവാര്യമായ കുരിശിലേക്കുള്ള ഒരു turning point. ക്രിസ്തുവിലേക്കുള്ള നമ്മുടെ വഴിയൊരുക്കു ന്നവരുടെ മുന്നറിയിപ്പുകളെ കണ്ടില്ലെന്നു നടിക്കാതെ ദൈവാനുഭവങ്ങളില്‍ നമുക്ക് ആഴപ്പെടാം.

രണ്ടാമതായി, നാം നമ്മുടെ ഹൃദയങ്ങളെ ക്രിസ്തുവിനായി ഒരുക്കുന്നവരാകണം. വിശുദ്ധ കുര്‍ബാനയിലൂടെ ഈശോ നമ്മുടെ ഹൃദയത്തില്‍ കടന്നുവരുമ്പോള്‍ പാപത്തിന്റെ കറപുരണ്ട നമ്മുടെ ഹൃദയത്തെ നിര്‍മ്മലമാക്കാനുള്ള ഒരു വലിയ അവസരമാണ് ഓരോ വിശുദ്ധ കുമ്പസാരവും. പാടുപീഡയേറ്റ നാഥന്റെ കുരിശിനരികിലെ കള്ളനെ നല്ല കള്ളനാക്കിയത് ഒരു വിശുദ്ധ കുമ്പസാരം തന്നെയാണ്. അനുതപിക്കുന്ന ഏതൊരു പാപിയുടെയും കണ്ണീരിനു വിലകല്‍പിക്കുന്ന കര്‍ത്താവിനെ, തിരിച്ചറിഞ്ഞ് ഒരുക്കമുള്ള ഹൃദയത്തോടെ നമുക്ക് ദിവ്യകാരുണ്യനാഥനെ സ്വീകരിക്കാന്‍ സാധിക്കണം.

മൂന്നാമതായി, കര്‍ത്താവിന്റെ വരവിനായി മോശയും പ്രവാചകന്മാരും ദൈവജനത്തെ ഒരുക്കിയതുപോലെ ജീവന്റെ അപ്പമായ, ദിവ്യകാരുണ്യമായ, ക്രിസ്തുവിന്റെ ചൈതന്യം മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ വഴിയൊരുക്കുന്നവരായി നമുക്കു മാറാം. നമുക്കു ചുറ്റുമുള്ള രൂപാന്തരീകരണ അനുഭവങ്ങള്‍ കര്‍ത്താവിന്റെ ദിനങ്ങളെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചുമുള്ള ഓര്‍മ്മപ്പെടുത്തലാണെന്നു മനസ്സിലാക്കികൊണ്ട് പരസ്പരം വഴിയൊരുക്കുന്നവരായി നമുക്കു മാറാം. നമ്മുടെ ജീവിതങ്ങളെ, അപരനു ക്രിസ്തുവിലേക്കുള്ള നടപ്പാതകളാക്കി മാറ്റാം.

അനുദിനജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ഥ്യങ്ങള്‍ക്കുമുമ്പില്‍ നിരാശരായി നില്‍ക്കാതെ, ക്രിസ്തുവിന്റെ ഇടപെടലുകളെ മനസ്സിലാക്കി, പ്രത്യാശയുടെ പടവുകള്‍ താണ്ടാന്‍ നമുക്കു സാധിക്കണം. വചനത്തിലൂടെയും ജീവിതസാഹചര്യങ്ങളിലൂടെയും വെളിപ്പെടുന്ന ദൈവികരഹസ്യങ്ങളെ മനസ്സിലാക്കാനുള്ള കൃപയ്ക്കായി നമുക്കു പ്രാര്‍ഥിക്കാം.

ക്രിസ്തുവിന്റെ വരവിനായി കാത്തിരുന്ന് തന്നിലേക്കുതന്നെ അവനെ സ്വീകരിച്ച് മറ്റുള്ളവരിലേക്കു ക്രിസ്തുവിനെ പകര്‍ന്നുകൊടുത്ത പരിശുദ്ധ മാതാവിന്റെ ജീവിതമാതൃക മനസ്സിലാക്കി ഈ എട്ടുനോമ്പു ദിവസങ്ങളില്‍ മാതാവിന്റെ ജനനത്തിരുനാളിനായി നമുക്ക് ഒരുങ്ങാം. മിശിഹാരഹസ്യങ്ങളുടെ സത്തയായ പരിശുദ്ധ കുര്‍ബാന വഴി, ദൈവോന്മുഖരാകുന്ന നമുക്ക് ക്രിസ്തുവും അവിടുത്തെ വചനവും എന്നും വഴികാട്ടിയായിരി ക്കട്ടെ, ആമ്മേന്‍.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ബ്രദര്‍ ജോര്‍ജ് മുക്കാട്ട് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.