ഞായർ പ്രസംഗം: ഏലിയാ ശ്ലീവാ മൂശാക്കാലം ഒന്നാം ഞായർ, ആഗസ്റ്റ് 25 മര്‍ക്കോ. 9: 2-13, രൂപാന്തരീകരണം: കുരിശിന്റെ രഹസ്യം

ബ്രദര്‍ ഡിജുമോന്‍ കരോട്ട് കൊലാമാക്കല്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ മാതാപിതാക്കളെ, പ്രിയസഹോദരങ്ങളെ,

മിശിഹായുടെ പുനരാഗമനത്തെയും അന്ത്യവിധിയെയും ധ്യാനിക്കുന്ന ഏലിയാ-സ്ലീവാ-മൂശാക്കാലത്തിലേക്ക് നാം ഇന്ന് പ്രവേശിക്കുമ്പോള്‍ തിരുസഭാമാതാവ് നമ്മുടെ വിചിന്തനത്തിനായി നല്‍കുന്നത് വി. മര്‍ക്കോസിന്റെ സുവിശേഷം ഒന്‍പതാം അധ്യായം രണ്ടു മുതല്‍ 13 വരെയുള്ള തിരുവചനഭാഗങ്ങളാണ്. ദൈവ-മനുഷ്യനായ ഈശോയുടെ ദൈവികതയെ പ്രകടമാക്കുന്ന രൂപാന്തരീകരണത്തെയും അത് ദര്‍ശിച്ച ശിഷ്യസമൂഹത്തിന്റെ മനോഭാവത്തെയുമാണ് നാം ഇന്ന് വിചന്തനം ചെയ്യുന്നത്.

ഇന്നത്തെ ആദ്യവായനയില്‍, നാല്‍പതു രാവും നാല്‍പതു പകലും ദൈവത്തിന്റെ ഒപ്പമായിരുന്ന്, അവിടുത്തെ മഹത്വം ദര്‍ശിച്ച്, ദൈവികതേജസിനാല്‍ പ്രകാശിതനാകുകയും ദൈവകല്‍പനകള്‍ ഇസ്രായേല്‍ ജനത്തിനായി നല്‍കുകയും ചെയ്യുന്ന മോശയെ നാം ദര്‍ശിക്കുന്നു. ദിനവൃത്താന്ത പുസ്തകത്തില്‍നിന്നുള്ള രണ്ടാം വായനയില്‍ നാം കാണുന്നത്, ദൈവികതേജസിനാല്‍ ദൈവാലയം നിറയുന്നതും അവിടെ ശുശ്രൂഷ ചെയ്യാന്‍സാധിക്കാതെ മാറിനില്‍ക്കുന്ന പുരോഹിതരെയുമാണ്. ലേഖനഭാഗത്തേക്കു വരുമ്പോള്‍ ദൈവികചൈതന്യമില്ലാത്ത നശ്വരതയെവിട്ട് അനശ്വരമായതിനെ ലക്ഷ്യമാക്കി ജീവിക്കാന്‍ പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയെ ഉദ്‌ബോധിപ്പിക്കുന്നത് നമുക്കു കാണാന്‍ സാധിക്കും.

ഈശോ, തന്റെ ശിഷ്യസമൂഹത്തിലെ പ്രധാനികളായ മൂന്നുപേരെ – പത്രോസ്, യാക്കോബ്, യോഹന്നാന്‍ – എന്നിവരെ കൂട്ടിക്കൊണ്ടാണ് ഉയര്‍ന്ന മലയിലേക്കു പോകുന്നത്. വിശുദ്ധഗ്രന്ഥ പശ്ചാത്തലത്തില്‍, മലമുകള്‍ ദൈവികസാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഈശോയുടെ രൂപാന്തരീകരണസമയത്തു കാണപ്പെട്ട മോശയുടെയും ഏലിയായുടെയും സാന്നിധ്യം ഈശോയുടെ പ്രഭാവത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പഴയനിയമത്തിലെ നിയമങ്ങളെ മോശയും പ്രവചനങ്ങളെ ഏലിയായും പ്രതിനിധീകരിക്കുന്നു. ഈശോയാണ് വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായും പുതിയ ഉടമ്പടിയുടെ മധ്യസ്ഥനുമെന്ന് ഇവരുടെ സാന്നിധ്യം സാക്ഷ്യപ്പെടുത്തുമ്പോള്‍ മേഘത്തില്‍നിന്നുള്ള സ്വരം, ‘ഇവന്‍ എന്റെ പ്രിയപുത്രന്‍’ എന്നത് അവിടുത്തെ ദൈവത്വത്തെയാണ് വെളിപ്പെടുത്തുന്നത്.

രൂപാന്തരീകരണമെന്നത് കുരിശിന്റെ രഹസ്യമാണ്. ഈശോയോടൊപ്പം മലമുകളിലായിരുന്ന ശിഷ്യന്മാര്‍ അവിടുത്തെ യഥാര്‍ഥ ദൈവീകചൈതന്യം നഗ്‌നനേത്രങ്ങള്‍കൊണ്ടു കാണുകയും ഈശോയെക്കുറിച്ചുള്ള ‘ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനെ ശ്രവിക്കുവിന്‍’ എന്ന സ്വര്‍ഗീയസന്ദേശം തങ്ങളുടെ ചെവികള്‍കൊണ്ട് കേള്‍ക്കുകയും ചെയ്യുന്നു. ഈശോയോടൊപ്പം ആത്മീയ ഉന്നതിയിലേക്കു യാത്ര ചെയ്യുന്ന വ്യക്തിക്കുമാത്രമേ അവിടുത്തെ കര്‍ത്താവും ദൈവവുമായി കാണാനും അവിടുത്തെ സ്വരം ശ്രവിക്കാനും കഴിയുകയുള്ളൂ. അതായത്, ആത്മീയമായ നവീകരണത്തിന്, ആത്മീയരൂപാന്തരീകരണത്തിന് ഏകാന്തതയുടെ, പ്രാര്‍ഥനയുടെ ഒരു മലമുകള്‍ നാം കണ്ടെത്തണം.

എന്നാല്‍, ഈ വലിയ അത്ഭുതത്തെ അതിന്റെ പൂര്‍ണ്ണതയില്‍ തിരിച്ചറിയാന്‍ ശിഷ്യന്മാര്‍ക്കു കഴിയുന്നില്ല. സ്വര്‍ഗീയമായ മഹത്വം കണ്ടപ്പോള്‍ ബലഹീനമായ മനുഷ്യമനസ്സില്‍ പത്രോസ് ശ്ലീഹ പറയുകയാണ്, ”ഗുരോ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്.”

പുത്രന്‍ പൂര്‍ത്തിയാക്കേണ്ട പിതാവിന്റെ ഹിതത്തെപ്പറ്റി വ്യക്തതയില്ലാത്തതിനാലാണ് മൂന്നു കൂടാരങ്ങള്‍ പണിയാമെന്നു പത്രോസ് പറയുന്നത്, താന്‍ കടന്നുപോകേണ്ട പീഡാസഹന-മരണ-ഉത്ഥാനത്തിന്റെ രഹസ്യം മനസ്സിലാക്കുന്ന ഈശോ, മലയില്‍ കൂടാരമടിച്ചു തങ്ങാന്‍ അവരെ അനുവദിക്കുന്നില്ല. പകരം, തന്റെ പീഡാസഹനങ്ങളിലേക്കുള്ള, കുരിശിലേക്കുള്ള, വഴിച്ചാലു കീറി അവരെയും ആ വഴിയിലൂടെ കൊണ്ടുപോകുന്നു.

പ്രിയ സഹോദരങ്ങളെ, കുരിശിന്റെ രഹസ്യം – അത് മനസ്സിലാക്കാന്‍ ലോകത്തിനു പ്രയാസമുണ്ട്. പലപ്പോഴും അവിടുത്തോടുകൂടെ ആയിരിക്കാന്‍, അഥവാ മലമുകളിലായിരിക്കാന്‍ നമുക്ക് ഇഷ്ടമാണ്. ധ്യാനം കൂടാനും തീരുമാനങ്ങളെടുക്കാനും നമുക്ക് ഇഷ്ടമാണ്. എന്നാല്‍, ജീവിതയാഥാര്‍ഥ്യങ്ങളിലേക്കുള്ള മലയിറക്കം നമുക്ക് കയ്പ്പേറിയതാണ്. മലമുകളില്‍വച്ച് ‘ഇവിടെ ആയിരിക്കുന്നത് നല്ലതാണ്’എന്നുപറഞ്ഞ പത്രോസിന് താഴ്‌വാരം പലപ്പോഴും വെല്ലുവിളികളുടെയും പരാജയത്തിന്റെയും ഇടമായിരുന്നു. നമ്മുടെ ആധ്യാത്മികത അതില്‍ത്തന്നെ ഒതുങ്ങിനില്‍ക്കാതെ കാലത്തിന്റെയും ചുറ്റുപാടിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ചു രൂപാന്തരപ്പെടേണ്ട ഒന്നാണ്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ക്രൈ സ്തവ വിശ്വാസത്തിനും ധാര്‍മ്മികമൂല്യങ്ങള്‍ക്കും ക്ഷയം സംഭവിച്ചപ്പോള്‍ വി. ഫ്രാന്‍സിസ് അസീസി, ലൗകീകതയ്ക്കുപിന്നാലെ അന്ധമായി ഓടിക്കൊണ്ടിരുന്ന ലോകത്തിനുമുമ്പില്‍ ക്രൂശിതനെ സാക്ഷ്യപ്പെടുത്തിയത്, ഒരു രൂപാന്തരീകരണത്തിനു വഴിവെട്ടിയത് ലോകത്തിന്റെ കണ്ണുതുറപ്പിച്ചു. അദ്ദേഹത്തെ നോക്കി ലോകം വിളിച്ചുപറഞ്ഞു: ”ഇതാ, രണ്ടാമത്തെ ക്രിസ്തു.” ഇപ്രകാരം, നമ്മുടെ അനുദിന ജീവിതസാഹചര്യങ്ങളില്‍ രൂപാന്തരീകരണം സംഭവിക്കുന്നുണ്ട്.

പാരീസ് ഒളിമ്പിക്‌സില്‍, വിവിധ ഇനങ്ങളിലായി സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ സിഡ്‌നി മിക് ലോക് ക്ലിന്‍ ലെവ്‌നോണ്‍ എന്ന അമേരിക്കക്കാരിയും യെമിസി ഒഗുന്‌ലെയ എന്ന ജര്‍മ്മന്‍കാരിയും തങ്ങളുടെ വിജയത്തിനുപിന്നില്‍ ‘ദൈവീക ഇടപെടലാണ്, ദൈവത്തിന്റെ കൃപ മാത്രമാണ്, ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ’ എന്ന് ലോകത്തോടു വിളിച്ചുപറഞ്ഞത് അവരുടെ രൂപാന്തരീകരണത്തിന്റെ, അവരില്‍ നടന്ന ഒരു ക്രിസ്തീകരണത്തിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു. ഇതുപോലെ നമ്മിലും രൂപാന്തരീകരണം നടക്കേണ്ടിയിരിക്കുന്നു. കുരിശിന്റെ രഹസ്യം മനസ്സിലാക്കിക്കൊണ്ട് കുരിശിന്റെ വഴിയേ നടന്ന മഹത്വത്തിലേക്കുള്ള ഒരു യാത്ര.

‘To be with him, to be broken’ അവനോടൊത്ത് ആയിരിക്കുക, അവനെപ്പോലെ അപരനുവേണ്ടി മുറിയപ്പെടുക. ഈ ബാലന്‍സിങ് എന്നും നമ്മുടെ ജീവിതത്തില്‍ കാത്തുസൂക്ഷിക്കേണ്ടതാണ്. കരി കനലിനോടു ചേരുമ്പോള്‍ കനലായി മാറുന്നതുപോലെ, പുഴ കടലിനോടു ചേരുമ്പോള്‍ കടലായി മാറുന്നതുപോലെ ദിവ്യകാരുണ്യത്തോടു നമ്മുടെ ഹൃദയം ചേര്‍ത്തുവയ്ക്കുമ്പോള്‍ നമ്മുടെ ജീവിതം മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടും. അപ്പോഴേ നമുക്കും പൗലോസ് ശ്ലീഹായെപ്പോലെ, ”ഇനിമേല്‍ ഞാനല്ല, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്” എന്നുപറയാന്‍ സാധിക്കൂ. ബലിയര്‍പ്പണത്തില്‍ ഒതുങ്ങുന്നതായിരിക്കരുത് നമ്മുടെ ജീവിതം. മറിച്ച്, അത് ബലിജീവിതത്തിലേക്കു രൂപാന്തരപ്പെടുന്നതായിരിക്കട്ടെ. വിശുദ്ധ കുര്‍ബാനയോടുചേര്‍ന്ന് മറ്റൊരു കുര്‍ബാനയായിമാറാന്‍ നമുക്ക് ഈ ബലിയില്‍ പ്രാര്‍ഥിക്കാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

ബ്രദര്‍ ഡിജുമോന്‍ കരോട്ട് കൊലാമാക്കല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.