ഞായർ പ്രസംഗം: കൈത്താക്കാലം ഏഴാം ഞായർ ആഗസ്റ്റ് 18, മത്തായി 6: 19-22 ക്രിസ്തുവാകുന്ന നിക്ഷേപം

ബ്രദര്‍ ബിബിന്‍ കൊച്ചുപുരയ്ക്കല്‍ MCBS

ഈശോമിശിഹായില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ വൈദികരേ, പ്രിയസഹോദരങ്ങളേ,

സന്തോഷമുള്ളവരായി ജീവിക്കാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. ജീവിതകാലം മുഴുവനും നമ്മുടെ അധ്വാനവും ആഗ്രഹങ്ങളും പരിശ്രമങ്ങളുമെല്ലാം ആത്യന്തികമായി സന്തോഷത്തോടെ ആയിരിക്കുന്നതിനുവേണ്ടിയാണ്. മനുഷ്യരായ നാം ഹൃദയത്തെ ആനന്ദിപ്പിക്കാനും ജീവിതത്തെ കൂടുതല്‍ മനോഹരമാക്കാനുമായി ഇഹലോകജീവിതത്തില്‍ നിക്ഷേപങ്ങള്‍ കരുതിവയ്ക്കുന്നു. ശ്ലീഹന്മാരുടെ പ്രവര്‍ത്തനങ്ങളാല്‍ ഫലംചൂടിയ സഭയെ ധ്യാനിക്കുന്ന കൈത്താക്കാലത്തിന്റെ ഏറ്റവും അവസാന ആഴ്ചയിലേക്കു നാം പ്രവേശിക്കുമ്പോള്‍ തിരുസഭാമാതാവ് ഇന്നത്തെ തിരുവചനഭാഗങ്ങളിലൂടെയുമെല്ലാം നമുക്കു നല്‍കുന്ന പൊതുവായ സന്ദേശം ദൈവമാണ് യഥാര്‍ഥനിധിയെന്നും സ്വര്‍ഗത്തിലാണ് നാം നിക്ഷേപങ്ങള്‍ കാത്തുസൂക്ഷിക്കുന്നതുമെന്നാണ്. മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആധുനികലോകത്തില്‍ നല്ല ഒരു മനുഷ്യനായി എങ്ങനെ ജീവിക്കണമെന്നതിന് നേര്‍സാക്ഷ്യമാണ് ഇന്നത്തെ വചനഭാഗങ്ങള്‍.

സ്‌നേഹമുള്ളവരേ, ഉല്‍പത്തി പുസ്തകത്തില്‍നിന്നുള്ള ആദ്യവായനയില്‍ പാപത്തിലൂടെ മലിനമാക്കപ്പെട്ട ഭൂമുഖത്തെ ശിക്ഷിക്കുന്ന ദൈവത്തെയാണ് നാം കാണുന്നത്. എന്തുകൊണ്ട് ദൈവം താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തെ ശിക്ഷിക്കുന്നു എന്ന ചോദ്യത്തിന് സര്‍വപ്രപഞ്ചത്തെയും പുനഃസൃഷ്ടിക്കാനും മനോഹരമാക്കാനുമാണ് എന്ന് നാം തിരിച്ചറിയുന്നു. ജെറമിയ പ്രവാചകന്റെ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ ചിതറിക്കപ്പെട്ട ഇസ്രായേല്‍ ജനത്തെ വീണ്ടും ഒരുമിച്ചുകൂട്ടുന്ന ദൈവത്തെയാണ് നാം ദര്‍ശിക്കുന്നത്. യാക്കോബ് ശ്ലീഹായുടെ ലേഖനഭാഗത്ത് നാം എത്തിനില്‍ക്കുമ്പോള്‍ ലൗകികത ദൈവത്തോടുള്ള ശത്രുതയാണ്, അകല്‍ച്ചയാണ് എന്ന് പറഞ്ഞുവയ്ക്കുന്നു. ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെങ്കില്‍ സ്വര്‍ഗത്തില്‍ നമുക്ക് എങ്ങനെ നിക്ഷേപങ്ങള്‍ കരുതിവയ്ക്കാന്‍ സാധിക്കുമെന്നുള്ള ചോദ്യത്തിന് ഉത്തരമാണ് ഇന്നത്തെ സുവിശേഷഭാഗം. ക്രിസ്തുവിന്റെ മലയിലെ പ്രസംഗത്തിന്റെ ഭാഗമായിട്ടാണ് വചനഭാഗം നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. പ്രാചീന യഹൂദസംസ്‌കാരത്തിലൂടെ കടന്നുപോകുമ്പോള്‍ ഭൂമിയിലെ സമ്പാദ്യങ്ങള്‍ ദൈവാനുഗ്രഹത്തിന്റെ അടയാളമായിക്കരുതിയിരുന്ന യഹൂദര്‍ക്ക് ഭൂമിയിലെ നിക്ഷേപവും സ്വര്‍ഗത്തിലെ നിക്ഷേപവും തമ്മിലുള്ള അന്തരം മനസിലായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ക്രിസ്തു യഥാര്‍ഥ സമ്പത്തിനെപ്പറ്റി പഠിപ്പിക്കുന്നത്.

ലോകം കണ്ട ഏറ്റവും ശക്തനും ധീരനുമായ ഭരണാധികാരിയായിരുന്നു അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് ഒരുപാട് യുദ്ധങ്ങള്‍ നടത്തിയ, സാമ്രാജ്യങ്ങള്‍ പിടിച്ചടക്കിയ, ധാരാളം സമ്പത്ത് ശേഖരിച്ച ചക്രവര്‍ത്തി തന്റെ മരണക്കിടക്കയില്‍ അന്ത്യമൊഴിയായി ലോകത്തോടു വിളിച്ചുപറഞ്ഞു: ”എന്റെ മരണശേഷം രണ്ടു കൈകളും ശവമഞ്ചത്തില്‍നിന്ന് പുറത്തേക്കിടണം. നിങ്ങള്‍ വാഴ്ത്തിയ, പ്രശംസിച്ച അലക്‌സാണ്ടര്‍ ഒന്നും നേടാനാകാതെ വെറുംകൈകളോടെയാണ് യാത്രയാകുന്നത്.” ലോകത്തിന്റെ കണ്ണില്‍ എല്ലാം നേടിയ അലക്‌സാണ്ടര്‍ ഒന്നും നേടാനാകാതെ കടന്നുപോകുമ്പോള്‍ മനുഷ്യരുടെ ദൃഷ്ടിയില്‍ ഒന്നും നേടിയില്ല എന്നു വിചാരിച്ച ക്രിസ്തു എല്ലം പൂര്‍ത്തിയായി, എല്ലാം നേടി എന്നു വിളിച്ചുപറഞ്ഞു.

സ്‌നേഹമുളളവരേ, സുവിശേഷം നമുക്കു നല്‍കുന്ന സന്ദേശവും ഇതുതന്നെയാണ്. നമ്മുടെ സ്വപ്നങ്ങളും ആഗമനങ്ങളും അലച്ചിലുകളും അധ്വാനങ്ങളും ഈ ലോകത്തില്‍ മാത്രം ചുരുങ്ങിപ്പോകേണ്ടതല്ല, മറിച്ച് നിത്യമായി നിലനില്‍ക്കുന്നതിനെ സ്വന്തമാക്കാനും ലൈഫ് ടൈമില്‍ ഗ്യാരന്റിയും വാറന്റിയും നല്‍കുന്നതിനെ നേടാന്‍ നമുക്കു സാധിക്കണം. പക്ഷേ, ഭൂമിയിലാണ് നാം നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്നതെങ്കില്‍ അത് ശാശ്വതമല്ലെന്നും രണ്ടുതരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുമെന്നും ക്രിസ്തു ഓര്‍മ്മിപ്പിക്കുന്നു. ഒന്ന്, തുരുമ്പും കീടവും നശിപ്പിക്കുന്നു. രണ്ട്, കള്ളന്മാര്‍ അപഹരിക്കുന്നു. അതുകൊണ്ടുതന്നെ ഇഹലോകജീവിതത്തിലെ സമ്പാദ്യങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ലെന്ന് നിസ്സംശയം പറയാന്‍സാധിക്കും. പക്ഷേ, എവിടെയെങ്കിലും നമ്മുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെങ്കില്‍ അത് സ്വര്‍ഗത്തില്‍മാത്രമാണ്. കാരണം, അവിടെ തുരുമ്പോ, കീടമോ, കള്ളന്മാരുടെ ആക്രമണമോ ഇല്ല. ദൈവികഛായയില്‍ സൃഷ്ടിക്കപ്പെട്ട് ഭൂമിയില്‍ ജീവിക്കുന്ന നമുക്കു നേടാനാവുന്ന ഏറ്റവും വലിയ നിക്ഷേപവും സമ്പത്തും. എന്താണ്? അത് യേശുക്രിസ്തുവിനെ സ്വന്തമാക്കുന്നതാണ്. അതുകൊണ്ടാണ് ഈശോയെ തിരിച്ചറിഞ്ഞ വി, അഗസ്റ്റിന്‍ ഇപ്രകാരം പറഞ്ഞത്: ”ദൈവമേ, നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു. നിന്നില്‍ എത്തുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമാണ്.”

ഹോളിവുഡിന്റെ ആഡംബരത്തില്‍നിന്ന് കര്‍ത്താവിന്റെ മണവാട്ടിയായിമാറിയ ഡോളാര്‍സ് ഹാര്‍ട്ട് എന്ന കന്യാസ്ത്രീയെപ്പറ്റി ഒരുപക്ഷേ, നമ്മള്‍ കേട്ടിട്ടുണ്ടാവും. തന്റെ ആദ്യചിത്രത്തിലൂടെ തന്നെ ലോകമാസകലമുള്ള ആരാധകരെ സൃഷ്ടിച്ച ഒരു പെണ്‍കുട്ടി പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന തന്റെ 28-ാം വയസില്‍ ലോകത്തെ മുഴുവനും ഞെട്ടിച്ചുകൊണ്ട് സിനിമാജീവിതം ഉപേക്ഷിച്ച് ഒരു മിണ്ടാമഠത്തിന്റെ ആവൃതിക്കുള്ളിലേക്കു പോവുകയാണ്. ലോകം മുഴുവനും അവളുടെ ഈ തീരുമാനത്തെ വിമര്‍ശിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം മാധ്യമലോകം ചോദിച്ചു, സിനിമാജീവിതം ഉപേക്ഷിച്ചത് എന്തിനാണ്? പുഞ്ചിരിച്ചുകൊണ്ട് ആ കന്യക ഇങ്ങനെ മറുപടു നല്‍കി: ”ക്രിസ്തുവാണ് യഥാര്‍ഥനിധിയും അവകാശവും. അവനുവേണ്ടി ജീവിക്കുന്നതാണ് ഏറ്റവും വലിയ സ മ്പാദ്യം.” പിതാവായ ദൈവം സര്‍വപ്രപഞ്ചത്തിന്റെയും പുനഃക്രമീകരണത്തിനുവേണ്ടി നല്‍കിയ നിധിയാണ് ക്രിസ്തു അവിടുത്തെ ആത്യന്തികമായി തിരിച്ചറിയാന്‍, സ്വന്തമായിത്തീരാന്‍ സാധിക്കട്ടെ.

ക്രിസ്തുവാകുന്ന നിക്ഷേപത്തെ കണ്ടെത്തിയവരുടെ കണ്ണുകള്‍ കരുണാര്‍ദ്രമായിരിക്കുന്ന വചനഭാഗം നമുക്കു നല്‍കുന്ന സന്ദേശം നമ്മുടെ കണ്ണുകള്‍ നിര്‍മ്മലമായി സൂക്ഷിക്കണമെന്നാണ്. നല്ല കാഴ്ച്ചപ്പാട് നേടുക എന്നതാണ്. കേവലം ബാഹ്യമായ കാഴ്ചയ്ക്കപ്പുറം ആന്തരിക കാഴ്ചയെപ്പറ്റിയാണ് ക്രിസ്തു പറയുന്നത്. നല്ല കണ്ണുകള്‍ സ്വന്തമായിട്ടുള്ളവര്‍ വിശാലഹൃദയരും നിസ്വാര്‍ഥരും മറ്റുള്ളവരുടെ വേദനകളും വിഷമങ്ങളും കാണുന്നവരാണ്. എന്നാല്‍ മോശമായ കണ്ണുകള്‍ ഉള്ളവര്‍ സ്വാര്‍ഥരും വേദനിക്കുന്നവന്റെ മുമ്പില്‍ മുഖം തിരിക്കുന്നവരുമാണ്. ഒന്നാമനാകാന്‍ മത്സരിക്കുന്ന, കൂടെ നില്‍ക്കുന്നവന്റെ വേദനകള്‍ തിരിച്ചറിയാതെ പരക്കംപായുന്ന ഈ ആധുനികലോകത്തില്‍ മറ്റുള്ളവരുടെ വേദനകളും നിസ്സഹായതകളും കാണാന്‍ നല്ല കണ്ണുകളും കാഴ്ച്ചപ്പാടുകളും വേണം. രാജ്യത്തെ നടുക്കിയ വയനാട്ടിലെ വലിയ ദുരന്തത്തിനുമുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുമുമ്പില്‍ സഹായവുമായി എത്തിയവര്‍ക്കെല്ലാം കരുണയുടെ കണ്ണുകളായിരുന്നു ഉണ്ടായിരുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ ‘ദി നെയിം ഓഫ് ഗോഡ് ഈസ് മേഴ്‌സി’ എന്ന പുസ്തകത്തില്‍ പറയുന്നതുപോലെ, കരുണയാണ് മനുഷ്യജീവന്റെ കാതല്‍. ആ കരുണയിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

‘ക്രൂശിതനെ നോക്കിയ ശ്രീധരന്‍’ എന്ന തലക്കെട്ടില്‍ പ്രശസ്ത എഴുത്തുകാരനായ പെരുമ്പടവം ശ്രീധരന്‍ അദ്ദേഹത്തിന്റെ ജീവിതാനുഭവം കുറിക്കുന്നുണ്ട്. ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട്, അനാഥരായി പട്ടിണിയുടെ പടുകുഴിയിലായ ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. പഠിക്കാന്‍ താല്‍പര്യമുള്ളതുകൊണ്ടാണ് മുടങ്ങാതെ എന്നും സ്‌കൂളില്‍ പോകും. പക്ഷേ, ഉച്ചയ്ക്ക് ഉച്ചഭക്ഷണത്തിനുള്ള മണിമുഴങ്ങുമ്പോള്‍ കിണറ്റില്‍നിന്ന് വെള്ളം കോരിക്കുടിച്ച് അധ്യാപകര്‍ കാണാതിരിക്കാന്‍ അടുത്ത പള്ളിയില്‍ കയറി ഒളിച്ചിരിക്കുമായിരുന്നു. ആ ഇരിപ്പിനിടയില്‍ ഒട്ടിയ വയറുമായി ക്രൂശില്‍ക്കിടക്കുന്ന ക്രിസ്തുവിനെ അറിയുന്ന, തന്റെ വിശപ്പ് അവര്‍ മറക്കുന്നു. ഒരിക്കല്‍ പള്ളിയില്‍നിന്ന് ഇറങ്ങിവന്ന അവന്‍ കാണുക, ആവി പൊന്തുന്ന പൊതിച്ചോറുമായി തന്നെ കാത്തുനില്‍ക്കുന്ന അധ്യാപികയെയാണ്. ഇനി ഒരിക്കലും നീ പട്ടിണി കിടക്കില്ല എന്നുപറഞ്ഞ് ചോറ് വാരിക്കൊടുക്കുകയാണ് ആ ടീച്ചര്‍. പിന്നീടൊരിക്കലും ശ്രീധരന്‍ പട്ടിണി അറിഞ്ഞിട്ടില്ല. അന്ന് അവനായി അന്നം നീട്ടി യ ആ അധ്യാപിക കേരളം മുഴുവന്‍ ആദരിക്കുന്നു സി. മേരി ബെനീഞ്ഞ ആയിരുന്നു.

സ്‌നേഹമുള്ളവരേ, ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമായ വിശുദ്ധ കുര്‍ബാനയുടെ ചാരെ നാം ആയിരിക്കുമ്പോള്‍ ദിവ്യകാരുണ്യമെന്ന നിധിയെ സ്വന്തമാക്കി വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്ന നല്ല കണ്ണുകള്‍ നേടി നല്ല കാഴ്ച്ചപ്പാടുള്ളവരായി മാറാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

പരിശുദ്ധ കുര്‍ബാനയില്‍ വൈദികന്‍ ചൊല്ലുന്ന പ്രാര്‍ഥന നമ്മുടേതായിരിക്കട്ടെ. കര്‍ത്താവായ ദൈവമേ, നിന്റെ അനുഗ്രഹങ്ങളാകുന്ന നിക്ഷേപം ഇതാ എന്റെ കരങ്ങളില്‍ നിന്റെ കാരുണ്യത്തിന്റെ ഭാഗമായി ഞാന്‍ സ്വീകരിക്കുന്ന രഹസ്യത്തിന്റെ ശക്തിവിശേഷം എന്നില്‍ പ്രകടമാക്കേണമേ ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ ബിബിന്‍ കൊച്ചുപുരയ്ക്കല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.