ഞായർ പ്രസംഗം: കൈത്താക്കാലം അഞ്ചാം ഞായർ ആഗസ്റ്റ് 04, ലൂക്കാ 11: 14-26 ആരോപണങ്ങളെ നേരിടാം

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

ശ്ലീഹന്മാരുടെ പ്രവര്‍ത്തനഫലമായി ഫലം ചൂടിനില്‍ക്കുന്ന സഭയെ അനുസ്മരിക്കുന്ന കൈത്താക്കാലത്തിലെ അഞ്ചാം ആഴ്ചയിലേക്കു പ്രവേശിക്കുമ്പോള്‍ സഭാമാതാവ് നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. ലൂക്കായുടെ സുവിശേഷം 11-ാം അധ്യായം 14 മുതല്‍ 26 വരെയുള്ള തിരുവചനങ്ങളാണ്. മനുഷ്യന് എന്നും പേടിസ്വപ്നമായ തിന്മയുടെമേല്‍ ദൈവപുത്രനുള്ള അധികാരത്തെയാണ് ലൂക്കാ സുവിശേഷകന്‍ ഇവിടെ വ്യക്തമാക്കുന്നത്.

ഇന്നത്തെ മറ്റു മൂന്നു വായനകളും, പാപത്തിനുമേല്‍ ദൈവപുത്രനുള്ള അധികാരത്തിലേക്കു വിരല്‍ചൂണ്ടുന്നു. ഒന്നാം വായനയില്‍, പാപപരിഹാരത്തിനുവേണ്ടി ബലികഴിക്കപ്പെടുന്ന കുഞ്ഞാടിന്റെ രക്തത്തിലൂടെ ദൈവജനം ശുദ്ധിനേടുന്നതിനെ അവതരിപ്പിക്കുന്നു. ഏശയ്യാ പ്രവാചകന്‍ തിന്മയുടെ പതനത്തെയും അന്ധകാരശക്തികളുടെമേലുള്ള ദൈവത്തിന്റെ വിജയത്തെയും തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സംരക്ഷിക്കുന്ന ദൈവകരുണയെയും പ്രതിപാദിക്കുമ്പോള്‍ ദൈവത്തിന്റെ ശക്തിയെക്കുറിച്ചും അവിടുത്തെ അധികാരത്തെക്കുറിച്ചുമാണ് ലേഖനഭാഗം നമ്മെ പഠിപ്പിക്കുന്നത്.

അശുദ്ധാത്മാവ് ബാധിച്ചവനെ യേശു സുഖപ്പെടുത്തുന്ന അത്ഭുതകരമായ രോഗശാന്തിയോട് അവിടെ കൂടിയവരുടെ വിവിധ പ്രതികരണങ്ങളാല്‍ ഇന്നത്തെ സുവിശേഷഭാഗം ശ്രദ്ധേയമാണ്. ഒരു രോഗശാന്തി, മൂന്നു പ്രതികരണങ്ങള്‍: അത്ഭുതം, സംശയം, ആരോപണം.

പിശാചുബാധിതനെ സുഖപ്പെടുത്തുന്നതുകണ്ട് അത്ഭുതപ്പെടുന്ന ഒരുകൂട്ടം ജനം. ഈശോയെ പരീക്ഷിച്ചുകൊണ്ട് സ്വര്‍ഗത്തില്‍നിന്ന് വീണ്ടുമൊരു അടയാളം ആവശ്യപ്പെട്ട് സംശയിച്ചുനില്‍ക്കുന്ന വേറൊരു വിഭാഗം. ഈശോയുടെ ഈ ശക്തിയും അധികാരവും ദൈവികമല്ല, മറിച്ച് പൈശാചികമാണെന്ന് ആരോപണമുന്നയിക്കുന്ന മറ്റൊരു കൂട്ടര്‍. ഇങ്ങനെ മൂന്നുതരം ആളുകളെയാണ് നാം ഈ വചനഭാഗത്തു കണ്ടുമുട്ടുന്നത്.

യേശുവിന്റെ അത്ഭുതപ്രവര്‍ത്തനങ്ങളെക്കുറിച്ച് വി. അഗസ്റ്റിന്‍ പറയുന്നത് ഇപ്രകാരമാണ്: ”ദൈവത്തിന്റെ പദ്ധതികളുടെയും ശക്തിയുടെയും പ്രകാശനമാണ് യേശു പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങള്‍.” ദൈവം പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങള്‍ക്കുമുമ്പില്‍ ചോദ്യങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നവര്‍ക്കുള്ള മറുപടിയാണ് തുടര്‍ന്നുവരുന്ന വചനത്തിലുള്ളത്. അവന്‍ പിശാചുക്കളുടെ തലവനായ ബെല്‍സബൂലിനെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നത് എന്ന ആരോപണമുയര്‍ത്തുന്നവരെ ഈശോ ഒരു ഉപമയിലൂടെയാണ് ഖണ്ഡിക്കുന്നത്. അന്തഃച്ഛിദ്രമുള്ള രാജ്യവും ഭവനവും വീണുപോവുകയും നശിക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞുകൊണ്ട് സാത്താന്‍ സാത്താനെതിരെ തിരിഞ്ഞാല്‍ അവന്റെ രാജ്യം നിലനില്‍ക്കില്ല. അതുകൊണ്ട് പിശാചുക്കളുടെ തലവനായ ബെല്‍സബൂല്‍ അതിനു തയ്യാറാവില്ല എന്നു വ്യക്തമാക്കി അവരുടെ വാദമുഖങ്ങള്‍ക്ക് ഈശോ തക്കതായ മറുപടി നല്‍കുന്നു.

വലിയ ഒരു കണ്‍തുറവിയുടെ ആവശ്യകതയിലേക്കാണ് ഈശോ വിരല്‍ചൂണ്ടുന്നത്. മനുഷ്യോല്‍പത്തി മുതല്‍ മനുഷ്യന്‍ മനുഷ്യനെതിരായി നിരവധി പടക്കോപ്പുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അമ്പും വില്ലും മുതല്‍ ന്യൂക്ലിയര്‍ ബോംബ് വരെ അത് എത്തിനില്‍ക്കുമ്പോഴും പ്രഹരശേഷി ഒട്ടും കുറയാത്ത ഒരു ആയുധം എന്നും മനുഷ്യന്റെ കൈയിലുണ്ട്; ആരോപണങ്ങള്‍. നാം ചെയ്യുമ്പോള്‍ അതെല്ലാം നന്മയായും എന്നാല്‍ മറ്റൊരാള്‍ ചെയ്യുമ്പോള്‍ അതെല്ലാം തിന്മയായും വ്യാഖ്യാനിക്കുക മനുഷ്യരീതിയാണ്. നന്മ മാത്രം ചെയ്തുകൊണ്ട് കടന്നുപോയ ഈശോയുടെ ജീവിതത്തിലേക്കുപോലും തെറ്റായ ആരോപണങ്ങളുന്നയിച്ച ഈ ലോകം തീര്‍ച്ചയായും നമ്മുടെ ജീവിതത്തിലേക്കും ആരോപണങ്ങളുടെ ഒരു പെരുമഴയായി പെയ്തിറങ്ങുമെന്നതിന് യാതൊരു സംശയവും വേണ്ട. ഇപ്രകാരം ഞാനും പ്രഹരിക്കപ്പെടുമ്പോള്‍ എന്റെ മനഃസാക്ഷി എന്നെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍ ആ ആരോപണങ്ങളെല്ലാം പൊട്ടിയ പട്ടങ്ങള്‍ പോലെയാണ്.

ആരോപണങ്ങളുന്നയിക്കുന്നതില്‍ നാമും ഒട്ടും പിന്നിലല്ല. ഇത്തരം സ്വാഭാവികപ്രവണതകളെ വിലയിരുത്തലിനു വിധേയമാക്കാന്‍ ഈശോ നമ്മോട് ആഹ്വാനം ചെയ്യുന്നു. വി. മത്തായി സുവിശേഷം 12-ാം അധ്യായം 37-ാം തിരുവചനം നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു: ”നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും. നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.” അതുകൊണ്ട് നമ്മുടെ ഹൃദയത്തില്‍ നമുക്ക് രണ്ടു കാര്യങ്ങള്‍ കുറിച്ചിടാം. ഒന്നാമതായി, ആരോപണങ്ങള്‍ ഉന്നയിക്കാതിരിക്കാം. രണ്ടാമതായി, ആരോപണങ്ങളില്‍ തളരാതിരിക്കുക. കഴിവില്ലാത്തവരെന്നും കൊള്ളരുതാത്തവരെന്നും സമൂഹം നമ്മെ നോക്കി ആരോപണങ്ങളുയര്‍ത്തുമ്പോള്‍ അവയെല്ലാം അംഗീകാരമാക്കി മാറ്റിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെപ്പോലെ, മൈക്കിള്‍ ജോര്‍ദാനെപ്പോലെ, ബീഥോവനെപ്പോലെ നമുക്കും ചരിത്രങ്ങള്‍ സൃഷ്ടിക്കാം.

ആരോപണങ്ങളാല്‍ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കപ്പെട്ട ഒരു വിശുദ്ധന്റെ ഓര്‍മ്മ നാം ഇന്ന് ആചരിക്കുകയാണ്. പഠനത്തില്‍ പിന്നാക്കമായതിന്റെ പേരില്‍ മടയന്‍ എന്നു മുദ്രകുത്തി സെമിനാരിയില്‍ നിന്നു പുറത്തുവിടാന്‍ തുടങ്ങുമ്പോഴും ആഴമായ ദൈവാശ്രയബോധത്തെ കൂട്ടുപിടിച്ചുകൊണ്ട് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നവന്‍ എന്റെ കൂടെയുണ്ട് എന്ന ബോധ്യത്തോടെ നിലകൊണ്ട വി. ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍. വൈദികരുടെ മധ്യസ്ഥനായ അദ്ദേഹത്തിന്റെ തിരുനാള്‍ നാം ഇന്ന് ആചരിക്കുമ്പോള്‍ വിശുദ്ധന്റെ ജീവിതവും നമ്മുടെ ധ്യാനവിഷയമാകട്ടെ. ആരോപണങ്ങളില്‍ തളരാതിരിക്കാം, ആരോപണങ്ങള്‍ ഉന്നയിക്കാതിരിക്കാം. എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നവന്‍ നമ്മുടെ കൂടെയുണ്ട്.

ദിവ്യകാരുണ്യനാഥന്‍ നമ്മെ ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ ഫ്രാങ്ക്‌ളിന്‍ വെട്ടുകല്ലേല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.