ഞായർ പ്രസംഗം: കൈത്താക്കാലം നാലാം ഞായർ ജൂലൈ 28, മത്തായി 13: 44-52 യഥാര്‍ഥ നിധി

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞ വൈദികരേ, സഹോദരങ്ങളെ,

മിശിഹായില്‍ സ്ഥാപിതമായ തിരുസഭയുടെ വളര്‍ച്ചയുടെയും ഫലംചൂടലിന്റെയും ചിന്തകള്‍ ധ്യാനവിഷയമാക്കുന്ന കൈത്താക്കാലത്തിന്റെ നാലാമത്തെ ആഴ്ചയിലേക്കു നാം പ്രവേശിക്കുമ്പോള്‍ ദൈവരാജ്യത്തെക്കുറിച്ചുള്ള ഉപമകളാല്‍ സമ്പന്നമായ വി. മത്തായിയുടെ സുവിശേഷം 13-ാം അധ്യായം 44 മുതല്‍ 52 വരെയുള്ള തിരുവചനങ്ങളാണ് വിചിന്തനത്തിനായി തിരുസഭാമാതാവ് നമുക്കു നല്‍കിയിരിക്കുന്നത്.

ഫലംചൂടി നില്‍ക്കുന്ന സഭയുടെ ശ്രേഷ്ഠമായ ദൈവരാജ്യം എന്ന മഹാനിധിയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷത്തിലെ മൂന്ന് ഉപമകളിലൂടെ ഈശോനാഥന്‍ വളരെ ലളിതമായി നമുക്കു പറഞ്ഞുതരുന്നത്. നിയമാ. 6:4, ”ഇസ്രായേലേ കേള്‍ക്കുക. നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേയൊരു കര്‍ത്താവാണ്.” ഏകദൈവവിശ്വാസം ജീവിക്കുക, പ്രഘോഷിക്കുക, കൈമാറ്റം ചെയ്യുക എന്നത് ദൈവജനത്തിന്റെ കടമയാണെന്നും അതുവഴി ദൈവം നല്‍കുന്ന കാനാന്‍ദേശത്ത് അനുഗ്രഹപ്രദമായ ജീവിതം നയിക്കാന്‍ സാധിക്കുമെന്നും ഓര്‍മ്മപ്പെടുത്തുന്നതാണ് നിയമാവര്‍ത്തന പുസ്തകത്തില്‍ നിന്നുമുള്ള ഒന്നാം വായന.

ഒരു തുണ്ട് മണ്ണിനുവേണ്ടി ഒരുവന്‍ തനിക്കുള്ള വിശാലമായ മുഴുവന്‍ ഭൂമിയും വില്‍ക്കാന്‍ തീരുമാനിക്കുന്നു. ഇത് കണ്ടവരും കേട്ടറിഞ്ഞവരും അവന്റെ ഈ നഷ്ടപ്പെടുത്തലിന്റെ തീരുമാനത്തെയോര്‍ത്ത് കളിയാക്കിച്ചിരിക്കും, പരിഹസിക്കും. മണ്ടന്‍! ഇത്രയും നല്ല സ്ഥലം വിറ്റ് ഇത്തിരിപ്പോന്ന സ്ഥലം വാങ്ങിയിരിക്കുന്നു. ജീവിക്കാനറിയാത്തവന്‍. പക്ഷേ, എല്ലാവരും കളിയാക്കിയിട്ടും അവന്‍മാത്രം സന്തോഷിക്കുന്നു. കാരണം, അവനറിയാം, വിറ്റ വലിയ ഭൂമിയുടെ വിലക്കുറവും വാങ്ങിയ ചെറിയ ഭൂമിയുടെ വിലമതിക്കാനാകാത്ത മഹത്വവും. വിറ്റത് മണ്ണെങ്കില്‍ സ്വന്തമാക്കിയത് യഥാര്‍ഥ നിധിയാണ്; ഒരേയൊരു ദൈവത്തെയാണ്.

വയലിലെ നിധിയും വ്യാപാരി തേടുന്ന രത്‌നവും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം, ആദ്യത്തേത് ആകസ്മികമായി ലഭിക്കുന്നതാണെങ്കില്‍ രണ്ടാമത്തേത് അന്വേഷണങ്ങളുടെ ഫലമാണ്. വെള്ളം കോരാന്‍പോയ സമരിയാക്കാരിക്കുവേണ്ടി കിണറ്റിന്‍കരയില്‍ ഒരു നിധി കാത്തിരിപ്പുണ്ട്. കടലില്‍ വലയിറക്കി നിരാശയുടെ തീരത്തുനില്‍ക്കുന്ന പത്രോസിന്റെ അടു ക്കലേക്ക് ഒരു നിധി കടന്നുവരുന്നുണ്ട്. അന്വേഷണങ്ങള്‍ക്കൊണ്ടും പരിശ്രമങ്ങള്‍ക്കൊണ്ടും യഥാര്‍ഥ നിധി സ്വന്തമാക്കിയ കിഴക്കിന്റെ ജ്ഞാനികളും സക്കേവൂസും നിക്കോദേമൂസുമൊക്കെ നമുക്ക് മാതൃകയാക്കാവുന്നവരാണ്.

നിധി ദൈവമാണെന്നും അത് കണ്ടെത്താന്‍ വലുതും വിലപ്പെട്ടതും ആകര്‍ഷണീയമെന്നു തോന്നുന്നതുമായ കുറേ കാര്യങ്ങള്‍ നാം സന്തോഷപൂര്‍വം ഉപേക്ഷിക്കേണ്ടതായിവരുമെന്നും തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ക്രിസ്തു എന്ന നിധിയെ സ്വന്തമാക്കാന്‍ ഒരു മനുഷ്യന്‍ ശരീരത്തില്‍നിന്നും ലോകത്തില്‍ നിന്നും ഭോഗത്തില്‍നിന്നും ഒരു അകലം പാലിക്കേണ്ടതുണ്ട്.

യേശുവാകുന്ന നിധിയെ ഉദരത്തില്‍ സ്വന്തമാക്കിയപ്പോഴാണ് പരിശുദ്ധ അമ്മ സന്തോഷത്തിന്റെ കീര്‍ത്തനം ആലപിച്ചത്. ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടമായാല്‍ പ്രയോജനമില്ല എന്നറിഞ്ഞ വി. ഫ്രാന്‍സിസ് സേവ്യര്‍ ക്രിസ്തുവിനെ സ്വന്തമാക്കി. സഹനത്തിന്റെ കാസ നുകര്‍ന്നുകൊണ്ട് വി. അല്‍ ഫോന്‍സാമ്മ നിധി സ്വന്തമാക്കി. ഇപ്രകാരം നിധിയാകുന്ന ക്രിസ്തുവിനെപ്രതി സഹനങ്ങള്‍ ഏറ്റെടുക്കുന്നതിലുള്ള ആത്മീയാനന്ദത്തെക്കുറിച്ചാണ് ഇന്നത്തെ ലേഖനത്തിലൂടെ പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

നിധി കിടക്കുന്ന സ്ഥലം കണ്ടെത്തിയവര്‍ തിരിച്ചറിയേണ്ട മറ്റൊരു രഹസ്യമുണ്ട്. രണ്ടോ, മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒന്നിച്ചുകൂടുന്നിടത്ത് ഞാനുണ്ട് എന്ന യേശുവിന്റെ വചനം. അങ്ങനെയെങ്കില്‍ നമ്മുടെ കുടുംബങ്ങളില്‍, ജോലിസ്ഥലങ്ങളില്‍, സൗഹൃദവലയങ്ങളില്‍ നിധി മറഞ്ഞിരിപ്പുണ്ട്, ക്രിസ്തുവിന്റെ സാന്നിധ്യമുണ്ട്. അതിനാല്‍, ഞാന്‍ നില്‍ക്കുന്നിടവും ഞാനായിരിക്കുന്ന ഇടങ്ങളും നിധിയുള്ള ഇടങ്ങളാണെന്നും അവയെ ക്രിസ്തുവില്‍ സ്വന്തമാക്കുകവഴി നാം തീര്‍ച്ചയായും തെരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ എണ്ണപ്പെടുമെന്നുള്ള ബോധ്യം നമുക്ക് എപ്പോഴും ഉണ്ടായിരിക്കട്ടെ.

ഇത്തരത്തില്‍ നമ്മുടെ ഇടയിലുള്ള നിധി കണ്ടെത്താന്‍ മൂന്നുതരത്തിലുള്ള നോട്ടം നമുക്ക് ആവശ്യമാണ്. ഒന്നാമതായി, Look in – ഉള്ളിലേക്കൊരു എത്തിനോട്ടം നമ്മിലുണ്ടായിരിക്കണം. ബിഷപ്പ് ഫുള്‍ട്ടണ്‍ ജെ. ഷീന്‍ തന്റെ ജീവിത്തിന്റെയും വിളിയുടെയും ആത്മകഥ യ്ക്കു നല്‍കിയ ശീര്‍ഷകം ‘മണ്‍കുടത്തിലെ നിധി’ എന്നാണ്. മണ്‍കുടം ഷീനും നിധി ദൈവവും. ഒന്ന് തട്ടിയാല്‍മതി, അശ്രദ്ധ മാത്രം മതി പൊട്ടിപ്പോകുന്ന മണ്‍കുടമാകുന്ന നമ്മുടെ ജീവിതങ്ങളിലാണ് ദൈവം തന്റെ നിധി നിക്ഷേപിച്ചിരിക്കുന്നത്. ഈ നിധി കണ്ടെത്താന്‍ നമുക്കു പരിശ്രമിക്കാം.

രണ്ടാമതായി, Look around – നമുക്കുചുറ്റും സ്‌നേഹത്തോടെയുള്ള ഒരു നോട്ടം ആവശ്യമാണ്. ഞാനും ഞാനായിരിക്കുന്ന പരിസരങ്ങളും നിധി ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങളാണ്. അവസാനം എന്നിലേക്ക് ഞാന്‍ തിരിഞ്ഞു. അവിടെയാണ് ഈശ്വരന്റെ വാസം. സ്‌നേഹമാണ് ഈശ്വരന്റെ രൂപം. തന്നെത്തന്നെ കണ്ടെത്തിയവന്‍, തന്റെയുള്ളില്‍ നിധ കണ്ടെത്തിയവന്‍ സ്‌നേഹമായി മാറേണ്ടവനാണ്. മറ്റുള്ളവരുടെ കാവല്‍ക്കാരായി ഏവരെയും ദൈവരാജ്യത്തിലേക്കു ക്ഷണിക്കാനുള്ളവരാണ് നാം ഓരോരുത്തരുമെന്ന് മറക്കാതിരിക്കാം.

അവസാനമായി, Look up – മുകളിലേക്ക് വിശ്വാ സത്തിന്റെ ഒരു നോട്ടം നമ്മുടെ ജീവിതത്തില്‍ എപ്പോഴും ഉണ്ടായിരിക്കണം. വി. അഗസ്റ്റിന്‍ പറയുന്നത് ഇപ്രകാരമാണ്: ”ദൈവത്തെ തേടിനടക്കുന്നതാണ് ഏറ്റവും വലിയ സാഹസികത. അവനെ കണ്ടെത്തുന്നതാണ് ഏറ്റവും വലിയ നേട്ടം.” ഇപ്രകാരം തേടി കണ്ടെത്തിയ ദൈവവുമായുള്ള പ്രണയമാണ് ഏറ്റവും വലിയ റൊമാന്‍സ്.

സ്‌നേഹമുള്ളവരെ, നമുക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ നിധിയായ ഈ പരിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിനെ കണ്ടെത്തി അതുവഴി എന്നിലേക്കുതന്നെയും മറ്റുള്ളവരിലേക്കും ശ്രദ്ധതിരിക്കാന്‍ നമുക്കു പരിശ്രമിക്കാം. അതിനായി പ്രാര്‍ഥിക്കാം.

ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ എബിന്‍ പാലക്കുടിയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.