ഞായർ പ്രസംഗം: കൈത്താക്കാലം മൂന്നാം ഞായർ ലൂക്കാ 10: 38-42 മറിയം: ദൈവസ്‌നേഹം ആവോളം നുകര്‍ന്നവള്‍

ബ്രദര്‍ എബിന്‍ പി. ജോര്‍ജ്, പുത്തന്‍കളത്തില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ മാതാപിതാക്കളെ, സഹോദരങ്ങളെ,

സഭയുടെ വളര്‍ച്ചയെക്കുറിച്ചു ധ്യാനിക്കുന്ന കൈത്താക്കാലത്തിന്റെ മൂന്നാം ആഴ്ചയിലേക്കു നാം കടക്കുമ്പോള്‍ തിരുസഭ നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. ലൂക്കായുടെ സുവിശേഷം പത്താം അധ്യായം 38 മുതല്‍ 42 വരെയുള്ള തിരുവചനങ്ങളാണ്.

കൈത്താക്കാലത്തിന്റെ രണ്ടാമത്തെ ആഴ്ചയില്‍ നാം വിചിന്തനം ചെയ്തത് മനുഷ്യരായ നമ്മുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ദൈവത്തോടും സഹജീവികളോടുമുള്ള ഐക്യം അനിവാര്യമാണെന്നാണ്. ഇതിന്റെ തുടര്‍ച്ചയായി, ഇന്നത്തെ സുവിശേഷത്തിലൂടെ സഭാമാതാവ് നമ്മെ പഠിപ്പിക്കുന്നത്, നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനം ദൈവവുമായുള്ള ബന്ധവും സ്‌നേഹവുമാണെന്നും ഈ ബന്ധത്തില്‍നിന്നുവേണം ജീവിതം തുടങ്ങേണ്ടത് എന്നുമാണ്. ദൈവസ്‌നേഹത്തിന്റെയും മനുഷ്യബന്ധത്തിന്റെയും ആഴവും അര്‍ഥവും പറഞ്ഞുതരുന്ന നല്ല സമരായന്റെ കഥയ്ക്കുശേഷമാണ് ദൈവ-മനുഷ്യബന്ധത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്ന മര്‍ത്തയുടെയും സഹോദരി മറിയത്തിന്റെയും വിവരണം ലൂക്കാ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്.

ഇന്നത്തെ നാലു വായനകളും നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് നാം ദൈവത്തോടു പുലര്‍ത്തേണ്ട ആഴമായ സ്‌നേഹബന്ധത്തെക്കുറിച്ചാണ്. ആദ്യവായനയില്‍ അമ്മായിയമ്മയായ നവോമിയെ പിരിയാതെനില്‍ക്കുന്ന റൂത്തിനെ നാം കാണുന്നു. ജീവിതപ്രതിസന്ധിയിലും ബുദ്ധിമുട്ടിലും പിരിഞ്ഞുപോകാതെ തന്റെ അമ്മായിയമ്മയായ നവോമിക്കൊപ്പം നില്‍ക്കുന്ന റൂത്തിനെ പരസ്‌നേഹത്തിന്റെ ഉത്തമോദാഹരണമായി വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കുന്നു. രണ്ടാം വായ നയില്‍, പ്രഭാഷകന്‍ പറഞ്ഞുവയ്ക്കുന്നു: ”കുശവന്റെ കൈയില്‍ കളിമണ്ണുപോലെയാണ് സ്രഷ്ടാവിന്റെ കൈയില്‍ മനുഷ്യര്‍; അവിടുന്ന് തന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കുന്നു. ഇഷ്ടമനുസരിച്ച് അവര്‍ക്കു നല്‍ കുന്നു.” കര്‍ത്താവിന് മനുഷ്യനോടുള്ള അചഞ്ചലസ്‌നേഹം കാണിച്ചുതരികയാണ് പ്രഭാഷകന്‍ ഇതിലൂടെ. എന്നാല്‍, പുതിയനിയമത്തിലേക്കു വരുമ്പോള്‍ റോമാക്കാര്‍ക്കുള്ള ലേഖനത്തിലൂടെ പൗലോസ് ശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നത്, നാം ക്രിസ്തുവാകുന്ന ശരീരത്തോട് ഒട്ടിച്ചേര്‍ന്നിരിക്കണമെന്നാണ്. കാരണം, ഓരോ ക്രിസ്ത്യാനിയും ക്രിസ്തുവാകുന്ന ശരീരത്തിലെ അവയവങ്ങളാണ്. ഈ മൂന്നു വായനകളുടെയും ക്ലൈമാക്‌സാണ് മര്‍ത്തയുടെയും മറിയത്തിന്റെയും ജീവിതം കാണിച്ചുതരുന്നത്.

ഈശോയെ സ്വഭവനത്തിലേക്ക് ആദ്യം സ്വീകരിക്കുന്നതും ശുശ്രൂഷിക്കുന്നതും മര്‍ത്തയാണ്. ഇത് യേശുവുമായുള്ള അവളുടെ ബന്ധത്തെയും വിശ്വാസതീക്ഷ്ണതയെയുമാണ് വെളിവാക്കുന്നത്. അവളുടെ ശുശ്രൂഷകളെപ്രതി ഈശോ അവളെ കുറ്റപ്പെടുത്തുന്നില്ല. കാരണം, പൂര്‍ണ്ണസ്‌നേഹത്തോടും പൂര്‍ണ്ണമനസോടും പൂര്‍ണ്ണഹൃദയത്തോടും ദൈവനാമത്തില്‍ ചെയ്യുന്ന എല്ലാ ശുശ്രൂഷകളും പൂര്‍ണ്ണതയുള്ളതായിരിക്കും. സുവിശേഷം മുന്നോട്ടുപോകുമ്പോള്‍ നമ്മള്‍ കാണുന്നത്, മര്‍ത്തയുടെ സഹോദരി മറിയത്തെയാണ്. ഈശോയ്ക്കായി സമയം കണ്ടെത്തി, അവിടുത്തെ ശ്രവിച്ച്, അവിടുത്തെ പാദത്തിങ്കലായിരിക്കുന്ന മറിയം ദൈവസ്‌നേഹം ആവോളം നുകരുകയും അനേക സ്‌നേഹവിഷയത്തില്‍നിന്ന് ഏകസ്‌നേഹവിഷയത്തിലേക്കു വളരുകയും ചെയ്തു.
സുവിശേഷഭാഗത്തിന്റെ അവസാനഭാഗത്തേക്കു നാം കടന്നുവരുമ്പോള്‍, മര്‍ത്തയുടെ പ്രവൃത്തികളേക്കാള്‍ മറിയത്തിന്റെ പ്രവൃത്തികള്‍ പ്രശംസിക്കപ്പെടുന്നതായിട്ടാണ്. ”മര്‍ത്ത, മര്‍ത്ത, നീ പലതിനെയുംകുറിച്ച് ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു” എന്ന് ഈശോ മര്‍ത്തയോടു പറയുന്നു. ഈശോയുടെ ഈ മറുപടിയില്‍ നമുക്കു ചിലപ്പോള്‍ അത്ഭുതം തോന്നാം. കാരണം, മര്‍ത്തയാണ് ഈശോയെ ഭവനത്തിലേക്കു ക്ഷണിച്ചത്. മറിയത്തെപ്പോലെതന്നെ ഈശോയ്ക്കായി അവളും സമയം ചെലവഴിച്ചു. എന്നിട്ടും മര്‍ത്ത കുറ്റപ്പെടുത്തലിനു വിധേയയാകുന്നു.

നമ്മുടെ ഭവനത്തിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി കടന്നുവരുമ്പോള്‍ നമ്മുടെ അമ്മമാരുടെ ശ്രദ്ധ അവരുമായി സംസാരിക്കുന്നതിലും അവരെ സത്കരിക്കുന്നതിലുമായിരിക്കില്ലേ. ഇത്രമാത്രമേ മര്‍ത്തയും ചെയ്തുകാണൂ. എന്നിട്ടും മര്‍ത്ത തിരഞ്ഞെടുത്തതിനേക്കാള്‍ മറിയത്തിന്റെ പ്രവൃത്തി സ്വീകാര്യമായത് എന്തുകൊണ്ടായിരിക്കും. സങ്കീര്‍ത്തകന്‍ ഉദ്‌ഘോഷിക്കുന്നു: ”കര്‍ത്താവേ, അന്യഭവനത്തില്‍ ആയിരം ദിവസത്തേക്കാള്‍ അങ്ങയുടെ ഭവനത്തിന്റെ വാതില്‍പ്പടി ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു.” ഈ വചനത്തിന്റെ പൊരുളറിയുന്നതിനും അതിന്റെ മാധുര്യം ആസ്വദിക്കിന്നതിലും മറിയും മുന്നില്‍നില്‍ക്കുകയാണ്.

ദൈവകല്‍പനകളില്‍ മൂന്നാം കല്‍പന ഇപ്രകാരമാണ്: ”കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം. അന്ന് വിലക്കപ്പെട്ട ജോലികള്‍ ചെയ്യരുത്” എന്ന്. ‘കര്‍ത്താവിന്റെ ദിവസം’ എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു: ”പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഒരു ക്രിസ്ത്യാനിയെ അനുവദിക്കുന്നതും കര്‍ത്താവിന്റെ വിശുദ്ധദിനത്തിനു ചേരാത്തതുമായ പ്രവൃത്തികളില്‍നിന്ന് മാറിനില്‍ക്കുന്നതുമാണ് ഞായര്‍ വിശ്രമം.” കര്‍ത്താവിന്റെ ദിവസത്തില്‍ അവിടുത്തെ പാദത്തിങ്കലിരുന്ന് വചനം ശ്രവിക്കാനും പ്രാര്‍ഥിക്കാനും മറിയത്തെപ്പോലെ നാം ശ്രദ്ധിക്കണം. മര്‍ത്തയെപ്പോലെ പലവിധ ചിന്തകളിലും ജോലിയിലും വ്യഗ്രതപ്പെട്ട് കര്‍ത്താവിന്റെ അനുഗ്രഹനീര്‍ച്ചാലുകള്‍ തട്ടിക്കളയുന്നവരുമാകരുത് നമ്മള്‍.

നമ്മുടെ ജീവിതവ്യഗ്രതകളില്‍ പലപ്പോഴും നമുക്കും ദൈവത്തെ നഷ്ടപ്പെട്ടുപോകാറുണ്ടോ എന്നു ചിന്തിക്കാം. തിരക്കുപിടിച്ച ജീവിതത്തില്‍ അഡ്ജസ്റ്റ് മെന്റുകള്‍ വരുത്തുമ്പോള്‍ ദൈവത്തെയും പ്രാര്‍ഥനയെയുമാണ് ആദ്യം നാം ഒഴിവാക്കുന്നത്.

വി. മദര്‍ തെരേസയുടെ ജീവിതത്തിലെ ഒരു സംഭവം ഇപ്രകാരമാണ്. ജോലിത്തിരക്കുകള്‍ ഏറിവരുന്നതിനാല്‍ ആകുലപ്പെട്ട് ഒരു സിസ്റ്റര്‍ മദറിനോടു പറഞ്ഞു: ”അമ്മേ, നമ്മുടെ ജോലികള്‍ ഏറിവരികയാണ്. അതിനാല്‍, എന്നുമുള്ള നമ്മുടെ ആരാധനയുടെ സമയം അല്‍പം കുറച്ചാലോ” എന്ന്. എന്നാല്‍ മദറിന്റെ മറുപടി ഇപ്രകാരമായിരുന്നു: ”ദിനവുമുള്ള നമ്മുടെ ആരാധനയുടെ സമയം ഇന്നുമുതല്‍ നമുക്കു കൂട്ടാം. കാരണം, ദൈവത്തെക്കൂടാതെയുള്ള ജോലികളൊന്നും ദൈവം പോയാല്‍ ആവില്ല.”

യേശുവിനെ മാറ്റിവച്ചൊരു ജീവിതം ക്രിസ്ത്യാനിക്കില്ല എന്നുള്ള സത്യമാണ് മദര്‍ തെരേസ പറഞ്ഞുതരുന്നത്. നമ്മുടെ ഈ ലോകജീവിതത്തില്‍ മര്‍ത്തയുടെയും മറിയത്തിന്റെയും മനോഭാവങ്ങളുടെ ക്രമമായ ഒരു സങ്കലനമാണ് നമുക്ക് കരണീയമെന്നു പറയേണ്ടിയിരിക്കുന്നു. കാരണം, മറിയം മാത്രമായിപ്പോയാല്‍ ആര് ദൈവജനത്തെ ശുശ്രൂഷിക്കും? മര്‍ത്താ മാത്രമായാല്‍ ആര് ദൈവവചനം കേള്‍ക്കും? നമ്മുടെ ജീവിതത്തില്‍ മര്‍ത്തയുടെയും മറിയത്തിന്റെയും സ്വഭാവസവിശേഷതകള്‍ നമുക്ക് രൂപപ്പെടുത്തിയെടുക്കാം. എന്നാല്‍, മറിയത്തിന്റെ മനോഭാവമായിരിക്കണം മുന്നിട്ടുനില്‍ക്കേണ്ടത്. കര്‍ത്താവിന്റെ പാദത്തിങ്കലിരുന്ന് വചനം കേട്ട് നല്ല ജീവിതം നയിക്കാനും കര്‍ത്താവിനുവേണ്ടി ജീവിതം സമര്‍പ്പിക്കാനുമുള്ള കൃപാവരം ലഭിക്കാന്‍ പരിശുദ്ധ കുര്‍ബാനയില്‍ നമുക്കു പ്രാര്‍ഥിക്കാം.

ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്രദര്‍ എബിന്‍ പി. ജോര്‍ജ്, പുത്തന്‍കളത്തില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.