ഞായർ പ്രസംഗം: ശ്ലീഹാക്കാലം ഏഴാം ഞായർ ജൂൺ 30, യോഹ. 14: 15-20; 25-26 സഹായകനായ ആത്മാവ്


ബ്രദര്‍ അഗസ്റ്റിന്‍ റ്റെജി ചെറുവേലില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ വൈദികരെ, ഡീക്കന്മാരെ, പ്രിയ സഹോദരങ്ങളെ,

ജീവിതം നിശ്ചലമായിപ്പോയ അവസ്ഥയില്‍ എങ്ങോട്ടുപോകണമെന്നറിയാതെ റെയില്‍വേ സ്റ്റേഷനില്‍നിന്ന പത്തുവയസുള്ള ലോഹിക്ക് ഒരു പട്ടാളക്കാരന്‍ ഒരു പുസ്തകം സമ്മാനിച്ചു. എം. ടി. യുടെ ‘നാലുകെട്ട്.’ ആ പുസ്തകം ആരംഭിക്കുന്നത് ഇങ്ങനെയാണ്: ”വളരും, വളര്‍ന്ന് വലിയ ആളാകും. കൈക്ക് നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു നില്‍ക്കാം.” ഈ വാക്കുകള്‍ ലോഹിയുടെ ജീവിതത്തെ തൊട്ടു. പ്രശസ്ത എഴുത്തുകാരനും സിനിമാസംവിധായകനുമായ ലോഹിതദാസിന്റെ ജീവിതത്തെ മാറ്റമറിച്ചത് ആ പുസ്തകത്തിലെ വരികളായിരുന്നു. നമ്മുടെ വ്യക്തിജീവിതത്തിലെ പ്രതിസന്ധിവേളകളിലും സഹനങ്ങളിലും സഹായകപരിവേഷവുമായി കടന്നുവരുന്ന പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന ഈശോയുടെ ചിത്രമാണ് ഇന്നത്തെ തിരുവചനഭാഗങ്ങളിലൂടെ യോഹന്നാന്‍ സുവിേശഷകന്‍ നമ്മോടു പങ്കുവയ്ക്കുന്നത്.

ഇന്നത്തെ തിരുവചനഭാഗങ്ങളിലെല്ലാം തന്നെ വിവിധ ജീവിതസാഹചര്യങ്ങളില്‍ സഹായസാന്നിധ്യമായി കടന്നുവരുന്ന ദൈവസാന്നിധ്യത്തെ നാം ധ്യാനിക്കുകയും വിചിന്തനവിഷയമാക്കുകയും ചെയ്യുന്നു. അതുപോലെ, ആത്മാവിന്റെ പ്രേരണകള്‍ക്കനുസരിച്ച് ജീവിതത്തെ രൂപപ്പെടുത്തി ആത്മാവിന്റെ ഫലങ്ങളാല്‍ നയിക്കപ്പെടുന്നവരായി ക്രിസ്തുവില്‍ പുതിയ സൃഷ്ടിയായിമാറാന്‍ പൗലോസ്ശ്ലീഹാ ഗലാത്തിയര്‍ക്കെഴുതിയ ലേഖനത്തിലൂടെ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ‘അരൂപിയുടെ സുവിശേഷം’ എന്നറിയപ്പെടുന്ന വി. യോഹന്നാന്റെ സുവിശേഷത്തിലൂടെ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വലിയൊരു പ്രബോധനം ഈശോ തന്റെ വാക്കുകളിലൂടെ നമുക്ക് പകര്‍ന്നുതരുന്നു.

ഇന്നത്തെ തിരുവചനഭാഗങ്ങളിലൂടെ സഭാമാതാവ് പ്രധാനമായും മൂന്ന് സന്ദേശങ്ങള്‍ നമ്മോടു പങ്കുവയ്ക്കുന്നുണ്ട്.

ഒന്നാമതായി, പരിശുദ്ധാത്മാവ് ദൈവസ്‌നേഹത്തിലേക്കുള്ള വാതിലാണ്. വാതില്‍ എന്നും മറ്റൊന്നിലേക്കുള്ള പ്രവേശികയാണ്. മാമ്മോദീസാവഴി നാം സഭാസമൂഹത്തില്‍ പങ്കുചേരുമ്പോള്‍ ദൈവസ്‌നേഹത്തിലേക്കുള്ള നമ്മുടെ വാതിലാണ് പരിശുദ്ധാത്മാവ്. വാതില്‍ ഒരു ക്ഷണമാണ്. ‘ഇതിലേ വാ,’ എന്ന ക്ഷണം. ആത്മാവിനാല്‍ നിറയുന്നവര്‍ ദൈവസ്‌നേഹത്താലും നിറയും. പല രക്തസാക്ഷികളും ആദ്യ കാലങ്ങളില്‍ ആത്മാവിനാല്‍ ദൈവസ്‌നേഹാഗ്നിയാല്‍ ജ്വലിച്ചാണ് തങ്ങളെത്തന്നെ പീഢനമുറകള്‍ക്കു വിട്ടുകൊടുത്തതെന്ന് ചരിത്രം സാക്ഷിക്കുന്നു. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ദൈവാത്മാവിന്റെ വാതിലായിമാറാന്‍ നമുക്കു സാധിക്കണം. ക്രിസ്തുസ്‌നേഹം മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുന്നതിലൂടെ ദൈവാത്മാവിന്റെ ചാലകങ്ങളായിമാറാന്‍ നമുക്കു സാധിക്കും. അതിനാല്‍, ദൈവസ്‌നേഹത്തില്‍ വളരാന്‍ നമുക്ക് ആത്മാവിനോടു ചേര്‍ന്നുനില്‍ക്കാം.

രണ്ടാമതായി, ഈശോ നമുക്കു നല്‍കിയ സഹായകനാണ് പരിശുദ്ധാത്മാവ്. പഴയനിയമത്തിലൂടെ കടന്നുപോകുമ്പോള്‍ കൂടെയായിരിക്കുന്ന ദൈവം അവര്‍ക്ക് അന്യമായ ചിന്തയല്ല. ദൈവം കൂടെവസിച്ച അനുഭവമാണ് ഇസ്രായേല്‍ജനതയെ നയിച്ചത്. എന്നാല്‍ വി. യോഹന്നാന്റെ സുവിശേഷം 14:16-ല്‍ പറഞ്ഞുവയ്ക്കു ന്നതുപോലെ മറ്റൊരു സഹായകനെ നല്‍കുമെന്ന വാഗ്ദാനമാണ് തന്റെ ശിഷ്യര്‍ക്ക് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നല്‍കുന്നത്.

പ്രശസ്ത എഴുത്തുകാരന്‍ ടി. പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’ എന്ന കൃതിയില്‍, സര്‍വതും നഷ്ടപ്പെട്ട് ആത്മഹത്യയ്‌ക്കൊരുങ്ങുന്ന യുവാവിനെ നാം കണ്ടുമുട്ടുന്നു. ആത്മഹത്യയ്ക്കുമുന്‍പ് സിനിമ കാണാനായി തീയറ്ററിലേക്കു പ്രവേശിക്കുന്ന അവന് പ്രതീക്ഷ നല്‍കുന്നത് തൊട്ടടുത്ത സീറ്റിലിരുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ ചിരിയും സംസാരവുമാണ്. പലപ്പോഴും നമ്മുടെ ജീവിതങ്ങളിലും വഴിമുട്ടിനില്‍ക്കുന്ന വേളകളില്‍ സാന്ത്വനസ്പര്‍ശവുമായി അന്തരാത്മാവിനെ കൈപിടിച്ചുയര്‍ത്തുന്നത് പരിശുദ്ധാത്മാവാണ്. ദൈവവിളിയില്‍ ചോദ്യശരങ്ങള്‍ പെയ്തിറങ്ങുമ്പോള്‍ ദൈവസ്‌നേഹത്തിന്റെ ഉത്തരം നല്‍കി ചേര്‍ത്തുവയ്ക്കുന്നതും ഈ ആത്മാവുതന്നെ. അതിനാല്‍ മറ്റുള്ളവരുടെ ജീവിതസാഹചര്യങ്ങളില്‍ പ്രതീക്ഷയുടെയും സാന്ത്വനത്തിന്റെയും സഹായകപരിവേഷമായി മാറാന്‍ നമുക്കു സാധിക്കണം.

മൂന്നാമതായി, ആത്മാവ് നമ്മെ നയിക്കുന്നു, വിശുദ്ധീകരിക്കുന്നു, പഠിപ്പിക്കുന്നു. സുവിശേഷത്തില്‍ ഈശോ ശിഷ്യന്മാര്‍ക്ക് വാഗ്ദാനം നല്‍കുന്നത് അനാഥരായി വിടുകയില്ലെന്നും ആത്മാവ് നിങ്ങള്‍ക്ക് പ്രബോധനം നല്‍കുമെന്നും കൂടിയാണ്. ക്രൈസ്തവജീവിതത്തിന്റെ അന്തഃസത്തയിലേക്കു നാം നോക്കുമ്പോള്‍ അവിടുന്നു നല്‍കിയ ആത്മാവാണ് നമ്മെ നയിക്കുന്നതും പഠിപ്പിക്കുന്നതും വിശുദ്ധീകരിക്കുന്നതും. ആത്മാവിനാല്‍ പ്രചോദിതരായി നാം സംസാരിക്കുമ്പോഴും ജീവിക്കുമ്പോഴും നാം നമ്മുടെ സഹോദരങ്ങളെ ക്രൈസ്തവമൂല്യങ്ങള്‍ പഠിപ്പിക്കുകയും നമ്മുടെ ജീവിതത്തിലൂടെ ക്രൈസ്തവവിശ്വാസത്തിലേക്കു നയിക്കുകയും ചെയ്യുന്നു. അതിനാല്‍ ആത്മാവിനെ സ്‌നേഹിച്ചുകൊണ്ട് ആത്മാവിന്റെ പ്രചോദനങ്ങള്‍ക്കനുസരിച്ച് ജീവിച്ചുകൊണ്ട് പരസ്പരം നയിക്കുന്നവരും പഠിപ്പിക്കുന്നവരും വിശുദ്ധീകരിക്കുന്നവരുമാകാം.

പ്രിയ സഹോദരങ്ങളെ, പൗലോസ് ശ്ലീഹാ പറയുന്നതുപോലെ, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല, മറിച്ച് സഹായകനായ പുത്രസ്വീകാര്യത്തിന്റെ ആത്മാവിനെയാണ് ഈശോ വാഗ്ദാനം ചെയ്തത്. ദൈവസ്‌നേഹത്തിലേക്കു തുറക്കപ്പെട്ട വാതിലിലൂടെ നമുക്ക് സ്വര്‍ഗീയപിതാവിന്റെ ചാരെ എത്താം. നമ്മുടെ ജീവിതങ്ങളില്‍ പ്രത്യാശയുടെ പൊന്‍കിരണം ഒരു പുഞ്ചിരിമൂലം പകര്‍ന്നുതരുന്നവരിലെ ആത്മാവിന്റെ പ്രവര്‍ത്തനത്തെ തിരിച്ചറിയാം. അതോടൊപ്പം പഠിപ്പിക്കുന്ന, വിശുദ്ധീകരിക്കുന്ന, നയിക്കുന്ന ആത്മാവിനായി ദാഹിക്കാം. ആത്മാവിനാല്‍ പൂരിതരായി ക്രൈസ്തവവിശ്വാസം പകര്‍ന്നുകൊടുക്കുന്ന യഥാര്‍ഥവിശ്വാസികളായി നമുക്ക് രൂപാന്തരപ്പെടാം.

ആത്മാവിനാല്‍ പൂരിതരായി സുവിശേഷം പ്രഘോഷിച്ച ശ്ലീഹരെപ്പോലെ ആത്മാവിനാല്‍ നിറഞ്ഞ് സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമായിത്തീരാന്‍ നമുക്ക് ആഗ്രഹിക്കാം. ഓരോ പരിശുദ്ധ കുര്‍ബാനയിലും പരിശുദ്ധാത്മാവിന്റെ ആവാസത്താല്‍ അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീര-രക്തങ്ങളായി രൂപാന്തരപ്പെടുന്നതുപോലെ ആത്മാവിനാല്‍ നിറയ്ക്കപ്പെട്ട് വിശുദ്ധിയിലേക്കു രൂപാന്തരപ്പെടാനുള്ള കൃപാവരത്തിനായി ഈ വിശുദ്ധ ബലിയില്‍ നമുക്ക് പ്രാര്‍ഥിക്കാം. കാരുണ്യവാനായ ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്രദര്‍ അഗസ്റ്റിന്‍ റ്റെജി ചെറുവേലില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.