
വി. യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം ഒന്നുമുതൽ എട്ടുവരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തുവും ഫരിസേയപ്രമാണിയുമായ നിക്കെദേമൂസും തമ്മിലുള്ള സംഭാഷണമാണ് ഇവിടെ വചനഭാഗം എടുത്തുകാണിക്കുന്നത്. രാത്രിയുടെ മറവിലാണ് ഇയാൾ ക്രിസ്തുവിനെ കാണാനായി വരുന്നത്. ഒരുപക്ഷേ അവിശ്വാസികളായ യഹൂദരെ ഭയന്നിട്ടാവാം ഇത് സംഭവിക്കുന്നത്. എങ്കിലും ക്രിസ്തുവിന്റെ പാഠങ്ങൾ അവന്റെ വിശ്വാസത്തെ ആഴപ്പെടുത്തുന്നവ ആയിരുന്നു. ഒരുവൻ വീണ്ടും ജനിക്കുന്നില്ലെങ്കിൽ ദൈവരാജ്യം കാണാൻ സാധിക്കുകയില്ല എന്ന യേശുവിന്റെ വാക്കുകൾ നിക്കെദേമൂസിന് ഒരു പുതിയ പാഠമാണ് നൽകുന്നത്. ശാരീരികമായ രണ്ടാം ജനനമല്ല, മറിച്ച് ആത്മാവിലുള്ള രണ്ടാം ജനനമാണ് ക്രിസ്തു ഇവിടെ ആഗ്രഹിക്കുന്നത്. ദൈവരാജ്യം കാണുക എന്നാൽ ദൈവരാജ്യം യാഥാർഥ്യമാകുന്ന ക്രിസ്തുവിൽ വിശ്വസിക്കുക എന്നുകൂടിയാണെന്ന് ഇവിടെ വചനം വ്യക്തമാക്കുകയാണ്.
ഒരു ക്രൈസ്തവനെന്ന രീതിയിൽ ഞാനും ക്രിസ്തുവിൽ അടിയുറച്ചു വിശ്വസിക്കേണ്ടവനാണ്. അതിന് ലോകത്തിൽ നിന്നുള്ള വിരക്തിയും ക്രിസ്തുവിനുള്ള ആകർഷണവും ആവശ്യമാണ്. എന്നാൽ പലപ്പോഴും രണ്ടു വള്ളത്തിലും കാലുവച്ചു നീങ്ങുന്ന ഒരു ജീവിതശൈലിയാണ് പലപ്പോഴും നമുക്കുള്ളത്. ക്രിസ്തുവിനുള്ള അടിയുറച്ച വിശ്വാസമാകട്ടെ നമ്മുടെ ജീവിതത്തിന്റെ യഥാർഥമായ ശൈലി.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS