
ഇന്ന് തിരുസഭ ദൈവകരുണയുടെ ഞായർ ആഘോഷിക്കുകയാണ്. വി. യോഹന്നാന്റെ സുവിശേഷം ഇരുപതാം അധ്യായം 19 മുതൽ 31 വരെയുള്ള തിരുവചനങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തുവിന്റെ പീഡാസഹനവും മരണവും ഉത്ഥാനവുമെല്ലാം ശിഷ്യന്മാരിൽ പലവിധ സംശയങ്ങളും വിശ്വാസപ്രതിസന്ധികളും ഉളവാക്കി. ‘ഇനിയെന്ത്’ എന്ന ചോദ്യം പല ശിഷ്യരിലും ഉണ്ടായിരുന്നു. വി. യോഹന്നാന്റെ സുവിശേഷമനുസരിച്ച്, ക്രിസ്തു ശിഷ്യർക്കു പ്രത്യക്ഷപ്പെടുമ്പോൾ അവിടെ തോമസ് ഉണ്ടായിരുന്നില്ല. എന്നാൽ ശിഷ്യരുടെ സാക്ഷ്യം തോമാശ്ലീഹായ്ക്ക് അത്ര വിശ്വാസയോഗ്യവുമായിരുന്നില്ല. ഇപ്രകാരമുള്ള വിശ്വാസപ്രതിസന്ധിക്കിടയിലാണ് ക്രിസ്തു അവിടെ പ്രത്യക്ഷപ്പെടുന്നതും തോമാശ്ലീഹായ്ക്ക് വിശ്വാസയോഗ്യമാംവിധം ക്രിസ്തു അവന് വിശ്വാസസാക്ഷ്യം നൽകുന്നതും. അവിടെ തോമാശ്ലീഹാ ഏറ്റുപറയുന്നത് “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്നാണ്. ഈ ഏറ്റുപറച്ചിൽ തീർച്ചയായും ഒരു വ്യക്തിപരമായ വിശ്വാസപ്രഖ്യാപനമാണ്.
ഇന്ന് തിരുസഭ ദൈവകരുണയുടെ ഞായർ ആഘോഷിക്കുന്നു. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിൽ ജീവിക്കാൻ ക്രൈസ്തവരായ നമുക്കു സാധിക്കുന്നുണ്ടോ എന്നുള്ളത് നമുക്ക് ഒന്ന് ചിന്തിക്കാം. വിശ്വാസം ജീവിക്കുന്നത് ചിലപ്പോഴെങ്കിലും വ്യതിചലനങ്ങളും സംശയങ്ങളുമൊക്കെ ഉളവാകാം. എങ്കിലും ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞ് അവനിൽ അടിയുറച്ചു വിശ്വസിക്കാൻ നമുക്കു സാധിക്കട്ടെ.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS