ലത്തീൻ: ഏപ്രിൽ 25 വെള്ളി, യോഹ. 21: 1-14 ഉത്ഥിതന്റെ കാത്തിരിപ്പ്

എല്ലാമുപേക്ഷിച്ച് ക്രിസ്തുവിനെ അനുഗമിച്ചവർ പിന്നീട്, ഉത്ഥിതനായ ക്രിസ്തുവിൽ വിശ്വസിക്കാതെ തങ്ങളുടെ പഴയ ജീവിതവഴികളെ തേടിപ്പോകുന്ന വചനഭാഗമാണ് ധ്യാനവിഷയം. ക്രിസ്തുവിലുള്ള ശിഷ്യരുടെ പ്രതീക്ഷ അസ്തമിച്ചുപോയപ്പോൾ പ്രാതലൊരുക്കി അവർക്കായി കാത്തിരിക്കുന്ന ക്രിസ്തുവിന്റെ ചിത്രം യോഹന്നാൻ സുവിശേഷകൻ ഇവിടെ അവതരിപ്പിക്കുന്നു. മറ്റു സുവിശേഷകന്മാരെക്കാളും വ്യത്യസ്തമായ ചില ഭാവങ്ങളെ യോഹന്നാൻ സുവിശേഷകൻ തന്റെ സുവിശേഷത്തിൽ ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്. വക്ഷസ്സിലേക്കു ചാരിക്കിടക്കുന്ന യോഹന്നാനും പ്രാതലൊരുക്കി തന്റെ ശിഷ്യർക്കായി കാത്തിരിക്കുന്ന ക്രിസ്തുവിന്റെ മാതൃഭാവവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

ക്രൈസ്തവജീവിതം ഏറെ അനുഗ്രഹിക്കപ്പെട്ടതാണ്. ക്രിസ്തു ഇന്നും പ്രാതലൊരുക്കി നമുക്കായി കാത്തിരിക്കുന്ന കൂദാശയാണ് പരിശുദ്ധ കുർബാന. എന്നാൽ ശിഷ്യരെപ്പോലെ ക്രിസ്തുവിനെ തിരിച്ചറിയാൻ പലപ്പോഴും നമ്മളും പരാജിതരാകുന്നു. നമുക്കായി കാത്തിരിക്കുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ തിരിച്ചറിയാൻ നമുക്കാവട്ടെ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.