
ഇന്ന് തിരുസഭ ഓശാനത്തിരുനാളായി ആഘോഷിക്കുകയാണ്. ജെറുസലേം നഗരത്തിലേക്കുള്ള ക്രിസ്തുവിന്റെ രാജകീയപ്രവേശനത്തെ അനുസ്മരിക്കുന്ന തിരുനാളാണ് ഓശാന. ഇസ്രായേൽജനം പ്രതീക്ഷിച്ചിരുന്ന രാജാവും രക്ഷകനും താനാണെന്നു വെളിപ്പെടുത്തുന്ന ക്രിസ്തുവിനെയാണ് വചനം ഇവിടെ എടുത്തുകാട്ടുക. പക്ഷേ, ഇസ്രായേൽ പ്രതീക്ഷിച്ചിരുന്നത് സമാധാനത്തിന്റെ രാജാവിനെ ആയിരുന്നില്ല; ആയുധബലത്താൽ എല്ലാവരെയും കീഴടക്കുന്നഒരു രാജാവിനെ ആയിരുന്നു. എന്നാൽ, കഴുതപ്പുറത്ത് കയറിവരുന്ന സമാധാനത്തിന്റെയും സ്നേഹത്തിന്റെയും രാജാവിനെയാണ് വചനം ക്രിസ്തുവിനെ അവതരിപ്പിക്കുന്നത്.
ഓശാന എന്ന വാക്കിൻറെ അർഥം രക്ഷിക്കണമേ എന്നതാണ്. കുരുത്തോല ഉയർത്തി ദാവീദിന്റെ പുത്രന് ഓശാന എന്ന് നാം പ്രാർഥിക്കുമ്പോൾ നമ്മുടെ ജീവിതങ്ങളും ക്ലേശങ്ങളും വേദനകളുമെല്ലാം അവന്റെ മുമ്പിൽ സമർപ്പിക്കുകയാണ്. ‘ക്രിസ്തുവേ, ഞങ്ങളുടെ രക്ഷകനായിരിക്കണമേ നീ’ എന്ന്. ഓരോ ഓശാനത്തിരുനാളും ഒരു ഏറ്റുപറച്ചിലാണ്. ക്രിസ്തുവിനെ എന്റെ രക്ഷകനും നാഥനുമായി ഞാൻ അംഗീകരിക്കുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ഒരു പരസ്യപ്രഘോഷണം കൂടിയാണ് ഇത്. അതുകൊണ്ട് നമുക്കും ഈ ഓശാനത്തിരുനാളിൽ ഉറക്കെ പ്രഘോഷിക്കാം ഞങ്ങളെ രക്ഷിക്കണമേ ക്രിസ്തുവേ എന്ന്.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS