ലത്തീൻ: ഏപ്രിൽ 06 ഞായർ, യോഹ. 8: 1-11 ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്നേഹം

വി. യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായം ഒന്നുമുതൽ 11 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ, കുറ്റം വിധിക്കാൻ ഒരുങ്ങിനിൽക്കുന്ന ജനക്കൂട്ടം. പരാതികൾ ചൊല്ലുന്ന ജനക്കൂട്ടത്തിനും പശ്ചാത്താപത്തോടെ നിൽക്കുന്ന സ്ത്രീക്കും മധ്യേ നിശ്ശബ്ദനായി നിൽക്കുന്ന ക്രിസ്തു.

യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായത്തിലെ ഈ വചനഭാഗം തീർത്തും നാടകീയവും ധ്യാനാത്മകവുമാണ്. ശിക്ഷിക്കാൻ ഒരുങ്ങിനിൽക്കുന്ന ജനം വിധികർത്താവിന്റെ വാക്കുകൾ കേട്ട് എല്ലാം വലിച്ചെറിഞ്ഞ് തിരികെപ്പോകുന്നു. എന്നാൽ ക്രിസ്തു, അവളെ വിധിക്കാതെ പാപവിമുക്തമായ ഒരു ജീവിതം നയിക്കാൻ ആഹ്വാനം ചെയ്ത് പറഞ്ഞയയ്ക്കുകയാണ് ചെയ്യുന്നത്. “ക്രിസ്തു ഇപ്രകാരമാണ്; ക്ഷമിക്കാൻ അവന് യാതൊരു മടിയുമില്ല” എന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞുവച്ചതുപോലെ, ഒരോ ക്രൈസ്തവനും ഏറ്റവും കൂടുതൽ ക്രിസ്തുവിന്റെ ക്ഷമ അനുഭവിക്കുന്ന ഇടമാണ് കുമ്പസാരക്കൂട്. ഒരോ പാപങ്ങളും എണ്ണിയെണ്ണി ഏറ്റുപറയുമ്പോഴും ക്രിസ്തു ക്ഷമിക്കുക മാത്രല്ലേ ചെയ്തത്. നമുക്കും ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്നേഹത്തിൽ ആശ്രയിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.