
തങ്ങൾ നീതിന്മാരാണ് എന്ന ധാരണയിൽ മറ്റുള്ളവരെ പുച്ഛിക്കുകയും തങ്ങളെത്തന്നെ ഉയർത്തിപ്പറയുകയും ചെയ്യുന്നവരോടുള്ള ക്രിസ്തുവിന്റെ സന്ദേശമാണ് ഇന്നത്തെ വചനഭാഗം. “തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.” ക്രിസ്തുവിന്റെ ഈ വചനത്തെ സാധൂകരിക്കാൻ ക്രിസ്തു ഉപയോഗിക്കുന്ന ഉപമയും നമ്മോട് എളിമപ്പെടാൻ ആഹ്വാനം ചെയ്യുന്നതാണ്. ഫരിസേയനെക്കാൾ ചുങ്കക്കാരൻ ഏറെ വിലമതിക്കപ്പെടുന്നത് ദൈവതിരുമുമ്പിലുളള അവന്റെ വിധേയത്വം കൊണ്ടാണ്.
പലപ്പോഴും നമ്മുടെ പ്രാർഥനയും ഫരിസേയ മനോഭാവത്തോടെയാണ്. എന്റെ നേട്ടങ്ങളെക്കാളുപരി, ദൈവത്തിന്റെ മുമ്പിൽ എന്റെ ബലഹീനതകളെക്കുറിച്ചുള്ള തിരിച്ചറിവുകൾ ഉണ്ടാകുമ്പോഴാണ് എളിമയുള്ളവരാകാൻ നമുക്കു സാധിക്കുന്നത്. എളിമയുള്ള മനോഭാവത്തോടെ ദൈവത്തെയും സഹോദരങ്ങളെയും കാണാൻ നമുക്കു സാധിക്കുമ്പോഴാണ് ഈ നോമ്പുകാലം കൂടുതൽ അനുഗ്രഹപ്രദമാകുന്നത്.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS