
ലൂക്കാ സുവിശേഷം 15-ാം അധ്യായം മുഴുവനും ഉപമകളാൽ സമ്പുഷ്ടമാണ്. നഷ്ടപ്പെട്ടതിനെ തിരിച്ചുകിട്ടുന്നതിന്റെ ആനന്ദത്തെ ആ ഉപമകളിൽ നമുക്ക് അനുഭവിക്കാം. ധൂർത്തപുത്രന്റെ ഉപമയിൽ നഷ്ടപ്പെടലിന്റെ വേദനയും തിരിച്ചുകിട്ടലിന്റെ ആനന്ദവും നമുക്ക് കാണാൻ സാധിക്കുന്നു. മറ്റ് രണ്ടു ഉപമകളിൽ ഇല്ലാതിരുന്ന ഒരു കാര്യം ഈ ഉപമയിൽ ലൂക്കാ സുവിശേഷകൻ പ്രതിപാദിക്കുന്നുണ്ട്; എല്ലാം നഷ്ടപ്പെട്ടപ്പോൾ ധൂർത്തപുത്രനുണ്ടായ സുബോധത്തെക്കുറിച്ച്. തന്റെ പിതാവിന്റെ സ്നേഹത്തെ അവഗണിച്ച് അകലങ്ങളിലേക്കു പോയത് അവന്റെ ദുർബോധമായും എന്നാൽ പന്നിക്കുഴിയുടെ അധപതനങ്ങളിൽനിന്നും പിതാവിന്റെ അരികിലേക്കുള്ള തിരിച്ചുവരവ് സുബോധമായും സുവിശേഷകൻ എടുത്തുകാട്ടുന്നു.
സുബോധം നഷ്ടപ്പെട്ട നമ്മുടെ ജീവിതത്തിന്റെ ഒരു തിരിച്ചുവരവിനെ ഏറെ കൊതിക്കുന്ന പിതൃസ്നേഹത്തെ അനുസ്മരിക്കുന്ന കാലമാണ് നോമ്പുകാലം. സ്നേഹത്തിന്റെ നിറകുടമായ ദൈവത്തെ തിരിച്ചറിയാൻ ചില സുബോധങ്ങൾ നമ്മളിലും അനിവാര്യമാണ്. ആ സ്നേഹത്തെ തിരിച്ചറിഞ്ഞാൽ, സുബോധം തിരിച്ചെടുത്താൽപിന്നെ ഏതു പന്നിക്കുഴിയുടെ അധപതനത്തിൽനിന്നും ദൈവസ്നേഹത്തിലേക്കു നാം തിരിച്ചുനടക്കും. ആ സ്നേഹമാകട്ടെ ഒരിക്കലും അസ്തമിക്കാത്തതും എന്നും നമ്മെ വാരിപുണരാൻ കാത്തിരിക്കുന്നതുമാണ്.
ഫാ. ചാക്കോ വടക്കേത്തലയ്‌ക്കൽ MCBS