
വി. മർക്കോസിന്റെ സുവിശേഷം ഒൻപതാം അധ്യായം 30 മുതൽ 37 വരെയുള്ള തിരുവചനഭാഗങ്ങളാണ് നാം ഇന്ന് ധ്യാനവിഷയമാക്കുന്നത്. യഥാർഥ ശിഷ്യത്വം എപ്രകാരമായിരിക്കണമെന്ന് ക്രിസ്തു പഠിപ്പിക്കുന്ന വചനഭാഗമാണ് ഇവിടെ നാം കാണുന്നത്. തങ്ങളിൽ വലിയവൻ ആര് എന്ന ശിഷ്യരുടെയിടയിലെ തർക്കമാണ് ക്രിസ്തുവിന്റെ ഈ പഠിപ്പിക്കലിനു കാരണം. ഒന്നാമനാകാൻ ആഗ്രഹിക്കുന്നെങ്കിൽ ഏറ്റവും ചെറിയവനും ശുശ്രൂഷകനും ആകണമെന്ന ക്രിസ്തുവിന്റെ പാഠം ശിഷ്യരെ ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. അതിന് ഏറ്റവും നല്ല മാതൃകയായി, ഒരു ശിശുവിനെ ഉയർത്തിക്കാട്ടിയാണ് ക്രിസ്തു തന്റെ പഠനത്തെ വിവരിക്കുന്നത്.
ലോകം ഉന്നതങ്ങളിലേക്കുമാത്രം നോക്കി യാത്ര ചെയ്യുകയാണ്. പെട്ടെന്ന് എങ്ങനെ വലിയവനാകാം, ധനവനാകാം, മറ്റുള്ളവരെക്കാൾ ഉയർച്ച നേടാം എന്ന കാര്യങ്ങളിൽ ചില എളുപ്പമാർഗങ്ങൾ കണ്ടെത്താൻ മനുഷ്യൻ ധൃതികൂട്ടി യാത്ര ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ക്രിസ്തുവിന്റെ ഈ പഠനം നമ്മൾ ധ്യാനവിഷയമാകണം. ജീവിതത്തിൽ ഉയർച്ചകൾക്ക് അർഥം കിട്ടണമെങ്കിൽ അതിന് താഴ്ചകളും വീഴ്ചകളും അനിവാര്യമാണ്. ക്രൈസ്തവജീവിതത്തിൽ ശിശുമനോഭാവമുള്ള, എളിമയുടെ ശിഷ്യത്വം നമുക്ക് സ്വീകരിക്കാം. എങ്കിലേ ക്രിസ്തുവിലേക്ക് നാം ഇനിയും വളരുകയുള്ളൂ.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS