ലത്തീൻ: ഫെബ്രുവരി 20 വ്യാഴം, മർക്കോ. 8: 27-33 യഥാർഥമായ ക്രിസ്തുസ്നേഹം

വി. മർക്കോസിന്റെ സുവിശേഷം എട്ടാം അധ്യായം 27 മുതൽ 33 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ഈ വചനഭാഗത്ത് പത്രോസിന്റെ വിശ്വാസപ്രഖ്യാപനവും വിശ്വാസരാഹിത്യവും ഒരുപോലെ നമുക്കു കാണാം. “ഞാൻ ആരാണ്” എന്ന ക്രിസ്തുവിന്റെ ചോദ്യത്തിന്, “നീ ക്രിസ്തുവാണ്” എന്നുള്ളതായിരുന്നു പത്രോസിന്റെ മറുപടി. പക്ഷേ, ക്രിസ്തു തന്റെ പീഡാസഹനങ്ങളെക്കുറിച്ച് പറഞ്ഞുവയ്ക്കുമ്പോൾ പത്രോസ് അതിന് എതിരുനിൽക്കുന്നതായി വചനം എടുത്തുകാട്ടുന്നുണ്ട്. എന്നാൽ ക്രിസ്തു തനിക്ക് ആരാണ് എന്ന് തന്റെ പിന്നീടുള്ള ജീവിതത്തിലൂടെ പത്രോസ് അനുഭവിച്ചറിയുമ്പോൾ ക്രിസ്തുവിനായി സ്വന്തം ജീവൻതന്നെ ത്യജിക്കാൻ അവൻ തയ്യാറാകുന്നത് ചരിത്രത്തിൽ നാം കാണുന്നുണ്ട്.

ക്രൈസ്തവൻ എന്ന രീതിയിൽ നാം ഓരോരുത്തരും ധ്യാനിക്കേണ്ട ജീവിതമാണ് പത്രോസിന്റേത്. യഥാർഥമായ ജീവിതാനുഭവങ്ങളാണ് പലപ്പോഴും പലതിനെയും യഥാർഥത്തിൽ സ്നേഹിക്കാൻ നമ്മെ പഠിപ്പിക്കുന്നത്. പത്രോസ് ക്രിസ്തുവിനെ തന്റെ ജീവിതത്തിലൂടെ സ്നേഹിച്ചുതുടങ്ങിയപ്പോൾ യഥാർഥമായ ക്രിസ്തുസ്നേഹത്തെ തന്റെ ജീവിതത്തിൽ അനുഭവിക്കാൻ അവനു സാധിച്ചു. ഓരോ പരിശുദ്ധ കുർബാനയിലും ക്രിസ്തുവിന്റെ യഥാർഥ സ്നേഹത്തെ തിരിച്ചറിയാൻ നമുക്കു സാധിക്കട്ടെ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.