
വി. മർക്കോസിന്റെ സുവിശേഷം എട്ടാം അധ്യായം 22 മുതൽ 26 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തു ബെത്സെയ്ദായിലെ അന്ധനെ സുഖപ്പെടുത്തുന്ന വചനഭാഗമാണ് ഇത്. ക്രിസ്തു ഈ അന്ധനെ സുഖപ്പെടുത്തുക ഘട്ടം ഘട്ടമായിട്ടാണ്. സൃഷ്ടിയുടെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ ‘എല്ലാം ഉണ്ടാകട്ടെ’ എന്ന ഒറ്റവചനത്താൽ സകലതും സൃഷ്ടിച്ച ദൈവത്തിന്റെ അതേ വാക്കുകളാണ് ക്രിസ്തു ഇവിടെ അന്ധന് സൗഖ്യം നൽകാനും ഉപയോഗിക്കുന്നത്.
അന്ധനായ മനുഷ്യനെ ക്രിസ്തു ഇവിടെ യഥാർഥമായ ഒരു ക്രിസ്തുദർശനത്തിലേക്കാണ് നയിക്കുന്നത്. ഭാഗികമായി കിട്ടിയ കാഴ്ചകൊണ്ട് ഇവിടെ ഈ അദ്ഭുതപ്രവർത്തനം ക്രിസ്തു അവസാനിപ്പിക്കുന്നില്ല, മറിച്ച് അതിന്റെ പൂർണ്ണതയിലേക്ക് ക്രിസ്തു അവനെ കൈപിടിച്ച് ഉയർത്തുകയാണ്. ഒരു ക്രൈസ്തവൻ എന്ന നിലയിൽ നമ്മുടെ വിശ്വാസവും ഭാഗികമായി അവസാനിപ്പിക്കേണ്ട ഒന്നല്ല, മറിച്ച് വിശ്വാസത്തിന്റെ പൂർണ്ണതയിലേക്ക് എത്തിച്ചേരാൻ നമുക്കോരോരുത്തർക്കും സാധിക്കും. അങ്ങനെയേ യഥാർഥമായ ക്രിസ്തുദർശനം നമുക്കു സാധ്യമാകൂ.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS