ലത്തീൻ: ഫെബ്രുവരി 12 ബുധൻ, മർക്കോ. 7: 14-23 യഥാർഥ ശുദ്ധി

വി. മർക്കോസിന്റെ സുവിശേഷം ഏഴാം അധ്യായം 14 മുതൽ 23 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ശിഷ്യന്മാർ കൈ കഴുകാതെയും ശാരീരികശുദ്ധി വരുത്താതെയും ഭക്ഷണത്തിനിരിക്കുമ്പോൾ തങ്ങളുടെ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച് ദൈവത്തിന്റെ കൽപകളെ വളച്ചൊടിക്കുന്ന ചില യഹൂദപ്രമാണിമാരെ ക്രിസ്തു തിരുത്തുന്നുണ്ട്. ശേഷം യഥാർഥമായ ശുദ്ധി, അത് ബാഹ്യമായ ചില പ്രകടനങ്ങളെക്കാൾ ആന്തരികമായ ശുദ്ധിയാണ് എന്ന് ക്രിസ്തു പഠിപ്പിക്കുകയാണ്.

ബാഹ്യമായ അശുദ്ധി പലപ്പോഴും നമുക്ക് പരിഹരിക്കാവുന്നതാന്നെങ്കിലും ആന്തരിക അശുദ്ധി, അത് ദൈവത്തെയും നമ്മെയും തമ്മിൽ അകറ്റുന്നതാണ് എന്ന് ക്രിസ്തു പഠിപ്പിക്കുന്നു. അതായത്, ആത്മീയത എന്നാൽ ബാഹ്യമായ പ്രകടനങ്ങൾ മാത്രമല്ല, ആത്മീയവിശുദ്ധി കൂടിയാണ്. ആ വിശുദ്ധിയെ കാത്തുസൂക്ഷിക്കാൻ ആത്മീയതയിൽ പ്രത്യേകമായ ഒരു ശ്രദ്ധയും പരിശ്രമവും ആവശ്യമാണ്. ബാഹ്യമായ ചില ആത്മീയപ്രകടനങ്ങൾകൊണ്ട് മനുഷ്യരുടെ ശ്രദ്ധനേടാൻ നമുക്കാവുമെങ്കിലും ദൈവത്തിന്റെ പ്രീതിനേടാൻ ആത്മീയമായ ചില ശ്രദ്ധയും മുന്നൊരുക്കങ്ങളും അനിവാര്യമാണ് എന്ന് വചനം പറഞ്ഞുതരുന്നു.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.