ലത്തീൻ: ഫെബ്രുവരി 11 ചൊവ്വ, മർക്കോ. 7: 1-13 യഥാർഥ ക്രൈസ്തവൻ

തങ്ങളുടെ പാരമ്പര്യങ്ങളെയും നിയമങ്ങളെയും മുറുകെപ്പിടിച്ച് ദൈവത്തിന്റെ കൽപനകളും മനുഷ്യരോടുള്ള പരിഗണനയും മറന്നുപോകുന്ന ഫരിസേയരെയും നിയമജ്ഞരെയും ശാസിക്കുന്ന ക്രിസ്തുവിനെയാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുക. അധികാരങ്ങളും നിയമങ്ങളും, അത് മറ്റുള്ളവർക്കുമേൽ അധികാരം സ്ഥാപിക്കാനുള്ളതോ, നമ്മുടെ സ്വാർഥലാഭങ്ങൾക്കായി വളച്ചൊടിക്കുന്നതോ ആകരുത്. മറിച്ച് മറ്റുള്ളവരെ ദൈവമാർഗത്തിലേക്കു നയിക്കാനുള്ളതാവണം.

ഇന്നത്തെ ആധുനികലോകത്തിൽ പലപ്പോഴും ക്രിസ്തുവിനെയും അവന്റെ വചനങ്ങളെയും സ്വന്തം ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിക്കുന്ന ഒരുപാട് സംഭവങ്ങൾ നാം കാണുന്നുണ്ട്. അധരംകൊണ്ട് ക്രിസ്ത്യാനിയാണെന്നു പ്രഖ്യാപിക്കുകയും എന്നാൽ ജീവിതത്തിൽ ദൈവത്തിൽനിന്ന് അകലുകയും ചെയ്യുന്ന നമ്മുടെയൊക്കെ മനോഭാവങ്ങളെ ഒന്ന് ആത്മശോധന ചെയ്യാം. ക്രിസ്തുവിന്റെ വചനം എന്നും ഹൃദയത്തിലും ജീവിതത്തിലും ഉണ്ടാകട്ടെ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.