ലത്തീൻ: ഫെബ്രുവരി 09 ഞായർ, ലൂക്കാ 5: 1-11 ക്രിസ്തുശിഷ്യത്വത്തിനുള്ള യോഗ്യത

വി. ലൂക്കായുടെ സുവിശേഷം അഞ്ചാം അധ്യായം ഒന്നുമുതൽ 11 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. വി. ലൂക്കാ സുവിശേഷമനുസരിച്ച്, ക്രിസ്തു തന്റെ ആദ്യശിഷ്യന്മാരെ തെരഞ്ഞെടുക്കുന്ന വചനഭാഗമാണിത്. തങ്ങളുടെ അധ്വാനമെല്ലാം നിഷ്ഫലമായി, നിരാശരായി മടങ്ങുന്ന ഒരുഗണം മുക്കുവരുടെ പക്കലേക്കു കടന്നുവന്ന് ഒരിക്കൽകൂടി ആഴത്തിലേക്കു വലയിറക്കാൻ ക്രിസ്തു പറയുന്നു. പ്രതീക്ഷയില്ലാതെയും നിരാശയോടെയും അവർ വലയിറക്കുന്നു. ക്രിസ്തുവിലുള്ള ആശ്രയത്താൽ അവരുടെ പരിശ്രമം അവർക്ക് വിശ്വസിക്കാനാവാത്തവിധം വലിയ ഒരു വിജയപ്രയത്നമായി മാറുന്നു. പക്ഷേ, പത്രോസ് ക്രിസ്തുവിന്റെ മുൻപിൽ നിരത്തുക തന്റെ അയോഗ്യതകളെയാണ്. എന്നാൽ, പത്രോസിന്റെ ആ അയോഗ്യതകളാണ് ക്രിസ്തുവിന്റെ ഒന്നാം ശിഷ്യനാകാനുള്ള അവന്റെ യോഗ്യതയായി മാറിയതും.

പലപ്പോഴും നമ്മുടെയൊക്കെ ജീവിതങ്ങളിലും ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും ക്രിസ്തുവാണ് എല്ലാത്തിന്റെയും ഉത്തരം എന്ന് മറക്കാതിരിക്കാം. ക്രിസ്തുവിൽ ആശ്രയിച്ചവരെല്ലാം വിജയം മാത്രമേ നേടിയിട്ടുള്ളൂവെന്നതിന് സുവിശേഷവും ചരിത്രവും സാക്ഷിയാണ്. അതുകൊണ്ട്, സാധ്യമല്ല എന്ന് നമുക്കു തോന്നുന്ന നമ്മുടെ നിയോഗങ്ങളെ ക്രിസ്തുവിൽ അർപ്പിച്ചു പ്രാർഥിക്കാം. നമ്മുടെ അയോഗ്യതകളാണ് ക്രിസ്തുവിന്റെ സ്വന്തമായിത്തീരാനുള്ള നമ്മുടെ യോഗ്യതകൾ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.