ലത്തീൻ: ഫെബ്രുവരി 08 ശനി, മർക്കോ. 6: 30-34 ക്രിസ്തുവിന്റെ അനുകമ്പ

തങ്ങളുടെ ജീവിതത്തിൽ ആദ്യമായി നടത്തിയ പ്രേഷിതപ്രവർത്തനങ്ങളുടെ വിജയകഥകളെ അവതരിപ്പിക്കാൻ ക്രിസ്തുവിന്റെ മുന്നിലേക്കെത്തുന്ന ശിഷ്യർ. എന്നാൽ ക്രിസ്തുവാകട്ടെ, തന്റെ മുന്നിലേക്ക് ഓടിയെത്തുന്ന ജനസഞ്ചയത്തെ നോക്കി അവരോട് അനുകമ്പ കാട്ടുന്നു. വി. മർക്കോസിന്റെ ഈ അവതരണം നമുക്കു തരുന്ന സന്ദേശം ഒരോ ക്രിസ്തുശിഷ്യന്റെ ജീവിതവും 24 x 7 ആയിരിക്കണം എന്നതാണ്. അതായത്, വിശ്രമമില്ലാതെ സ്വർഗരാജ്യത്തിനായി പ്രവർത്തിക്കേണ്ടവനാണ് എന്ന്.

ക്രിസ്തുവിന്റെ സുവിശേഷം മറ്റുള്ളവർക്ക് തന്റെ ജീവിതത്തിലൂടെ നൽകാൻ നിതാന്തം പരിശ്രമിക്കേണ്ടവനാണ് ക്രിസ്തുശിഷ്യൻ. അതിന് ഒരു ക്രൈസ്തവന് ഏറ്റവും ആവശ്യം പരിശുദ്ധാത്മാവിന്റെ സഹായമാണ്. ആത്മാവിൽ നിറഞ്ഞ ശ്ലീഹന്മാർ സുവിശേഷം പ്രഘോഷിക്കാനായി വിശ്രമമില്ലാതെ ഓടിനടക്കുന്നത് നടപടി പുസ്തകം വ്യക്തമാക്കുന്നുണ്ട്. ഫ്രാൻസിസ് പാപ്പ പഠിപ്പിക്കുന്നു: “ക്രിസ്തുശിഷ്യൻ ആവുകയെന്നാൽ, ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവർക്കു നൽകാൻ എപ്പോഴും സന്നദ്ധതയുള്ള വ്യക്തിയായി മാറുക എന്നതാണ്.” അതിനായി പ്രത്യേക ഇടങ്ങൾ വേണമെന്നില്ല. ആയിരിക്കുന്ന ഇടങ്ങളിൽ ക്രിസ്തുവിന്റെ സ്നേഹം പകർന്നുനൽകാൻ നമുക്കു സാധിക്കണം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.