![blue-columbine-flower](https://i0.wp.com/www.lifeday.in/wp-content/uploads/2023/01/blue-columbine-flower.webp?resize=696%2C464&ssl=1)
വി. മത്തായിയുടെ സുവിശേഷം പത്താം അധ്യായം 17 മുതൽ 22 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. വചനം പറയുന്നു: “എന്റെ നാമത്തെപ്രതി സർവരാലും നിങ്ങൾ ദ്വേഷിക്കപ്പെടും. എങ്കിലും അവസാനം വരെ സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും.”
ക്രിസ്തുവിനെ അനുഗമിക്കുന്ന ക്രിസ്ത്യാനി സഹനങ്ങളെ സ്വീകരിക്കാൻ തയ്യാറാവണം. ഒരുപക്ഷേ ആ സഹനങ്ങൾ രക്തസാക്ഷിത്വം മാത്രമാവണമെന്നില്ല, ജീവിതയാത്രയിൽ നേരിടേണ്ടിവരുന്ന ദുഃഖങ്ങളും സങ്കടങ്ങളും നഷ്ടപ്പെടലുകളും രോഗങ്ങളും വേദനകളുമെല്ലാം ഈ ജീവിതത്തിലെ സഹനങ്ങളാകാം. വിശുദ്ധരുടെ ജീവിതത്തിലും സഹനങ്ങൾ പലവിധമായിരുന്നല്ലോ. എങ്കിലും അവയെ ക്രിസ്തുവിനോടുചേർന്ന് സഹിക്കുമ്പോഴാണ് നമ്മുടെ സഹനങ്ങളും രക്ഷാകരമാകുന്നത്.
വിശുദ്ധരെപ്പോലെ സഹനങ്ങൾക്കു നടുവിലും സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി ദൈവത്തെ സ്തുതിക്കാൻ നമുക്കാകട്ടെ. ഫ്രാൻസിസ് പാപ്പ ഇപ്രകാരം പഠിപ്പിക്കുന്നു: “കൈസ്തവൻ എപ്പോഴും ക്രിസ്തുവിൽ പ്രത്യാശ കണ്ടെത്തണം.” ക്രിസ്തുവിൽ പ്രത്യാശ കണ്ടെത്തുന്ന നല്ല ക്രൈസ്തവരായി മാറാൻ നമുക്ക് പ്രാർഥിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS