വി. മർക്കോസിന്റെ സുവിശേഷം ആറാം അധ്യായം ഒന്നു മുതൽ ആറു വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ഒരു സാബത്തുദിവസം ക്രിസ്തു സിനഗോഗിൽ പ്രവേശിക്കുന്നതും അവിടെവച്ച് കൈ ശോഷിച്ച ഒരാൾക്ക് രോഗശാന്തി നൽകുന്നതും തുടർന്ന് ഫരിസേയരാൽ ചോദ്യം ചെയ്യപ്പെടുന്നതും അവർക്ക് ക്രിസ്തു നൽകുന്ന ഉത്തരവുമാണ് ഇന്നത്തെ തിരുവചനത്തിന്റെ സാരാംശം. ക്രിസ്തുവിൽ കുറ്റമാരോപിക്കാൻവേണ്ടി ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരുകൂട്ടം ഫരിസേയരെയാണ് വചനം ഇവിടെ എടുത്തുകാട്ടുന്നത്. ക്രിസ്തു ചെയ്ത നന്മപ്രവർത്തിയല്ല അവർ കണ്ടത്, മറിച്ച് അവനോട് അവർക്കുണ്ടായ വെറുപ്പും വിദ്വേഷവും അവർ പരസ്യമായി പ്രകടമാക്കുകയാണ് ഇവിടെ.
പലപ്പോഴും നമ്മുടെയൊക്കെ ജീവിതങ്ങളിലും ഇങ്ങനെ സംഭവിക്കാറില്ലേ? മറ്റുള്ളവർ ചെയ്യുന്ന നന്മകളെ കാണാതെ അവരിലുള്ള ചെറിയ തെറ്റുകളെപ്പോലും ഉയർത്തിക്കാട്ടി അവരെ വിമർശിക്കുന്ന മനോഭാവം നമ്മിലും ഇല്ലേ? ഒരുപക്ഷേ, എന്റെ സഹോദരനോട് എനിക്കുള്ള വിദ്വേഷവും അസൂയയും ആയിരിക്കണം ഇതിന്റെ പിറകിലുള്ള കാരണം. ജീവിതത്തിൽ മറ്റുള്ളവരുടെ നന്മയെ കാണാനുള്ള മനോഭാവം ഓരോ ക്രൈസ്തവനും ഉണ്ടാകണമെന്ന് ഇന്നത്തെ സുവിശേഷഭാഗം നമ്മോട് ആഹ്വാനം ചെയ്യുകയാണ്. അതാണ് ഓരോ ക്രൈസ്തവനും ഉണ്ടായിരിക്കേണ്ട ക്രിസ്തുമനോഭാവവും. മറ്റുള്ളവരിലെ നന്മയെ കാണുമ്പോൾ അവരെ വിമർശിക്കുന്നവരാകാതെ നന്മയെ പ്രോത്സാഹിപ്പിക്കുന്ന നല്ല വ്യക്തിത്വങ്ങളായി മാറാൻ നമുക്ക് പരിശ്രമിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS