കാറ്റിനെയും കടലിനെയും ശാന്തമാക്കുന്ന ക്രിസ്തുവിന്റെ അദ്ഭുതശക്തിയെ പ്രകീർത്തിക്കുന്ന മർക്കോസ് സുവിശേഷകന്റെ വചനഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ പലരും മുക്കുവരായിരുന്നു എന്നത് വചനം സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ്. അതായത്, വൻതിരമാലകളും കാറ്റും കോളുമെല്ലാം ജീവിതത്തിന്റെ ദൈനംദിന തൊഴിലിനിടയിൽ ഏറെ പരിചിതരായ വ്യക്തികൾ. കാറ്റിലും കോളിലും ശിഷ്യർ ഭയചകിതരാകുമ്പോഴും ക്രിസ്തു അമരത്ത് കിടന്ന് ഉറങ്ങുകയായിരുന്നു എന്നും വചനം സാക്ഷ്യപ്പെടുത്തുന്നു.
ഇന്ന് ക്രൈസ്തവജീവിതം ഏറെ വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ക്രിസ്തുവിനെയും കുരിശിനെയും ക്രൈസ്തവനെയും എല്ലാം അപമാനിക്കാൻ തക്കംനോക്കി നിൽക്കുന്നവരുടെ എണ്ണവും ഇന്ന് കുറവല്ല. ആരംഭം മുതലേ ഒരുപാട് പീഡനങ്ങളിലൂടെയും വെല്ലുവിളികളിലൂടെയുമൊക്കെ കടന്നുപോയിട്ടുണ്ടെങ്കിലും സഭ ഇതുവരെയും തളരുകയല്ല, വളരുക മാത്രമേ ചെയ്തിട്ടുള്ളൂ. കാരണം, മിശിഹായാണ് സഭയാകുന്ന ഈ നൗകയുടെ അമരക്കാരൻ. അതുകൊണ്ട് ക്രിസ്തുവിൽ പ്രത്യാശയർപ്പിച്ച് തിരുസഭയുടെ നല്ല മക്കളായി നമുക്കു ജീവിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS