ഇന്ന് തിരുസഭ വി. ഡോൺ ബോസ്കോയുടെ തിരുനാൾ ആഘോഷിക്കുകയാണ്. വി. മർക്കോസിന്റെ സുവിശേഷം നാലാം അധ്യായം 26 മുതൽ 34 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ഈ വചനഭാഗത്ത് ക്രിസ്തു ദൈവരാജ്യത്തെ കടുകുമണിയോടാണ് ഉപമിച്ചാണ് പ്രതിപാദിക്കുന്നത്. ഏറ്റവും ചെറിയ ഒരു വിത്ത് പിന്നീട് വളർന്ന് ധാരാളം ഫലം പുറപ്പെടുവിക്കുന്ന ഒരു വൃക്ഷമായി മാറുന്നു. അത് അനേകം ഫലം പുറപ്പെടുവിക്കുകയും അതോടൊപ്പം തന്നെ ധാരാളം പക്ഷികൾക്ക് തണലൊരുക്കാൻ തക്കവിധം ബലമുള്ളതാകുകയും ചെയ്യുന്നു.
സഭ വളർന്നത് എളിയവരായ അനേകം ദാസന്മാരുടെ അധ്വാനത്തിലൂടെയും രക്തസാക്ഷിത്വത്തിലൂടെയാണ്. നമ്മുടെ കഴിവോ, നിറവോ കണ്ടിട്ടല്ല ക്രിസ്തു നമ്മളെ തിരഞ്ഞെടുത്തിരിക്കുന്നത്. അവനിലുള്ള ആശ്രയത്തിൽ വിശ്വസ്തതയോടെ എന്റെ സഭയ്ക്കായി ഞാൻ പ്രയത്നിക്കുമെന്ന വിശ്വാസമുള്ളതുകൊണ്ടാണ്. വചനം ഇപ്രകാരം പറഞ്ഞുവയ്ക്കുന്നു: “ചെറിയ കാര്യത്തിൽ വിശ്വസ്തൻ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും” എന്ന്.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS