മർക്കോസിന്റെ സുവിശേഷം നാലാം അധ്യായം 21 മുതൽ 25 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. വിളക്ക് കൊണ്ടുവരുന്നത് കട്ടിലിന്റെ അടിയിലോ, പറയുടെ കീഴിലോ വയ്ക്കാനല്ല, മറിച്ച് പീഠത്തിന്മേൽ വയ്ക്കാനാണ് എന്ന് ക്രിസ്തു പഠിപ്പിക്കുകയാണ്. നമ്മുടെ ജീവിതത്തിലെ വെളിച്ചത്തെ മറ്റുള്ളവർക്കുമുമ്പിൽ പ്രകാശിപ്പിക്കാൻ നമ്മോട് ആഹ്വാനം ചെയ്യുകയാണ് ഈ വചനത്തിലൂടെ. പറ എന്നത് ധാന്യം അളക്കുന്ന ഒരു പാത്രമാണ്. കട്ടിലാകട്ടെ വിശ്രമിക്കാനുള്ളതും. ജീവിതത്തിൽ സുഖലോലുപതയും അലസതയും കൈവെടിഞ്ഞ് നമ്മുടെ ജീവിതത്തിലെ പ്രകാശത്തെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ നാം കടപ്പെട്ടിരിക്കുന്നു എന്നാണ് ഇത് അർഥമാക്കുന്നത്.
ദൈവം നമുക്കു നൽകിയ പ്രകാശത്തെ, അത് ചിലപ്പോൾ ഒരു മെഴുതിരിയുടെ ആയുസ്സ് മാത്രമേ ഉള്ളുവെങ്കിൽപോലും ഉള്ളതിനെ മറ്റുള്ളവർക്കുമുൻപിൽ പ്രകാശിപ്പിക്കുന്നവരായി മാറാൻ നാം കടപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ നമുക്ക് കിട്ടിയ ആ പ്രകാശത്തെ നമ്മുടെ അലസത കൊണ്ടോ, സുഖലോലുപത കൊണ്ടോ നശിപ്പിച്ചാൽ പിന്നീട് അതിനെക്കുറിച്ച് സങ്കടപ്പെട്ടിട്ടോ, നിരാശപ്പെട്ടിട്ടോ യാതൊരു കാര്യമില്ല. ക്രിസ്തു പറയുന്നു, നിങ്ങൾ അളക്കുന്ന അളവിൽതന്നെ നിങ്ങൾക്കും അളന്നുകിട്ടും എന്ന്. ജീവിതത്തിലെ ഒരു മിന്നാമിന്നിവെട്ടം പോലും മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിക്കാൻ നമുക്ക് സാധിക്കട്ടെ.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS