സ്വർഗരാജ്യത്തെക്കുറിച്ചു പഠിപ്പിക്കാൻ ക്രിസ്തു ഉപയോഗിക്കുന്ന ഏറ്റവും മനോഹരമായ ഉപമയാണ് വിതക്കാരന്റെ ഉപമ. വിത്ത് വിതയ്ക്കാനായി പുറപ്പെടുന്ന കൃഷിക്കാരന്റെ പ്രതീക്ഷയും സ്വപ്നവും നൂറുമേനി വിളവാണെങ്കിലും വചനമനുസരിച്ച്, അതിൽ ചിലതു മാത്രമാണ് കൃഷിക്കാരന്റെ പ്രതീക്ഷയ്ക്കൊത്ത് വിളവ് നൽകുന്നത്.
ജീവിതത്തിൽ ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളും പുലർത്തി ജീവിക്കുന്നവരാണ് നമ്മൾ. എങ്കിലും നമ്മുടെ പ്രതീക്ഷകൾക്കു വിപരീതമായി ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിക്കുമ്പോൾ നമ്മുടെ വിശ്വാസത്തെയാണ് പലപ്പോഴും നമ്മൾ ചോദ്യം ചെയ്യുക. പ്രതിസന്ധികളുണ്ടാകുമ്പോൾ നമ്മുടെ വിശ്വാസജീവിതത്തിൽ, പാറമേൽ വീണ വിത്തുപോലെ വാടിത്തളരുന്നവരാണ് നമ്മൾ. എന്നാൽ പ്രശ്നങ്ങളും പ്രതിസന്ധികളും ദൈവത്തോടൊത്ത് അതിജീവിക്കുമ്പോഴാണ് വിശ്വാസജീവിതത്തിൽ കൂടുതൽ ഉറപ്പുണ്ടാകുന്നത്.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS