ലത്തീൻ: ജനുവരി 28 ചൊവ്വ, മർക്കോ. 3: 31-35 ക്രിസ്തുവിന്റെ അമ്മയും സഹോദരരും

ഇന്ന് തിരുസഭ വി. തോമസ് അക്വീനാസിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. വി. മർക്കോസിന്റെ സുവിശേഷം മൂന്നാം അധ്യായം 31 മുതൽ 35 വരെയുള്ള തിരുവചനങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തുവിന്റെ മനസ്സും ജീവിതവും സ്വപ്നങ്ങളുമെല്ലാം സ്വർഗരാജ്യം മാത്രമായിരുന്നു. അതുകൊണ്ടാവണം തന്റെ മുൻപിൽ കടന്നുവന്നവരെ അവിടുന്ന് സ്വർഗരാജ്യം എന്തെന്നു പഠിപ്പിച്ചതും തന്റെ മുൻപിൽ കണ്ടുമുട്ടിയതിനെയെല്ലാം സ്വർഗരാജ്യത്തോടു ബന്ധപ്പെടുത്തി സംസാരിച്ചതും.

വിശുദ്ധ മാമോദീസായാൽ നാം ഓരോരുത്തരും ക്രിസ്തുവിന്റെ സഭയുടെ ഭാഗമാണ്. അതായത്, തിരുസഭയാകുന്ന കുടുംബത്തിലെ അംഗങ്ങളാണ്. ഒരു ക്രൈസ്തവനെന്ന നിലയിൽ സഭയെ സ്നേഹിക്കാൻ, അതിനെ പടുത്തുയർത്താൻ കടപ്പെട്ടവരാണ് നമ്മൾ. സഭയുടെ ഉയർച്ചകളിൽ അവളോടൊത്തു സന്തോഷിക്കേണ്ടതും സഭയുടെ തളർച്ചയിലും തകർച്ചയിലും അവൾക്കായി പ്രാർഥിക്കേണ്ടതും പ്രവർത്തിക്കേണ്ടതും ക്രിസ്തുവിന്റെ മൗതികശരീരമായ തിരുസഭയെ സംരക്ഷിക്കേണ്ടതും സഭാംഗങ്ങളായ നമ്മുടെ കടമയാണ്. ഏറെ വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ സഭയ്ക്കായി പ്രാർഥിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.