ലത്തീൻ: ജനുവരി 24 വെള്ളി, മർക്കോ. 3: 13-19 ക്രിസ്തുവിനാൽ തിരഞ്ഞെടുക്കപ്പെട്ടവർ

ഇന്ന് തിരുസഭ വി. ഫ്രാൻസിസ് സാലസിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. വി. മർക്കോസിന്റെ സുവിശേഷം മൂന്നാം അധ്യായം 13 മുതൽ 19 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം.

ക്രിസ്തു തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു എന്ന് പറഞ്ഞുകൊണ്ട് ശിഷ്യരെ തിരഞ്ഞെടുക്കുന്ന വചനഭാഗം മർക്കോസ് സുവിശേഷം വളരെ ഹൃദയസ്പർശകമായി അവതരിപ്പിക്കുകയാണിവിടെ. തനിക്ക് ഇഷ്ടപ്പെട്ടതിനെ സ്വന്തമായി കരുതുന്ന ദൈവത്തെ വചനഭാഗത്തുടനീളം നമ്മൾ കാണുന്നുണ്ട്. ഇസ്രായേൽ ജനത്തെ സ്വന്തം ജനം എന്നാണ് വചനം വിശേഷിപ്പിക്കുന്നത്. ഇതുപോലെ മർക്കോസ് സുവിശേഷവും ക്രിസ്തുവിന്റെ അപ്പസ്തോലന്മാരെ തനിക്ക് ഇഷ്ടമുള്ളവർ എന്ന വിശേഷണത്താൽ പരാമർശിക്കുന്നു. ക്രിസ്തു തന്റെ അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുക, കൂടെയായിരിക്കാനും തന്റെ രാജ്യം പ്രഘോഷിക്കാൻ അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്കരിക്കാനുമായിട്ടുമാണ്. ക്രിസ്തു സ്വന്തമാക്കിയിട്ടുള്ളവരെല്ലാം ക്രിസ്തുവിന്റെ ദൗത്യങ്ങൾ നിറവേറ്റുന്നവരായിരിക്കണമെന്നും വചനം ഓർമിപ്പിക്കുകയാണ് ഇവിടെ..

ക്രിസ്തുവിനെ അനുഗമിക്കുന്ന ഒരു ക്രൈസ്തവൻ എന്ന നിലയിൽ ഞാനും ക്രിസ്തുവിനാൽ തിരഞ്ഞെടുക്കപ്പെട്ടവനാണ്. ക്രിസ്തുവിന്റെ സുവിശേഷത്തെ പ്രഘോഷിക്കാനും ക്രിസ്തുവിന്റെ കൂടെ ആയിരിക്കാനും അവനോടുകൂടെ ചേർന്നുനിൽക്കാനും എനിക്ക് സാധിക്കണം. എങ്കിലേ ക്രൈസ്തവൻ എന്ന തിരഞ്ഞെടുപ്പിന് ഞാൻ അർഹനാവുകയുള്ളൂ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.