വി. യോഹന്നാന്റെ സുവിശേഷം രണ്ടാം അധ്യായം ഒന്നു മുതൽ 11 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. വി. യോഹന്നാന്റെ സുവിശേഷമനുസരിച്ച്, ഈശോ പ്രവർത്തിച്ച ആദ്യത്തെ അദ്ഭുതമാണ് കാനായിലെ കല്യാണവിരുന്ന്. പരിശുദ്ധ അമ്മയുടെ സാന്നിധ്യവും ഈ അദ്ഭുതത്തിന് ഒരു പ്രത്യേകതയാകുന്നുണ്ട്. വിവാഹം നടക്കുന്ന ആ വീട് അതിഥികളാൽ നിറഞ്ഞിരുന്നെങ്കിലും ക്രിസ്തുവിന്റെ സാന്നിധ്യം ആ കുടുംബത്തിന് ഒരു പ്രത്യേക അനുഗ്രഹമാകുന്നു. വീഞ്ഞ് തീർന്നുപോയപ്പോൾ ആ കുടുംബത്തെ രക്ഷിക്കാൻ പരിശുദ്ധ അമ്മ ക്രിസ്തുവിന്റെ മുമ്പിൽ മധ്യസ്ഥയാകുന്നതും ക്രിസ്തു ആ കുടുംബത്തിന് ഏറ്റവും അനുയോജ്യമായത് നൽകുന്നതുമെല്ലാം ഈ വചനഭാഗം നമുക്കു തരുന്ന പാഠമാണ്.
പരിശുദ്ധ അമ്മ സാന്നിധ്യത്തിന്റെ കൂദാശയാണ് എന്നാണ് വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ പഠിപ്പിക്കുന്നത്. ആ കുടുംബത്തിന് ക്രിസ്തുസാന്നിധ്യത്തിന്റെ വലിയ മാഹാത്മ്യം എന്തെന്ന് കാട്ടിത്തരുന്നതായിരുന്നു പരിശുദ്ധ അമ്മയുടെ സാന്നിധ്യം. ജീവിതത്തിൽ നാം എത്രയൊക്കെ നേടിയാലും, എന്തൊക്കെ സ്വന്തമാക്കിയാലും ക്രിസ്തുവില്ലെങ്കിൽ എല്ലാം ഫലശൂന്യമാകും. അതുകൊണ്ട്, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യവും ക്രിസ്തുവിന്റെ സാന്നിധ്യവും നമ്മുടെ കുടുംബത്തിൽ എപ്പോഴും ഉണ്ടായിരിക്കണം. ക്രിസ്തുവില്ലാത്ത ജീവിതങ്ങൾ പച്ചവെള്ളത്തിനു തുല്യമാണെന്ന് വചനം പഠിപ്പിക്കുന്നു.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS